മാനസികസമ്മർദം, കുറച്ചു വർഷങ്ങൾ വില്ലൻ കഥാപാത്രങ്ങൾ ചെയ്യില്ല: തുറന്നു പറഞ്ഞ് വിജയ് സേതുപതി
Saturday, November 25, 2023 10:59 AM IST
സിനിമയിൽ ഇനി കുറച്ചുവർഷങ്ങളിലേക്ക് വില്ലൻ വേഷങ്ങൾ ചെയ്യില്ലെന്ന് നടന് വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താനില്ലന്നും വിജയ് പറയുന്നു.
ഗോവയിൽ നടക്കുന്ന 54-ാം രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കവെയാണ് താരം വില്ലൻ വേഷങ്ങൾ ചെയ്യുന്പോഴുണ്ടാകുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.
വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ പരിമിതി തോന്നാറുണ്ട്. വലിയ മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നുണ്ട്. ഈ മാനസിക ബുദ്ധിമുട്ട് താന്‍ അഭിമുഖീകരിക്കേണ്ടതില്ല എന്ന തോന്നല്‍ എനിക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്.
ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഇനി വില്ലന്‍ കഥാപാത്രങ്ങള്‍ കുറച്ചു വർഷങ്ങളിലേയ്ക്ക് എങ്കിലും ചെയ്യില്ല തീരുമാനമെടുത്തിരിക്കുകയാണ്. വില്ലന്‍ റോളുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വിജയ് പറയുന്നു.
ഷാരൂഖ് ഖാന് നായകനായ ‘ജവാന്’ സിനിമയിലാണ് വിജയ് സേതുപതി ഏറ്റവും അവസാനമായി വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്.