പ്രണയം തകർന്നപ്പോൾ അതെന്നെ വല്ലാതെ വേദനിപ്പിച്ചു: നന്ദിനി പറയുന്നു
Wednesday, November 22, 2023 2:55 PM IST
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ പ്രിയങ്കരിയായി മാറിയ നടിയാണ് നന്ദിനി. സിനിമകളിൽ സജീവമല്ലെങ്കിലും സീരിയലുകളിലൂടെയും മറ്റ് ടെലിവിഷൻ പരിപാടികളിലൂടെയും ഇപ്പോഴും നിരവധി ആരാധകർ നന്ദിനിയ്ക്കുണ്ട്.
താരത്തിന്റെ സ്വകാര്യജീവിതത്തെ സംബന്ധിച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 43കാരിയായ നന്ദിനി അവിവാഹിതയാണ്. വിവാഹത്തെ കുറിച്ചും സിംഗിളായി ജീവിക്കുന്നതിനെകുറിച്ചുമാണ് താരം തുറന്നു പറയുന്നത്.
വിവാഹം എന്നത് പലപ്പോഴും അഭിമുഖങ്ങൾക്കെത്തുമ്പോൾ കേൾക്കുന്ന ചോദ്യമാണെന്നും ഇഷ്ടപ്പെട്ട ആളെ കിട്ടിയാൽ വിവാഹം കഴിക്കുമെന്നും നന്ദിനി പറഞ്ഞു.
വിവാഹം കഴിക്കാത്തതെന്തു കൊണ്ടാണെന്ന് പലപ്പോഴും പലരും ചോദിക്കാറുണ്ട്. ചോദ്യത്തെ ഞാൻ വളരെ കൂളായാണ് എടുക്കാറുള്ളത്. വിവാഹം നടക്കണമെന്നുണ്ടെങ്കിൽ അത് നടക്കും. നല്ല ഒരാളെ കിട്ടിയാൽ വിവാഹം കഴിക്കും.
അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോഴാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടുതലും ഉണ്ടാകാറുള്ളത്. അല്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ആ ചോദ്യം എന്നോട് ചോദിക്കാറില്ല. അവർ അതെല്ലാം ശീലിച്ചു പോയി. സിംഗിളായി ജീവിക്കുന്നതിൽ ഇതുവരെ കുഴപ്പങ്ങളൊന്നുമുണ്ടായിട്ടില്ല.
എന്റെ പ്രണയം തകർന്നപ്പോൾ അതിൽ നിന്ന് മുന്നോട്ട് വരാൻ കുറച്ചു സമയമെടുത്തു. അത് വല്ലാതെ വിഷമിപ്പിച്ച കാര്യമാണ്. കുറച്ച് സമയം എടുത്തെങ്കിലും പിന്നെ ഞാൻ തിരികെ ജീവിതത്തിലേക്ക് വന്നു.
വേർപിരിയാമെന്ന് തീരുമാനിച്ചത് രണ്ടുപേർക്കും ഗുണം ചെയ്തു. വേർപിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാൻ യോജിച്ച് തുടങ്ങി. വീട്ടുകാരും ആ സമയത്ത് നന്നായി സപ്പോർട്ട് ചെയ്തു. അവർ എന്നെ നന്നായി സ്നേഹിച്ച് അതിൽ നിന്ന് എന്നെ പുറത്ത് കൊണ്ടുവന്നു. നന്ദിനി പറഞ്ഞു.