അച്ഛന്റെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് കാളിദാസ്; ചുംബനമേകി ജയറാം; വിവാഹനിശ്ചയ വീഡിയോ
Friday, November 24, 2023 5:03 PM IST
നടൻ കാളിദാസ് ജയറാമിന്റെയും താരിണിയുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോ വൈറലാകുന്നു. കാളിദാസിനെ കുറിച്ച് ജയറാം പങ്കുവച്ച ഓർമകളാണ് വീഡിയോയുടെ ഹൈലൈറ്റ്.
ജീവിതത്തിലെ ചില തീയതികൾ മാത്രമാണ് ഞാൻ ഓർത്തുവയ്ക്കാറുള്ളതെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്റെ മകനെ കൈയിൽ കിട്ടിയ ദിവസമാണെന്നും ജയറാം പറയുന്നു.
""കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ടായിട്ടുണ്ട്, സന്തോഷമുള്ള ഓര്‍മകള്‍. അതില്‍ എപ്പോഴും, ദിവസം ഒരു നേരമെങ്കിലും ഓര്‍ക്കുന്ന ചിലതുണ്ട്.
ചില തിയതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23, അന്നാണ് അശ്വതി (പാര്‍വതി) ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. അതിന് ശേഷം 1993 സെപ്റ്റംബര്‍ ഏഴ്, ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.
1993 ഡിസംബര്‍ 16, കൊച്ചി ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു, എന്നെ പുറത്തിരുത്തരുത്, ഞാന്‍ അശ്വതിക്ക് കൂടെ തന്നെ, അടുത്തുണ്ടാവണം എന്ന്.
അത് അനുവദീനിയമല്ല സര് എന്ന് ഡോക്ടര്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അവള് എന്റെ കൈ മുറുകെ പിടിച്ചിരിയ്ക്കുകയായിരുന്നു. ഡോക്ടര്‍ കുഞ്ഞിനെ എടുത്ത് നഴ്സിന് കൊടുക്കുന്നതിന് മുന്‍പേ ഞാനാണ് കയ്യില്‍ വാങ്ങിയത്. അവനാണ് എന്റെ കണ്ണന്.
29 വര്‍ഷങ്ങള്‍, ഇന്ന് അവന് നില്‍ക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാല്‍, ഞാന്‍ കൂടുതല്‍ ഇമോഷണലാവും.
ഹരിയ്ക്കും ആര്‍തിക്കും (തരുണിയും അച്ഛനും അമ്മയും) നന്ദി. ഇന്ന് മുതല്‍ എനിക്ക് ഒരു മകള്‍ അല്ല, രണ്ട് പെണ്മക്കളാണ്.’’ ജയറാം പറഞ്ഞു. ജയറാം ഇത് പറഞ്ഞു നിര്‍ത്തുമ്പോഴേക്കും കാളിദാസ് കരഞ്ഞു തുടങ്ങിയിരുന്നു. മകനെ ചേര്‍ത്ത് നിര്‍ത്തി ജയറാം നെറ്റിയില്‍ ചുംബിച്ചു.
രണ്ട് ആഴ്ചയ്ക്ക് മുൻപായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹനിശ്ചയം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. തമിഴ് ആചാരപ്രകാരം നടന്ന ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
താരിണിയെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് പൊതുവേദിയിൽ കാളിദാസ് ജയറാം തന്നെ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷമാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്.
നീലഗിരി സ്വദേശിയാണ് താരിണി. 24 വയസുകാരിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.