വിവാഹവാർഷികത്തിൽ അളിയന്റെ സമ്മാനം; നയൻതാരയുടെ സഹോദരന് നന്ദിപറഞ്ഞ് വിഗ്നേഷ്
Friday, June 9, 2023 3:17 PM IST
വിവാഹവാർഷികത്തിൽ നയൻതാരയ്ക്കും ഭർത്താവ് വിഗ്നേഷ് ശിവനും സമ്മാനവുമായി നയൻതാരയുടെ സഹോദരൻ ലെനു കുര്യൻ. തന്റെയും കുടുംബത്തിന്റെയും പേരിലാണ് അനുജത്തിക്കും അളിയനും ലെനു ആശംസയും സമ്മാനവും അയച്ചത്.
പ്രിയപ്പെട്ട മണിക്കും വിക്കിക്കും വിവാഹവാർഷികാശംസകൾ. ഈ ലോകത്തെ എല്ലാ സന്തോഷവും നിങ്ങൾക്ക് നേരുന്നു. ദൈവം നിങ്ങളുടെ മേൽ ആശംസകൾ ചൊരിയട്ടെ എന്ന് ലെനു സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

ഒപ്പം ഭാര്യ പ്രിൻസിയുടെയും മക്കളായ ബോബോയുടെയും സോയിയുടെയും പേരുകളുമുണ്ട്. പൂക്കൾ കൊണ്ട് തീർത്ത ഒരു ട്രീയും സമ്മാനപ്പൊതിയും ഈ കുറിപ്പിനൊപ്പമുണ്ട്.
ചാച്ചു എന്നാണ് വിഗ്നേഷ് അളിയനെ അഭിസംബോധന ചെയ്തിരിക്കുന്നത്. നയൻതാരയുടെ ഏക സഹോദരനാണ് ലെനു കുര്യൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിഗ്നേഷ് ഭാര്യ സഹോദരന്റെ വകയുള്ള ഈ സമ്മാനം പ്രേക്ഷകരെ അറിയിച്ചത്.
2022 ജൂണ് ഒൻപതിനായിരുന്നു നയൻതാരയുടെയും വിഗ്നേഷിന്റെയും വിവാഹം. ചെന്നൈയിലെ മഹാബലിപുരത്ത് നടന്ന ചടങ്ങിൽ നിരവധി പ്രമുഖരാണ് പങ്കെടുത്തത്.
വിവാഹത്തിനു കുറച്ചു മാസങ്ങൾക്ക് ശേഷമാണ് ഇരട്ടക്കുട്ടികളായ ഉയിരും ഉലകവും വാടക ഗർഭധാരണം വഴി പിറന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല് എന്. ശിവ എന്നും ഉലകിന്റേത് ദൈവിക് എന്. ശിവ എന്നുമാണ്.
ഇതിൽ ‘എൻ’ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്ന് വിഘ്നേഷ് പറയുന്നു.
പഠാന് ശേഷം ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ ആണ് നയൻതാരയുടെ പുതിയ റിലീസ്. തമിഴ് സംവിധായകനായ അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്.