ചിത്രം മൊത്തമായി വിനായകൻ കൊണ്ടുപോയി; ധ്രുവനച്ചത്തിരത്തെ പ്രശംസിച്ച് ലിംഗുസാമി
Wednesday, November 22, 2023 2:26 PM IST
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരം സിനിമ മൊത്തത്തിൽ കൊണ്ടുപോയത് നടൻ വിനായകനാണെന്ന് സംവിധായകൻ ലിംഗുസാമി. ധ്രുവനച്ചത്തിരത്തിന്റെ ഫൈനൽ എഡിറ്റ് കണ്ടതിനുശേഷമാണ് ലിംഗുസാമി പ്രതികരിച്ചത്.
നായകനായ വിക്രം കൂൾ ആയിരുന്നെങ്കിൽ സിനിമയുടെ എല്ലാം വില്ലനായെത്തിയ വിനായകൻ കവർന്നെടുത്തു. ഹാരിസ് ജയരാജിനൊപ്പം ചേർന്ന് ഗൗതം മേനോൻ ഒരു രത്നംകൂടി തന്നു. ചിത്രത്തിന് വൻവിജയം നേർന്നുകൊണ്ടാണ് സംവിധായകൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നേരത്തേ സംവിധായകൻ ഗൗതം മേനോനും വിനായകന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരുന്നു. വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല.
അദ്ദേഹത്തിന്റെ ഡയലോഗുകളും സ്വാഗും മാനറിസവുമൊക്കെ മികച്ചതായിരുന്നു. ഒരു വില്ലനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് വിനായകൻ മികച്ചയാളാണെന്നും സിനിമ കണ്ടുനോക്കാനും പറയുന്നത്. ഈ സിനിമ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ് എന്നായിരുന്നു ഗൗതം മേനോൻ പറഞ്ഞത്.
വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ചിത്രം നവംബർ 24ന് റിലീസ് ചെയ്യും. ഒരു സ്പൈ ത്രില്ലറാണ് ചിത്രം. ആറ് വർഷം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.