തൊഴുത്തിനേക്കാൾ കഷ്ടം ലയങ്ങൾ
Wednesday, September 16, 2020 4:35 PM IST
റെജി ജോസഫ്
ബ്രിട്ടീഷുകാർ വാണിജ്യ സാധ്യത മുന്നിൽ കണ്ട് നട്ടുവളർത്തിയ തേയില അക്കാലത്തു സന്പന്നർക്കുമാത്രം നുകരാവുന്ന പാനീയമായിരുന്നു. ഇന്ന് ലോകമെന്പാടും ചായ സാധാരണക്കാരുടെ പാനീയമായി.
കേരളത്തിൽ 36,762 ഹെക്ടറിൽ തേയിലകൃഷിയുള്ളതിൽ 26,615 ഹെക്ടറും ഇടുക്കി ജില്ലയിലാണ്. 1877ൽ ജോണ് ഡാനിയേൽ മണ്റോ സായിപ്പ് അക്കാലത്ത് മൂന്നാറിന്റെ കൈവശക്കാരനായിരുന്ന പൂഞ്ഞാർ കോയിക്കൽ കേരളവർമ വലിയരാജയ്ക്ക് 3,000 രൂപ പാട്ടവും 5,000 രൂപ അടങ്കലും നൽകിയാണ് 1,36,300 ഏക്കർ മൂന്നാർ കുന്നുകളിൽ തേയില നടാൻ പാട്ടത്തിനെടുത്തത്. മൂന്നാറിൽ മണ്റോ സായിപ്പിന് വഴി കാണിച്ചു കൊടുത്തത് കണ്ണൻ, തേവൻ എന്നീ മുതുവാൻ ഗോത്രക്കാരായിരുന്നു. അങ്ങനെ അവരുടെ പേര് ആ കുന്നുകൾക്കും തേയിലക്കന്പനിക്കും ജോണ് മണ്റോ സായിപ്പ് പിൽക്കാലത്ത് നൽകിയെന്നതാണ് ചരിത്രം.
കുടിയിറക്കി
വെള്ളക്കാർ കൈവശപ്പെടുത്തുന്പോൾ അവിടെ ആനയും കടുവയും പുലിയുമുള്ള വനമായിരുന്നു. 12 മാസവും കോടമഞ്ഞും കൊടുംതണുപ്പും. താമസക്കാർ ഏറുമാടങ്ങളിലും ഗുഹകളിലും കൂരകളിലും പാർത്തിരുന്ന മുതുവാൻമാരും. അവർ മുതുവാന്മാരെ കുടിയിറക്കി കാടും വനവും വെട്ടിയൊരുക്കി തേയില നട്ടു. അവിടെയുണ്ടായിരുന്ന മുതുവാൻമാർ കുണ്ടള, മറയൂർ, സൂര്യനെല്ലി കാടുകളിലേക്ക് പലായനം ചെയ്തു. തുടർന്ന് ബ്രിട്ടീഷുകാർ മധുര, രാമനാഥപുരം, ചെങ്കോട്ട, രാജപാളയം, തേനി എന്നിവിടങ്ങളിൽ നിന്ന് ദളിതരായ നൂറുകണക്കിനു തമിഴ് കുടുംബങ്ങളെ എത്തിച്ചു. കാട്ടുപാതകളും ചുരങ്ങളും മലകളും താണ്ടി 400 കിലോമീറ്ററിലേറെവരെ നടന്നാണ് തൊഴിലാളികളെ കോച്ചിവിറയ്ക്കുന്ന മൂന്നാറിലെത്തിയത്. ആദ്യമൊക്കെ പനിയും വസൂരിയും ബാധിച്ച് ഏറെപ്പേർ മരിച്ചു.
ഇവരുടെ അധ്വാനത്തിൽ മലയോരം തേയിലത്തോട്ടമായതോടെ അടിമ വേലയ്ക്ക് സമാനമായി ജീവിതം. തുച്ഛമായ കൂലി. അരിയും മരുന്നും കന്പിളിയും തൊളിലാളികൾക്കു കൊടുത്തെങ്കിലും ഏതെങ്കിലുമൊരു തരത്തിൽ കൂലിയിൽ അത് കുറവു ചെയ്തു.
