പതാള് എന്ന സംസ്കൃതപദത്തില്‍നിന്നാണ് ഈ പ്രദേശത്തിന് പാതാള്‍കോട്ട് എന്നു പേരു ലഭിക്കുന്നത്. ആഴമേറിയത് എന്നാണ് അതിന്റെ അര്‍ഥം. മറ്റൊരു ഐതിഹ്യവും പാതാള്കോട്ടിനെക്കുറിച്ചു പറയുന്നു.
ലങ്കയുടെ രാജാവായിരുന്ന രാവണന്റെ മകന് മേഘനാദന് ഭഗവാന് ശിവനെ പ്രാര്‍ഥിച്ചശേഷം പാതാളത്തിലേക്കു പോയത് ഈ പ്രദേശത്തു കൂടിയാണെന്നാണു വിശ്വാസം. പാതാളത്തിലേക്കു പോകാനുള്ള ഏക മാര്‍ഗവും പാതാള്കോട്ടിലൂടെയാണെന്ന് ഇപ്പോഴും ആളുകള്‍ വിശ്വസിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ പാതാള്‍കോട്ട് ഭോന്സലേ രാജവംശത്തിന്റെ കഴിലായിരുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ഈ ദേശം പിടിച്ചടക്കുകയായിരുന്നു.
അടുത്തിടെ സര്‍ക്കാര്‍ പാതാള്കോട്ടിനെ ഇക്കോ-ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികള്‍ ആരംഭിച്ചു. ഇന്ന് മികച്ച ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് പാതാള്‍കോട്ട്. ജൈവവൈവിധ്യങ്ങളും ആദിവാസി സംസ്കാരവും അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാതാള്‍കോട്ട് സന്ദര്‍ശനം മികച്ച അനുഭവമായിരിക്കും.