2018നെ ഷൺമുഖൻ ചാടിക്കടക്കുമെന്ന് ആരാധകർ; ‘ലാലേട്ടനെ വച്ച് ഞാൻ തന്നെ ഇതും തൂക്കുമെന്ന് ജൂഡിന്റെ മറുപടി
Wednesday, May 7, 2025 10:40 AM IST
റിക്കാർഡുകൾ തകർത്ത് മുന്നേറുകയാണ് മോഹൻലാൽ - തരുൺ മൂർത്തി ചിത്രം തുടരും. നിലവിൽ കേരളത്തിൽനിന്നും ഏറ്റവും അധികം പണം വാരിയ ചിത്രം ജൂഡ് ആന്തണിയുടെ ‘2018’ ആണ്.
ഈ റിക്കാർഡ് അടുത്ത ദിവസങ്ങളിൽ തന്നെ ‘തുടരും’ മറികടക്കുമെന്നാണ് കരുതുന്നത്. ഈ പ്രതീക്ഷ അവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. അത്തരത്തിൽ ഒരു ഫാൻ പേജിൽ വന്ന പോസ്റ്റും അതിന് ജൂഡിന്റെ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ലാൽ കെയേഴ്സ് ഖത്തർ എന്ന പേജിൽ വന്ന പോസ്റ്റിനാണ് സംവിധായകൻ ജൂഡ് മറുപടി കൊടുത്തത്. കേരളാ ബോക്സ് ഓഫിസിലെ പുതിയ ടോപ്പ് ഗ്രോസർ വരുന്നു എന്നാണ് പോസ്റ്റ്.
‘2018’നെ ചാടിക്കടക്കുന്ന ഷൺമുഖനെ പോസ്റ്ററിൽ കാണാം. ഇതിനു ‘ലാലേട്ടനെ വച്ച് ഞാൻ തന്നെ ഇതും തൂക്കും’ എന്നായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ മറുപടി.
ജൂഡ് നൽകിയ ഈ മറുപടിക്ക് വലിയ കൈയടി ലഭിക്കുന്നുണ്ട്. ഒരു സംവിധായകൻ ഇത്തരത്തിലാണ് പ്രതികരിക്കേണ്ടത് എന്ന് ചിലർ പറയുമ്പോൾ ജൂഡിന്റെ ഈ സ്വപ്നം സഫലമാകട്ടെ എന്നാണ് മറ്റു ചിലർ കുറിക്കുന്നത്.
ജൂഡിന്റെ ആത്മവിശ്വാസത്തെ പ്രശംസിച്ചും ആളുകൾ എത്തുന്നുണ്ട്. 2018നുശേഷം ജൂഡ് മറ്റൊരു ചിത്രവും നിലവിൽ കരാർ വച്ചിട്ടില്ല.