പോലീസ് കഥയുമായി ഷാഹി കബീർ വീണ്ടും; റോന്ത് ടീസർ
Friday, May 30, 2025 8:44 AM IST
ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന റോന്തിന്റെ ടീസർ റിലീസ് ചെയ്തു. ദിലീഷ് പോത്തൻ, റോഷൻ മാത്യു, ലക്ഷ്മി മേനോൻ, രാജേഷ് മാധവൻ, സുധി കോപ്പ, കൃഷ്ണ കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
യോഹന്നാൻ എന്ന എസ്ഐ ആയി ദിലീഷ് പോത്തനും ദിനനാഥ് എന്ന ഡ്രൈവറായി റോഷൻ മാത്യുവിനേയും ചിത്രത്തിൽ കാണാം.
നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ടെങ്കിലും ടീസറിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ മാത്രമേ കാണിക്കുന്നുള്ളൂ. ഓഫീസർ ഓൺ ഡ്യൂട്ടി, ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾക്ക് വേണ്ടി പേന ചലിപ്പിച്ച ഷാഹി കബീർ ‘ഇല വീഴ്ച പൂഞ്ചിറക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്നതും ഒരു പോലീസ് കഥയാണ് എന്നത് ശ്രദ്ധേയമാണ്. നൈറ്റ് പെട്രോളിംഗിന് ഇറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം.
ചിത്രത്തിൽ സംവിധായകനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ മംഗലത്താണ്.
വിനീത് ജെയിൻ, രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാവ് അമൃത പാണ്ഡെയാണ്. ചിത്രം ജൂൺ 13 ന് തിയറ്ററുകളിലെത്തും.