വിജയ് ആരാധകർക്കായി ലിയോ ഒടിടിയിൽ
Wednesday, November 22, 2023 9:43 AM IST
വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോ ഒടിടിൽ പ്രദർശനത്തിനെത്തുന്നു. നവംബർ 24 മുതൽ നെറ്റഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം ആസ്വദിക്കാനാകും.
ഒക്ടോബർ 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ബോക്സ്ഓഫീസ് കളക്ഷനുകളെല്ലാം മറികടന്ന് വൻ വിജയമാണ് ചിത്രം നേടിയത്. കേരളത്തിൽ ഏറ്റവും വേഗത്തിൽ അൻപതു കോടി നേടുന്ന ആദ്യ ചിത്രമായും ലിയോ മാറിയിരുന്നു. 11 ദിവസം കൊണ്ട് 50 കോടി നേടിയ കെജിഎഫ് 2 വിന്റെ റെക്കോർഡ് ആണ് ‘ലിയോ’ കേരളത്തില്‍ മറികടന്നത്.
കേരളം, ആന്ധ്രപദേശ്, കർണാടക, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നും ആദ്യ ദിനം പത്തുകോടി കളക്ഷനാണ് ചിത്രം നേടിയത്.
മാസ്റ്റർ എന്ന ചിത്രത്തിനു ശേഷം വിജയ്യും ലോകേഷും വീണ്ടും ഒന്നിച്ച ചിത്രത്തിൽ തൃഷയായിരുന്നു നായിക. 14 വർഷത്തിന് ശേഷം വിജയ്യും തൃഷയും ഒന്നിച്ച ചിത്രമായിരുന്നു ലിയോ.
സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.
ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്നർ.