ആ കൊടും തണുപ്പിൽ നിലത്തു കിടക്കുന്നത് മലയാളത്തിന്റെ പ്രിയ നടൻ: കുറിപ്പുമായി സംവിധായകൻ
Thursday, May 8, 2025 3:04 PM IST
തിയറ്ററുകളിലെത്തിയ സർക്കീട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന ആസിഫ് അലിയുടെ ഒരു ചിത്രത്തെക്കുറിച്ച് സംവിധായകൻ താമർ കുറിച്ച വരികളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
‘‘രാത്രി രണ്ട് മണിക്ക്, റാസൽഖൈമയിലെ കൊടും തണുപ്പിൽ, ഒരു ചെറിയ പുതപ്പിൽ, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി സർക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകൾ ഏറ്റെടുക്കും എന്ന പ്രതീക്ഷയിൽ… ഞങ്ങളുടെ സർക്കീട്ട് ആരംഭിക്കുന്നു,’’ എന്നാണ് താമർ കുറിച്ചത്.
കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം തിയറ്ററിലെത്തുന്ന ആസിഫ് അലി ചിത്രമാണ് സർക്കീട്ട്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്.
താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. പൂര്‍ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച സർക്കീട്ട്, യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.