കുവൈറ്റിനും ഖത്തറിനും പിന്നാലെ സൗദിയിലും മമ്മൂട്ടിയുടെ കാതലിന് വിലക്ക്?
Wednesday, November 22, 2023 10:15 AM IST
മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തുന്ന കാതൽ ദ കോർ എന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തി ഗൾഫ് രാജ്യങ്ങൾ.
ഖത്തറിലും കുവൈറ്റിലും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സൗദി അറേബ്യയിലും ചിത്രം പ്രദര്‍ശിപ്പിക്കാൻ സെൻസർ ബോർഡ് അനുമതി നിഷേധിച്ചതായി റിപ്പോർട്ടുകൾ വരുന്നത്.
യുഎഇയിലെ വോക്സ് സിനിമാസിൽ നേരത്തെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു.
ചിത്രം കൈകാര്യം ചെയ്യുന്ന വിഷയമാണ് വിലക്കിന് കാരണമായതെന്നാണ് സൂചന. ചിത്രം നവംബർ 23നായിരുന്നു ഇവിടെയും റിലീസ് ചെയ്യേണ്ടിയിരുന്നത്.
നേരത്തെ വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മോൺസ്റ്ററിനും സമാനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എൽജിബിടിക്യു ഉള്ളടക്കത്തിന്റെ പേരിലാണ് അന്ന് ചിത്രത്തിന് ഒന്നിലധികം രാജ്യങ്ങളിൽ റിലീസ് നിഷേധിക്കപ്പെട്ടത്.
സിനിമയിൽ നിന്ന് പതിമൂന്ന് മിനിറ്റ് ട്രിം ചെയ്യണമെന്ന് സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടത് അനുസരിച്ചതിനെത്തുടർന്ന് ബഹ്റൈനിൽ നിരോധനം നീക്കിയിരുന്നു.