ഫഹദിനൊപ്പം എന്നെങ്കിലും അഭിനയിക്കണം; ആഗ്രഹം പങ്കുവച്ച് ആലിയ ഭട്ട്
Monday, May 26, 2025 11:51 AM IST
ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണമെന്നുള്ള ആഗ്രഹം പങ്കുവച്ച് ആലിയ ഭട്ട്. കാൻ റെഡ് കാർപറ്റിലായിരുന്നു നടി ഇക്കാര്യത്തെക്കുറിച്ച് മനസ് തുറന്നത്.
മലയാളത്തിൽ നിന്നുള്ള റോഷനൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഇനി അഭിനയിക്കാൻ ആഗ്രഹിക്കുന്നത് ഫഹദിനൊപ്പമാണെന്നും ആലിയ പറഞ്ഞു. കാന്‍ രാജ്യാന്തര മേളയ്ക്കെത്തിയ താരം ബ്രൂട്ട് ഇന്ത്യയോട് സംസാരിക്കവെയാണ് ഇക്കാര്യത്തെക്കുറിച്ച് മനസ് തുറന്നത്.
ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുള്ള ഏതെങ്കിലും പ്രാദേശിക സംവിധായകരോ അഭിനേതാക്കളോ ഉണ്ടോ എന്നായിരുന്നു ആലിയയോടുള്ള ചോദ്യം. ഇതിന് ഉത്തരം നൽകുന്നതിനിടെയാണ് ആലിയ ഫഹദിനൊപ്പം അഭിനയിക്കാൻ ഇഷ്ടപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞത്.
""അങ്ങനെ (പ്രാദേശികമെന്ന്) വേര്‍തിരിച്ച് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കോവിഡ് കാലം എന്നെ പഠിപ്പിച്ചത് ഞങ്ങളെല്ലാം ഒന്നാണ് എന്നതാണ്.
അന്തര്‍ദേശീയമായ ഒരു പ്ലാറ്റ്ഫോമിലേക്ക് (ഒടിടി) എല്ലാ തരത്തിലുള്ള ഉള്ളടക്കത്തിനും പ്രകാശനം ലഭിക്കുന്നു എന്നത് ഇന്നിന്റെ വലിയ നേട്ടമാണ്. ഉള്ളടക്കം കൊറിയനോ ജാപ്പനീസോ മലയാളമോ പഞ്ചാബിയോ കന്നഡയോ ആവട്ടെ, ഇന്ന് അവ എല്ലാവര്ക്കും കാണാന്‍ അവസരം ലഭിക്കുന്നു. ഓസ്കര് ലഭിച്ച ഫിലിപ്പീന്‍സില്‍ നിന്നുള്ള ഒരു അനിമേറ്റഡ് പ്രൊഡക്ഷന്‍ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നു.
അതിനുള്ള അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷം തോന്നി, ആലിയ പറഞ്ഞു. ഇനി നിങ്ങളുടെ ചോദ്യത്തിലേക്ക് തിരിച്ചുവന്നാല്‍ കഴിവുറ്റ ഒരുപാട് അഭിനേതാക്കള്‍ ഇവിടെയുണ്ട്. ഡാര്ലിംഗ്സ് എന്ന ചിത്രത്തില്‍ റോഷന് മാത്യുവിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു.
മലയാളത്തില്‍ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ ഹിന്ദിയിലും തരംഗം തീര്‍ക്കുന്നുണ്ട്. എനിക്ക് ഏറെ ബഹുമാനമുള്ള ഒരാളാണ് ഫഹദ് ഫാസില്‍. അതിഗംഭീര നടനാണ് അദ്ദേഹം. ആവേശം എന്റെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. അദ്ദേഹവുമൊത്ത് അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്."- ആലിയ പറഞ്ഞു