മോഹൻലാലിന്റെ മകളായി കല്യാണി; ബിന്ദുപണിക്കരുടെ മകളുടെ ആദ്യചിത്രം "റന്പാൻ'
Monday, October 30, 2023 3:56 PM IST
മോഹൻലാലിന്റെ മകളായി സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുക. ഏറ്റവും പ്രധാന്യമുള്ള വേഷമാകും ചിത്രത്തിൽ കല്യാണിയുടേതെന്ന് തിരക്കഥാകൃത്ത് ചെന്പൻ വിനോദും പറഞ്ഞു.
‘എല്ലാ വിധി തരികിടകളുമായി ചെറുപ്പത്തിൽ ജീവിച്ച്, വളർന്നപ്പോൾ നന്നായ ഒരാളാണ് റമ്പാനെന്ന് തൽക്കാലം കരുതാം. റമ്പാൻ എന്നു പറയുന്ന കഥാപാത്രത്തിനെപ്പോലെ തന്നെ കയ്യിലിരിപ്പുള്ള ഒരു മകളുണ്ട് സിനിമയിൽ.
മകളുടെയും അപ്പന്റെയും കഥയാണ് റമ്പാൻ. ഒരു പുതിയമുഖം വേണമെന്നൊരു ഐഡിയ ആദ്യം തന്നെ ഉണ്ടായിരുന്നു. കുറേപ്പെരെ അതിനായി അന്വേഷിച്ചു.
നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സായികുമാറിന്റെയും ബിന്ദു പണിക്കരുടെയും മകൾ കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.’’ ചെന്പൻ വിനോദ് പറഞ്ഞു.
‘‘ഇത്ര വലിയൊരു പ്ലാറ്റ്ഫോം തന്നതിന് എല്ലാവർക്കും നന്ദി. ഒരു മിനിറ്റെങ്കിലും മോഹൻലാലിന്റെ മകളായി അഭിനയിക്കുക, എന്നത് സ്വപ്നമാണ്.
ആത്മവിശ്വാസമുണ്ട്, എല്ലാം നന്നായി വരുമെന്നാണ് വിശ്വസിക്കുന്നത്. ലാലേട്ടനൊപ്പം ഒരു സജഷൻ ഷോട്ട് കിട്ടുക എന്നത് തന്നെ എല്ലാവരുടയും സ്വപ്നമാണ്. കല്യാണി പറഞ്ഞു.
സമീർ താഹിർ ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്. കോസ്റ്റ്യൂം മാഷർ ഹംസ. മേക്കപ്പ് റോണക്സ് സേവ്യർ. എഡിറ്റിംഗ് വിവേക് ഹർഷൻ.
ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക. ചെമ്പോസ്കി മോഷൻ പിക്ചേർസ്, എയ്ൻസ്റ്റീൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോസ് ചേർന്നാണ് നിർമാണം.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്. ലെല ഓ ലൈല എന്ന ചിത്രമാണ് മോഹൻലാൽ–ജോഷി കൂട്ടുകെട്ടില് അവസാനം പുറത്തിറങ്ങിയത്.
2024 ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 വിഷു റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും.