ലാലേട്ടനെ ഒരു നോക്ക് കാണണമെന്ന് ആനോണിന് ആഗ്രഹം; ഒടുവിൽ കെട്ടിപ്പിടിച്ച് ചേർത്തുനിർത്തി മോഹൻലാൽ
Friday, March 14, 2025 4:18 PM IST
മോഹൻലാലിനെ നേരിട്ടുകാണുക എന്നതായിരുന്നു അഞ്ചുവയസിലെ ആനോണിന്റെ മനസിൽ കയറിക്കൂടിയ ആഗ്രഹം. സെറിബ്രൽ പാൾസി ബാധിച്ച ആനോണിന് ഒടുവിൽ തന്റെ ഇരുപതാം വയസിൽ ആ ആഗ്രഹം സാധിച്ചുകിട്ടി. ഒരു നോക്ക് കാണണം എന്ന ആഗ്രഹത്തിനപ്പുറം ചേർത്തുനിർത്തി കെട്ടിപ്പിടിച്ചാണ് മോഹൻലാൽ തന്റെ ആരാധകനായ ആനോണിനെ സ്വീകരിച്ചത്.
ചിറക്കടവ് കത്തലാങ്കൽപ്പടി കല്ലൂക്കുളങ്ങര സലീലൻ ഏബ്രഹാമിന്റെയും ജെസിയുടെയും രണ്ടാമത്തെ മകനായ ആനോണിന് തന്റെ ദീർഘ നാളത്തെ ആഗ്രഹമായിരുന്നു മോഹൻലാലിനെ നേരിൽ കാണണമെന്നത്.
മോഹൻലാലിന്റെ സിനിമകളും പാട്ടുകളും നെഞ്ചോട് ചേർത്ത ആനോണിന്റെ സ്വപ്നം സഫലമാക്കാൻ അച്ഛൻ സലീലൻ കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തുമുള്ള മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെ സമീപിച്ചു.
ഇവർ അറിയിച്ചതിനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ഇടുക്കി വണ്ടിപ്പെരിയാറിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയാണ് ആനോണും കുടുംബവും മോഹൻലാലിനെ കണ്ടത്.
സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു മോഹൻലാൽ ആനോണിനും കുടുംബത്തിനുമൊപ്പം 15 മിനിറ്റ് ചെലവഴിച്ചത്. ലാലേട്ടനെ എനിക്കു ഭയങ്കര ഇഷ്ടമാണെന്നു പറഞ്ഞ ആനോണിനെ ചേർത്തു പിടിച്ച്, എനിക്കും മോനെ ഒത്തിരി ഇഷ്ടമാണെന്നു മോഹൻലാൽ പറഞ്ഞു.
വിശേഷങ്ങൾ ചോദിച്ചറിഞ്ഞ്, കുടുംബത്തിനുമൊപ്പം ഫോട്ടോയും വീഡിയോയും എടുത്ത ശേഷം ലാലേട്ടൻ അഭിനയിക്കാൻ പൊയ്ക്കോട്ടെ എന്നു ചോദിച്ചാണ് മോഹൻലാൽ മടങ്ങിയത്.
പരിമിതികളെ അതിജീവിച്ച് ആനോൺ പ്ലസ്ടു ഹ്യുമാനിറ്റീസ് 60 ശതമാനം മാർക്കോടെ വിജയിച്ചിരുന്നു. സഹോദരൻ എബിൻ ഏബ്രഹാം ദുബായിലാണ്. അച്ഛനും അമ്മയും ജ്യേഷ്ഠൻ എബിന്റെ ഭാര്യ കുക്കുവും എബിന്റെ മകൻ ഒരുവയസുകാരൻ അയോണുമാണ് വീട്ടിലുള്ളത്.