എന്റെ സുബ്ബൂ, എന്റെ കുഞ്ഞ്; മുത്തശിയെ ഓർത്ത് സൗഭാഗ്യ വെങ്കിടേഷ്
Friday, December 1, 2023 10:03 AM IST
അന്തരിച്ച നടി സുബ്ബലക്ഷ്മിയെ ഓർമകളുമായി കൊച്ചുമകളും നർത്തകിയുമായി സൗഭാഗ്യ വെങ്കിടേഷ്. മുത്തശിയുടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് സൗഭാഗ്യ വികാരനിര്‍ഭരമായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ. എനിക്ക് മുത്തശിയെ നഷ്ടമായി. എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷങ്ങൾ. എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. എല്ലാവരുടേയും പ്രാർത്ഥനകൾക്ക് നന്ദി. സൗഭാഗ്യ കുറിച്ചു.
വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. നന്ദനം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്കുള്ള സുബ്ബലക്ഷ്മിയുടെ അരങ്ങേറ്റം.
കല്യാണരാമന്, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും സുബ്ബലക്ഷ്മി വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന് തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.