"കുട്ടിയുടെ പേര് ഇന്ത്യ' ചിരിപ്പിക്കാൻ വിനയ് ഫോർട്ട് ചിത്രം; സോമന്റെ കൃതാവ് വെള്ളിയാഴ്ച എത്തും
Wednesday, October 4, 2023 11:52 AM IST
വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ റിലീസിനൊരുങ്ങുന്നു.
ചിത്രം ഒക്ടോബർ ആറിന് തിയറ്ററുകളിൽ എത്തും. കംപ്ലീറ്റ് കോമഡി എന്റര്ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് എത്തുന്നത്.
പ്രത്യേക സ്വാഭാവമുള്ള സോമന് എന്ന യുവാവിന്റെ വിവാഹവും അതിന് അനുബന്ധമായി നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റേതായി ഇപ്പോൾ ഇറങ്ങിയ ഒരു ഗാനവും പ്രേക്ഷകശ്രദ്ധ നേടി മുന്നേറുകയാണ്. കെ.എസ്. ഹരിശങ്കർ പാടി പി.എസ്.ജയ്ഹരി ഈണമിട്ട ഗാനം ഇതിനോടകം അഞ്ചുലക്ഷത്തിലധികം പേരാണ് കണ്ടു കഴിഞ്ഞത്.
പാരിടം തളിരുനാന്പിനാൽ എന്നു തുടങ്ങുന്ന ഗ്രാമീണ അന്തരീക്ഷത്തിലൊരുക്കിയിരിക്കുന്ന ഗാനം ഹിറ്റ്ലിസ്റ്റിൽ ഇടം നേടികഴിഞ്ഞു.
ചിത്രത്തിന്റേതായി പുറത്തിറക്കിയ രണ്ടാമത്തെ ടീസറും വൈറലായിരുന്നു. രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ ടീസറിലെ ഇന്ത്യ പ്രയോഗമാണ് വൈറലായത്.
മകളെ സ്കൂളിൽ ചേർക്കാൻ കൊണ്ടു പോകുന്ന സോമനും ഭാര്യയും പ്രധാനാധ്യാപകനുമായി നടത്തുന്ന സംഭാഷണമാണ് ടീസറിൽ. വാട്ട് ഈസ് യുവർ നെയിം ? എന്നു ചോദിക്കുന്പോൾ "ഐ ആം ഇന്ത്യ" എന്നു പറയുന്നതാണ് ശ്രദ്ധേയം.
കുട്ടിക്ക് സോമൻ ഇട്ട പേര് ഇന്ത്യ എന്നാണ്. മറ്റൊരു പേരും സോമൻ കുഞ്ഞിനായി കണ്ടുവച്ചിരുന്നുവെന്നുള്ളതും ടീസറിൽ ആസ്വാദകരെ പൊട്ടിച്ചിരിപ്പിക്കും.
കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് ചിത്രത്തിലെ നായിക.
തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി. നായർ എന്നിവർക്കൊപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ചവരിൽ നിന്നും തെരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റർ വർക്സ് സ്റ്റുഡിയോസ് രാഗം മൂവീസ് രാ ജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു.
ഉണ്ട, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഛായാഗ്രാഹണം നിർവഹിച്ച സുജിത്ത് പുരുഷൻ ആണ് ഛായാഗ്രാഹണം.