ആലയം എന്ന വാക്ക് ലോപിച്ചാണ് ലയം ഉണ്ടായതത്രെ. ബ്രിട്ടീഷുകാർ ലേബർ ലൈൻസ് എന്നു വിളിച്ചിരുന്ന തൊഴിലാളി ക്യാന്പിലെ ലൈൻസ് എന്ന വാക്കിൽനിന്നാണ് ലയത്തിന്റെ ഉറവിടമെന്നും പറയുന്നു.
താമസസൗകര്യം നൽകണം
പ്ലാന്റേഷൻ ലേബർ ആക്റ്റ് പ്രകാരം തൊഴിലാളികൾക്ക് താമസസൗകര്യം നടത്തിപ്പു ചുമതലയുള്ള കന്പനി നൽകണം. എന്നാൽ ബ്രിട്ടീഷുകാർ നൂറ്റാണ്ടു മുൻപു പണിത ഈ ഷെഡ്ഡുകളേറെയും അറ്റകുറ്റപ്പണിയില്ലാതെ നിലംപൊത്താവുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. പെട്ടിമുടിയിൽ നിലംപൊത്തിയ ലയങ്ങളുടെ സ്ഥിതി തന്നെയാണ് മറ്റിടങ്ങളിലും പീരുമേട്ടിലും വണ്ടിപ്പെരിയാറിലും വാഗമണിലും കാണാനാവുക.
അതിരാവിലെ തന്നെ തൊഴിലാളികൾ ജോലി തുടങ്ങേണ്ടതിനാലാണ് തോട്ടങ്ങളുടെ നടുവിൽതന്നെ ലയങ്ങളും അവർ പണിതത്. ചുണ്ണാന്പും ചെളിമണ്ണും ചേർത്ത് കല്ലിലും വെട്ടുകല്ലിലും പണിതിരിക്കുന്ന ലായങ്ങൾക്ക് മുന്നിലും പിന്നിലുമായി രണ്ടേരണ്ടു വാതിലുകൾ. വിണ്ടുകീറിയ ഭിത്തിയിൽ ഏറിയാൽ ഒരു ജനാല. കുണ്ടും കുഴിയും നിറഞ്ഞ തറ. അകത്ത് വായുസഞ്ചാരമില്ലാത്ത ഇരുൾ. ഒരു മുറി ചോരുന്പോൾ അടുത്ത മുറിയിലേക്ക് പാർപ്പു മാറ്റാനാണ് നടത്തിപ്പുകാരുടെ നിർദേശം.
ഏതു കാലാവസ്ഥയിലും ഏതു ദിവസവും ഏതു ജീവിതാവസ്ഥയിലും തളിർ നുള്ളാനും തോട്ടത്തിൽ വളമിടാനും മരുന്നടിക്കാനും വിധിക്കപ്പെട്ടവർ. എത്രകാലം ജോലി ചെയ്താലും താഴേത്തട്ടിലെ തൊഴിലാളികൾക്ക് കങ്കാണിമാരോ മാനേജർമാരോ ആയി ജോലിക്കയറ്റം കിട്ടില്ല. ആണുങ്ങൾക്ക് പരമാവധി എത്താവുന്ന പദവി സൂപ്പർവൈസർ തസ്തിക മാത്രം. തോട്ടത്തിൽനിന്ന് ലയങ്ങളിലേക്കും വീണ്ടും തോട്ടങ്ങളിലേക്കുമല്ലാതെ വേലിക്കും വഴിക്കും പുറത്തു പോകാൻ പോലും ആദ്യകാലങ്ങളിൽ അടിമപ്പണിക്കാർക്ക് അനുവാദമുണ്ടായിരുന്നില്ല. അതിനാൽ ഇവരുടെ ജീവിതസാഹചര്യങ്ങൾ ഒരിക്കലും മെച്ചപ്പെട്ടതുമില്ല. പുറംലോകവുമായി ബന്ധങ്ങളുമുണ്ടായില്ല. ആഴ്ച തോറും കീടനാശിനി തളിക്കുക, തേയില ഫാക്ടറിയിൽ ചുമടെടുക്കുക തുടങ്ങിയവയാണ് പുരുഷന്മാരുടെ ജോലി.
