ഇതെന്തൊന്ന് കണ്ണപ്പാ...മോഹൻലാൽ–പ്രഭാസ് ചിത്രം ‘കണ്ണപ്പ’യുടെ രംഗങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കാണാതായി
Tuesday, May 27, 2025 3:26 PM IST
വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സംവിധാനം ചെയ്യുന്ന തെലുങ്ക് ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണപ്പയുടെ ഹാർഡ് ഡിസ്ക് കാണാതായതായി റിപ്പോർട്ട്. ചിത്രത്തിലെ വിഎഫ്എക്സ് ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കാണ് കാണാതായത്. വിഷ്ണു മഞ്ചുവിന്റെ ഓഫിസിൽ തന്നെയുള്ള ആളാണ് ഹാർഡ് ഡിസ്ക് കൊണ്ടു പോയതെന്നാണ് വിവരം.
കൊക്കപ്പെട്ട് സ്വദേശിയും ട്വന്റ്വിഫോർ ഫ്രെയിംസ് ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ റെഡ്ഡി വിജയ് കുമാറാണ് പോലീസിൽ പരാതി നൽകിയത്. മുംബൈയിലെ ഒരു സ്റ്റുഡിയോയിൽ നിന്ന് കണ്ണപ്പയുടെ ഉള്ളടക്കം അടങ്ങിയ ഹാർഡ് ഡ്രൈവ് ഫിലിംനഗറിലുള്ള തന്റെ ഓഫീസിലേക്ക് കൊറിയർ വഴി അയച്ചതായി റെഡി വിജയ് കുമാർ പരാതിയിൽ പറയുന്നു.
മേയ് 25–ന്, ഫിലിംനഗർ ഓഫീസിൽ ജോലി ചെയ്യുന്ന ഓഫീസ് ബോയ് രഘുവിന് പാഴ്സൽ ലഭിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ രഘു ആരെയും അറിയിക്കാതെ ഹാർഡ് ഡിസ്ക് ചരിത എന്ന സ്ത്രീക്ക് കൈമാറിയതായി പിന്നീട് കണ്ടെത്തി. ഇതിനുശേഷം, ഇരുവരെയും കാണാതാവുകയായിരുന്നു.
കണ്ണപ്പ എന്ന ചിത്രത്തെ മനഃപൂർവ്വം തകർക്കാൻ ചില വ്യക്തികൾ ആസൂത്രണം ചെയ്ത ഗൂഢാലോചനയിൽ രഘുവും ചരിതയും ചേർന്നെന്ന് റെഡ്ഡി വിജയ് കുമാർ പരാതിയിൽ ആരോപിച്ചു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഹൻലാൽ അക്ഷയ് കുമാര്, പ്രഭാസ് അടക്കം വലിയ താരനിരയുള്ള ബിഗ് ബഡ്ജറ്റ് ചിത്രമാണ് കണ്ണപ്പ.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്നതാണ് ചിത്രം. ചിത്രത്തിലെ മോഹൻലാലിന്റെ ഒരു പ്രധാന ഭാഗം അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പുറത്തുവിട്ടിരുന്നു. ജൂൺ 27ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നത്.