നടൻ ദേബ് മുഖർജി അന്തരിച്ചു, സംവിധായകൻ അയാൻ മുഖർജിയുടെ പിതാവ്
Friday, March 14, 2025 3:17 PM IST
സംവിധായകൻ അയാൻ മുഖർജിയുടെ പിതാവും മുതിർന്ന നടനുമായ ദേബ് മുഖർജി(83) അന്തരിച്ചു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രശസ്തമായ മുഖർജി കുടുംബാംഗമാണ് ദേബ്. ഫിൽമാലയ സ്റ്റുഡിയോസ് സ്ഥാപകനും നിർമാതാവുമായ ശശധർ മുഖർജിയുടേയും സതീദേവിയുടേയും മകനാണ് ദേബ്.
സംവിധായകൻ അയാനെ കൂടാതെ സുനിത എന്നൊരു മകളുണ്ട്. ബോളിവുഡ് നടനും സംവിധായകനും നിർമാതാവുമായ അശുതോഷ് ഗവാരികർ മരുമകനാണ്.
സംബന്ധ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ദേബ് മുഖർജി സിനിമയിലെത്തിയത്. ഏക് ബാർ മുസ്കുരാ ദോ, ജോ ജീത്താ വഹി സികന്ദർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. നടിമാരായ കജോൾ, റാണി മുഖർജി, ഷർബാനി മുഖർജി എന്നിവർ ബന്ധുക്കളാണ്.
ദേബ് മുഖർജിയുടെ അമ്മയുടെ സഹോദരങ്ങളായിരുന്നു നടന്മാരായ അശോക് കുമാർ, അനൂപ് കുമാർ, ഗായകൻ കിഷോർ കുമാർ എന്നിവർ.
നടൻ ജോയ് മുഖർജി, സംവിധായകനും തിരക്കഥാകൃത്തുമായ ഷോമു മുഖർജി എന്നിവർ ദേബിന്റെ സഹോദരന്മാരാണ്. ഇതിൽ ഷോമു മുഖർജിയുടെ ഭാര്യയാണ് നടി തനൂജ.