ശ്രീദേവിയുടെ വസ്ത്രവും ആഭരണവും ധരിച്ച് പ്രീമിയറിൽ തിളങ്ങി ഖുഷി കപൂർ
Thursday, December 7, 2023 10:36 AM IST
തന്റെ അരങ്ങേറ്റ ചിത്രമായ ദ ആർച്ചീസിന്റെ പ്രീമിയറിൽ ഷോയിൽ തിളങ്ങി ശ്രീദേവിയുടെ മകൾ ഖുഷി കപൂർ. ശ്രീദേവി ഉപയോഗിച്ചിരുന്ന ഗോൾഡൻ ഗൗണും ഡയമണ്ട് നെക്ലേസുമാണ് ഖുഷി ധരിച്ചത്.
‘‘അമ്മയുടെ ഏറ്റവും സവിശേഷമായ വസ്ത്രത്തിനൊപ്പം ഏറ്റവും സവിശേഷമായ രാത്രി.’’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ വേഷം അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ ഖുഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
2013ല്‍ ഐഐഎഫ്എ റെഡ് കാര്‍പെറ്റില്‍ ശ്രീദേവി ധരിച്ച അതേ ഗോള്‍ഡൻ ഗൗണാണ് ഖുഷി ധരിച്ചത്. ഒപ്പം പെയർ ചെയ്ത ഡയമണ്ട് നെക്ലേസും ശ്രീദേവിയുടേതാണ്. ഈ ഡയമണ്ട് നെക്ലേസ് ധരിച്ചാണ് 2011 ഐഐഎഫ്എ അവാർഡിൽ ശ്രീദേവി എത്തിയത്.
കഴിഞ്ഞ ദിവസം നടന്ന പ്രീമയർ ഷോയിൽ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങൾ എല്ലാവരും തന്നെയെത്തിയിരുന്നു.
ഖുഷിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് അച്ഛന് ബോണി കപൂര്‍ സഹോദരങ്ങളായ ജാന്‍വി കപൂര്‍, അന്‍ഷുല കപൂര്‍, അര്ജുന് കപൂര്‍ എന്നിവരടങ്ങുന്ന കുടുംബം സ്ക്രീനിംഗ് കാണാന്‍ എത്തി.
ആര്‍ച്ചീസിലൂടെ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്, അമിതാഭ് ബച്ചന്റെ ചെറുമകന് അഗസ്ത്യ നന്ദ, തുടങ്ങിയവരും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.
സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് ദ് ആർച്ചീസ്. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാവും ചിത്രം ഒരുങ്ങുന്നത്.