പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സൂര്യയുടെ ‘കങ്കുവ’: 38 ഭാഷകളിൽ റിലീസ്
Friday, November 24, 2023 3:06 PM IST
സൂര്യ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രം.
മൾട്ടി-പാർട്ട് റിലീസിനായി സജ്ജമാക്കിയിരിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ ആദ്യഭാഗം 2024 ഏപ്രിൽ 11 റിലീസ് ചെയ്യുമെന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ആരാധകർ ഏറ്റെടുത്തിരുന്നു.
കങ്കുവ 38 ഭാഷകളിൽ മാത്രമല്ല, ഇമേഴ്സീവ് ഐമാക്സ് ഫോർമാറ്റിലും, 2ഡി, 3ഡി പതിപ്പിലും പ്രദർശനം നടത്തും. ബിഗ് ബജറ്റ് സിനിമയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കായി ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
1000 വർഷങ്ങൾക്ക് മുൻപുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ ഒരുയോദ്ധാവായാണ് സൂര്യ എത്തുന്നത്. സിനിമയുടെ വിപുലമായ കാൻവാസിലേക്കും നൂതനമായ ചലച്ചിത്രനിർമാണ വൈദഗ്ധ്യത്തിലേക്കും ഒരു വിസ്മയകരമായ കാഴ്ചയാണ് ചിത്രം നൽകുന്നത്.
ബോളിവുഡ് താരം ദിഷ പഠാനിയാണ് ചിത്രത്തിലെ നായിക. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ഏകദേശം 350 കോടി ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. മലയാളത്തിലെ എഡിറ്റിംഗ് വിദഗ്ദനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.