നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ഇന്നസന്റ് ടൈറ്റിൽ ലോഞ്ച്
Friday, May 30, 2025 5:12 PM IST
മലയാളിയുടെ മനസിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസന്റ്. ഒരു പുതിയ മലയാള ചിത്രത്തിന് ഈ നാമധേയം നൽകിയത് ഏറെ കൗതുകമായ ചില നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ടായിരുന്നു.
നവാഗതനായ സതീഷ് തൻവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനാണ് ഇന്നസന്റ് എന്ന പേരു നൽകിയിരിക്കുന്നത്. യുവാക്കളുടെ ഇടയിൽ ഏറെ അംഗീകാരം നേടിയ അൽത്താഫ് സലിം, ജോമോൻ ജ്യോതിർ (വാഴ ഫെയിം), അനാർക്കലി മരയ്ക്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം.

എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എകെഡി നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജി മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
പൂർണമായും കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
ഛായാഗ്രഹണം: നിഖിൽ എസ്. പ്രവീൺ, എഡിറ്റർ: റിയാസ് കെ. ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: വാഴൂർ ജോസ്.