പിതാമഗൻ നിർമാതാവ് വി.എ.ദുരൈ അന്തരിച്ചു
Wednesday, October 4, 2023 2:30 PM IST
തമിഴ് നിർമാതാവ് വി.എ. ദുരൈ (69) അന്തരിച്ചു. പിതാമഗൻ ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് അടുത്തിടെ അദ്ദേഹത്തിന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. ഇതിനു പിന്നാലെ ശരീരഭാരം കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു.
എവർഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണ കമ്പനിയുടെ ഉടമയായിരുന്നു വി എ ദുരൈ. സിനിമയിൽ നിന്നുണ്ടായ സാമ്പത്തിക ബാധ്യതയെ തുടർന്ന് കിടപ്പാടം പോലും അദ്ദേഹത്തിന് നഷ്മായിരുന്നു. തുടർന്ന് ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
തന്റെ അവസ്ഥ ചൂണ്ടിക്കാണിച്ച് അദ്ദേഹം ഒരു വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. വീഡിയോ ശ്രദ്ധയിൽപെട്ടതോടെ ദുരൈക്ക് സാമ്പത്തിക സഹായവുമായി നടന്മാരായ രജനീകാന്ത്, സൂര്യ, വിക്രം, രാഘവ ലോറൻസ്, കരുണാസ് തുടങ്ങിയവർ എത്തിയിരുന്നു.
ബാലയുടെ സംവിധാനത്തിൽ 2003-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പിതാമഗൻ. ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.