"ലിയോ’കേരളത്തിലെത്തിക്കാൻ ഗോകുലം ചിലവാക്കിയത് കോടികൾ? റിപ്പോർട്ടുകൾ പുറത്ത്
Friday, June 2, 2023 2:40 PM IST
ലോകേഷ് കനകരാജ്–വിജയ് ചിത്രം ‘ലിയോ’ കേരളത്തിൽ വിതരണം ചെയ്യാനുള്ള അവകാശം ഗോകുലം ഗോപാലൻ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്.
ഏറ്റവും കൂടുതൽ തുകയുമായി മുന്നിൽ നിന്ന ഗോകുലം ഗോപാലനാണ് അവസാനം നറുക്ക് വീണതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിർമാതാക്കളുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.
കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രം എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. നീണ്ട 14 വർഷത്തിന് ശേഷം വിജയിയും തൃഷയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഹിന്ദി, മലയാളം ഉൾപ്പടെ വിവിധ ഭാഷകളിലെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവരും ഹിന്ദിയിൽ നിന്നും സഞ്ജയ് ദത്തും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.