ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞു; കയ്യേറ്റം ചെയ്തത് പുറത്ത് നിന്നുള്ളവര്‍: നിര്‍മാതാവ്
Saturday, June 3, 2023 10:36 AM IST
ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് ശ്രദ്ധേയനായ സന്തോഷ് വർക്കിയെ കയ്യേറ്റം ചെയ്തു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വിത്തിൻ സെക്കൻഡ്സ് സിനിമയുടെ നിർമാതാവ് സംഗീത് ധർമരാജൻ.
സിനിമ മുഴുവൻ കാണാതെ ചിത്രം മോശമാണെന്ന് പറഞ്ഞതിന് പുറത്തുനിന്നുള്ളവരാണ് കയ്യേറ്റം ചെയ്തതെന്നും സിനിമയുടെ അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള കയ്യേറ്റശ്രമങ്ങളും ഉണ്ടായിട്ടില്ലെന്നും സംഗീത് പറയുന്നു.
""ഞങ്ങൾ അയാളെ കയ്യേറ്റം ചെയ്തിട്ടില്ല. ചോദിക്കുന്നത് നമ്മുടെ വികാരമാണ്. ചിത്രത്തിൽ അഭിനയിച്ച മൂന്ന് ചെറുപ്പക്കാര്‍ അലവലാതി പിള്ളേരാണെന്ന് പറയുന്നുണ്ട്. ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞു.
അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് കൊടുത്ത ജൂറിയെക്കാള്‍ വലുതാണോ ആറാട്ടണ്ണന്റെ അഭിപ്രായം. നെഗറ്റീവ് പറയാൻ ഉദ്ദേശിച്ചിട്ടില്ല, എന്നെകൊണ്ട് പറയിപ്പിച്ചതാണെന്നാണ് ആറാട്ടണ്ണന് പിന്നീട് പറഞ്ഞത്. നെഗറ്റീവ് പറഞ്ഞതിനല്ല. സിനിമ കാണാതെ നെഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത് എന്നാണ് സംഗീത് ധര്മരാജന് പറയുന്നത്.
സന്തോഷ് വര്‍ക്കി പത്ത് മിനിട്ട് പോലും ചിത്രം കണ്ടിട്ടില്ലെന്ന് സിനിമയുടെ സംവിധായകന് വിജേഷ് പി. വിജയനും പറഞ്ഞു. ""നമ്മുടെ കൂട്ടത്തില്‍ നിന്നുള്ള ആളല്ല അയാളെ കയ്യേറ്റം ചെയ്തത്. ഇന്ദ്രന്‍സേട്ടനെ അനാവശ്യം പറയുന്നോ എന്ന് ചോദിച്ചാണ് അവര്‍ കയ്യേറ്റം ചെയ്തത്. പത്ത് മിനിറ്റ് പോലും അദ്ദേഹം സിനിമ കണ്ടിട്ടില്ല.
രണ്ട് വര്‍ഷത്തെ കഷ്ടപ്പാടാണ് ഈ സിനിമ. ബ്രാഹ്മാണ്ഡ ചിത്രമൊന്നും അല്ല ഞങ്ങളുടേത്. ചെറിയ സിനിമയാണ്. ഇത്തരത്തിൽ എത്രയോ സിനിമകൾ ഡിഗ്രേഡ് ചെയ്തിരിക്കുന്നു''. വിജേഷ് പറഞ്ഞു.
വെള്ളിയാഴ്ച കൊച്ചി വനിത–വിനീത തിയറ്ററിൽ വച്ചാണ് ഒരുകൂട്ടം ആളുകൾ സന്തോഷിനെ മർദിക്കാൻ ശ്രമിച്ചത്. ജൂൺ രണ്ടിനു റിലീസ് ചെയ്ത ‘വിത്തിൻ സെക്കൻഡ്സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. സിനിമ മുഴുവൻ കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞെന്നാരോപിച്ചായിരുന്നു തർക്കം.