പ്രതിഷേധം ശക്തമായി; ഒടുവിൽ തൃഷയോടെ മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ
Friday, November 24, 2023 12:24 PM IST
സ്ത്രീവിരുദ്ധ പരാമർശം പ്രതിഷേധത്തിലേയ്ക്ക് നീങ്ങിയതോടെ തൃഷയോട് മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. പരാമർശത്തിൽ ഖേദം പ്രകടപ്പിച്ചുകൊണ്ടുള്ള കുറിപ്പാണ് മൻസൂർ പങ്കുവച്ചത്. തൃഷയോട് മാപ്പ് ചോദിക്കുന്നുവെന്നാണ് മൻസൂർ കുറിപ്പിൽ പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു മൻസൂർ അലി ഖാൻ തൃഷയ്ക്കെതിരേ വിവാദപരാമർശം നടത്തിയത്. ലിയോയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ തൃഷയ്ക്കൊപ്പം ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്നാണ് കരുതിയതെന്നാണ് മൻസൂർ പറഞ്ഞത്. ലിയോ സിനിമയുമായി ബന്ധപ്പെട്ടു നൽകിയ ഒരു അഭിമുഖത്തിലാണ് മൻസൂർ വിവാദ പരാമർശം നടത്തിയത്.
പരാമർശത്തിനെതിരേ നടി തന്നെയാണ് ആദ്യം രംഗത്തെത്തിയത്. വെറുപ്പുളവാക്കുന്ന പ്രയോഗങ്ങളാണ് മൻസൂർ നടത്തിയതെന്നും ഇനി ഒരിക്കലും തന്റെ കരിയറിൽ മൻസൂറിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു.
മൻസൂറിന്റെ പരാമർശം വൻ വിവാദമായിരുന്നു. പിന്നാലെ തമിഴ് സിനിമാ ലോകം ഒന്നടങ്കം കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. താൻ മാപ്പു പറയേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്ന മൻസൂർ പ്രതിക്ഷേധം ശക്തമായതിന് പിന്നാലെയാണ് ക്ഷമാപണം നടത്തിയത്.
തൃഷയ്ക്കൊപ്പം അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ, സിനിമയിൽ ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് ഞാൻ കരുതി. എന്റെ മുൻകാല സിനിമകളില്‍ മറ്റു നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ അവരെയും കൊണ്ടുപോകുമെന്ന് കരുതി.
ഞാൻ ഒരുപാട് ബലാത്സംഗ രംഗങ്ങൾ ചെയ്തിട്ടുണ്ട്. അത് എനിക്ക് പുതിയ കാര്യമല്ല. എന്നാൽ കശ്മീരിലെ ഷൂട്ടിംഗിനിടെ സെറ്റിൽവച്ച് അവർ തൃഷയെ കാണിച്ചില്ല. ഇതായിരുന്നു മൻസൂർ അഭിമുഖത്തിൽ പറഞ്ഞത്.