ആരാധകരാണ് എനിക്കെല്ലാം: മമ്മൂട്ടി പറയുന്നു
Saturday, September 23, 2023 2:58 PM IST
ആരാധകരെ കുറിച്ച് വാചാലനായി നടൻ മമ്മൂട്ടി. ആരാധകരാണ് തനിക്കെല്ലാമെന്നും ചിലപ്പോൾ ചിലർക്കെങ്കിലും തന്നോട് ദേഷ്യം കാണുമെന്നും മമ്മൂട്ടി പറയുന്നു. റിലീസിനൊരുങ്ങുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ പ്രമോഷനിടയിലെയാണ് താരം ആരാധകരെകുറിച്ച് വാചലനായത്.
ആരാധകർ ആണ് എല്ലാം. പലതരം ആരാധന ഉണ്ട് നമുക്ക്. ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ. ഭയങ്കര ഇഷ്ടമാണ്. പക്ഷേ ചില ആളുകൾ നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരി പേർക്ക് എന്നോട് ദേഷ്യമുണ്ട്. ഇതേ ആരാധകർക്ക്.
അതെന്റെ തന്നെ കുറ്റം കൊണ്ടാവില്ല. സിനിമ ചീത്തയാവുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല. ഞാൻ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിനും ഞാൻ മാത്രമല്ല ഉത്തരവാദി.
അതൊന്ന് ആരാധകർ മനസിലാക്കിയാൽ മതി. അത്രത്തോളം സ്നേഹം എന്നോട് കാണിക്കണം മമ്മൂട്ടി പറഞ്ഞു. പിറന്നാൾ ദിനത്തിൽ വീടിന് മുന്നിൽ വരുന്ന ആരാധകരെ കുറിച്ചും മമ്മൂട്ടി സംസാരിച്ചു. അവരോട് വരണ്ടെന്ന് പറയാൻ പറ്റില്ലല്ലോ.
ചീത്ത പറയാനൊന്നും അല്ലല്ലോ. ബർത്ത്ഡേ വിഷിനല്ലേ. അവരുടെ അടുത്തു പോയാൽ ചിലപ്പോൾ നമുക്ക് അത്ര സുഖമാവില്ല. അതുകൊണ്ട് വീടിന്റെ മുകളിൽ നിന്ന് കൈ കാണിച്ചാൽ അവർ ഹാപ്പി ആണ്.
ഇത്തവണ ഞാൻ കുറച്ച് കേക്ക് ഒക്കെ വാങ്ങിച്ച് വച്ചിരുന്നു. കഴിഞ്ഞ തവണ ചെറിയൊരു കേക്ക് ആയിരുന്നു. അതൊന്നും ആർക്കും എത്തിയില്ല. ഇത്തവണ ഒത്തിരി വാങ്ങിച്ചു. എല്ലാവർക്കും കൊടുത്തു. സന്തോഷം കൊണ്ടല്ലേ ഇതൊക്കെ. മമ്മൂട്ടി പറഞ്ഞു.