മുതുകു വളഞ്ഞും വിരലുകൾ തേഞ്ഞും ജീവിതം ഹോമിക്കുന്ന സ്ത്രീകൾക്ക് ഒൻപതു മണിക്കൂർവരെയാണ് തുടരെ കൊളുന്തു നുള്ളേണ്ടത്. മേൽനോട്ടത്തിന് ഓരോ ഡിവിഷനിലും രണ്ട് മാനേജർമാരും നാലു ഫീൽഡ് ഓഫീസർമാരും അഞ്ച് സൂപ്പർവൈസർമാരുമുണ്ടാകും. മേലാളൻമാരുടെ കൽപനകളും ശാസനകളും പീഡനങ്ങളും ചൂഷണങ്ങളും അനുഭവിക്കാൻ വിധിക്കപ്പെട്ടവരാണ് തൊഴിലാളികൾ. പ്രത്യേകിച്ചും അസംഘടിതരായ സ്ത്രീകൾ.
ദുരിതം മാത്രം
തൊഴിലാളികൾ പുലർച്ചെ അഞ്ചിന് എഴുന്നേൽക്കണം. കൊളുന്തെടുക്കാനുള്ള പ്രദേശം കിലോമീറ്ററുകൾ ദൂരെയാവും. രാവിലെ ഏഴു മണിക്ക് ജോലി തുടങ്ങാൻ ഓട്ടത്തിനു സമാനമായ നടപ്പ്. ഏതു കാലാവസ്ഥയിലും നിന്നുകൊണ്ടു ഭക്ഷണം കഴിക്കാൻ വിധിക്കപ്പെട്ടവർ. ആഹാരം പരിമിതമായതിനാൽ തൊഴിലാളികളിൽ വിളർച്ച സാധാരണം. ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമൊക്കെ തൊഴിലിനിറങ്ങിയാലേ വീടുപോറ്റാനുള്ള വരുമാനം ലഭിക്കൂ.
രാജ്യത്തെ ആകെ തോട്ടങ്ങളുടെ 39 ശതമാനവും കേരളത്തിലായതിനാൽ നാണ്യവിളകൾ സന്പദ്ഘടനയിൽ പ്രധാനമാണ്. എന്നാൽ മൂന്നു ലക്ഷം വരുന്ന തൊഴിലാളികളുടെ ജീവിതം എക്കാലവും നരകതുല്യമാണെന്നതിനു നേർക്കാഴ്ചയാണ് ഓരോ തോട്ടത്തിലും കേൾക്കാനാവുന്ന വിലാപം.
പാർപ്പിടം, ചികിത്സ, കുടിവെള്ളം, ജോലിസ്ഥിരത, ആനുകൂല്യങ്ങൾ എന്നിവയെല്ലാം പരിമിതമാണിവിടെ. പിരിയുന്നവർക്കു പകരം ആശ്രിത നിയമനമില്ലാത്ത തോട്ടങ്ങളിൽ 25 വർഷം മുന്പുണ്ടായിരുന്നതിന്റെ 40 ശതമാനം മാത്രമാണ് തൊഴിലാളികളുടെ എണ്ണം.
ഏറ്റവും മോശപ്പെട്ട സാഹചര്യത്തിൽ കുറഞ്ഞ കൂലിക്കു പണിയെടുക്കുന്നവർ. കൂലിവർധനയ്ക്കായി സ്ത്രീകൾ പ്രക്ഷോഭം നടത്തിയതിനുശേഷമാണ് നാമമാത്രമായ വർധന നടപ്പാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സർക്കാർ വിജ്ഞാപനത്തിലൂടെ തേയില, കാപ്പി, റബർ തോട്ടങ്ങളിൽ ജോലിഭാരം കൂട്ടി കൂലിവർധനയുടെ ഫലം ഇല്ലാതാക്കി. 20 ശതമാനമെന്ന് ഉറപ്പുനൽകിയ ബോണസ് 12 ശതമാനമാക്കി എന്ന പരിഭവമാണ് തോട്ടം തൊഴിളികളുടെ അനുഭവം.
(തുടരും)