മോഹന്‍ലാല്‍ തുടരണമെന്ന് ‘അമ്മ’അഡ്ഹോക് കമ്മിറ്റി
Tuesday, June 3, 2025 11:43 AM IST
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്ത് നടന് മോഹന്‍ലാല്‍ തുടരണമെന്നാവശ്യപ്പെട്ടു സംഘടനയുടെ അഡ്ഹോക് കമ്മിറ്റി. കഴിഞ്ഞ് 31ന് നടന്ന അഡ്ഹോക് കമ്മിറ്റിയുടെ അവസാന യോഗത്തിലാണ് മറ്റ് അംഗങ്ങള്‍ തങ്ങളുടെ ആഗ്രഹം മോഹന്‍ലാലിനു മുന്നില്‍ അവതരിപ്പിച്ചത്.
ഈ മാസം 22നാണ് സംഘടനയുടെ അടുത്ത ജനറല്‍ ബോഡി. ഈ യോഗത്തില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകും. മറ്റു പദവികളിലേക്കുള്ള ഭാരവാഹികളെയും ജനറല്‍ ബോഡിയില്‍ തീരുമാനിക്കും.
സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റിക്ക് മൂന്നുവര്‍ഷം വരെ തുടരാം. എന്നാല്‍ ജനറല്‍ ബോഡിയുടെ തീരുമാനപ്രകാരം അഡ്ഹോക് കമ്മിറ്റിയെ സ്ഥിരം കമ്മിറ്റിയായും നിശ്ചയിക്കാം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് ‘അമ്മ’ മാത്രമല്ലെന്നും സിനിമാരംഗം ആകെയാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. 2024 ഓഗസ്റ്റ് 27നായിരുന്നു സംഘടനയിലെ കൂട്ടരാജി. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.