ഏറെ വൈകാതെ തന്നെ മീനു തന്റെ ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും വൈകല്യമുള്ള ഒരാളെ ജീവിത പങ്കാളിയാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഡിക്സന് അവളോട് പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. പക്ഷേ വൈകല്യത്തിന്റെ പേരില്‍ ഡിക്സനെയും അദേഹത്തിന്റെ സംഗീതത്തെയും ഒഴിവാക്കാന്‍ മീനു ഒരുക്കമല്ലായിരുന്നു.
കാത്തിരിപ്പിന്റെ നാലു വര്ഷംഒരിക്കല് സംസാരത്തിനിടെ മീനു അമ്മയെ ഡിക്സന്റെ ഫോട്ടോ കാണിച്ച് തന്റെ ഇഷ്ടത്തെക്കുറിച്ച് ചെറിയൊരു സൂചന നല്കി. വ്യത്യസ്ത മതത്തിലുള്ള ശാരീരിക ന്യൂനതകളുള്ള ഒരാളെ മകളുടെ ജീവിത പങ്കാളിയാക്കാന്‍ അവര്‍ക്ക് താല്പര്യമില്ലാതിരുന്നതിനാല് ആ ചിന്ത വേണ്ടെന്ന് മകള്‍ക്ക് താക്കീത് നല്കി.
ഡിക്സനുവേണ്ടി മീനു നാലുവര്‍ഷത്തോളം കാത്തിരുന്നു. നാളുകള്‍ക്ക് ശേഷം മീനുവിന് വിവാഹാലോചനകള്‍ എത്തിത്തുടങ്ങിയ കാലത്ത് വിദേശത്തുള്ള അച്ഛന് വിവാഹം ഉറപ്പിക്കുന്നതിനായി നാട്ടിലെത്തി. മകളുടെ ഇഷ്ടത്തെക്കുറിച്ച് അമ്മ അദ്ദേഹത്തോട് പറഞ്ഞെങ്കിലും അദ്ദേഹം എതിര്‍ത്തു.
ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഈ ബന്ധത്തില്‍നിന്ന് പിന്മാറാന് മീനുവിനെ പ്രേരിപ്പിച്ചു. ആലപ്പുഴ സ്വദേശിയുമായി വിവാഹം നിശ്ചയിച്ച പിറ്റേന്ന്, 2015 ഡിസംബര്‍ 14-ന് മീനു മറ്റൊന്നും ആലോചിക്കാതെ ഡിക്സന്റെ വീട്ടിലേക്കു പോന്നു. വ്യത്യസ്ത സമുദായം ആയതിനാല്‍ ക്രൈസ്തവ മതത്തിലേക്ക് മാറിയ മീനു 2016 ഏപ്രില്‍ 20 ന് 24-ാം വയസില്‍ ഡിക്സന്റെ ജീവിതസഖിയായി.
രക്ഷാ സ്കൂളിലെ തന്നെ പൂര്‍വവിദ്യാര്‍ഥിയായ ഡിക്സന്റെ സംഗീതാഭിരുചി തിരിച്ചറിഞ്ഞത് അമ്മ കുഞ്ഞുമോളും അവിടത്തെ അധ്യാപകരുമായിരുന്നു. പളളുരുത്തി രാമന്‍കുട്ടി ഭാഗവതരുടെ ശിക്ഷണത്തില്‍ ചെറുപ്പത്തില്‍ സംഗീതം പഠിച്ചു തുടങ്ങിയ ഡിക്സന് പിന്നീട് ഉണ്ണികൃഷ്ണന് മാഷുടെ കീഴില്‍ സംഗീതം പഠിച്ചു.
കര്‍ണാടക സംഗീതത്തില്‍ ലോവര്‍ ഗ്രേഡ് പാസായ ഇദ്ദേഹം സഹൃദയ ഗാനമേള ട്രൂപ്പിലെ മികച്ച ഗായകരിലൊരാളാണ്. കൂടാതെ തോപ്പുംപടി ഒവര്‍ ലേഡീസ് ഹൈസ്കൂള്‍, ഫോര്‍ട്ടുകൊച്ചി കൊത്തലംഗേ സ്പെഷല്‍ സ്കൂള്‍ എന്നിവിടങ്ങളിലെ സംഗീതാധ്യാപകനും കൂടിയാണ്. വീട്ടില്‍ നിരവധി കുട്ടികള്‍ക്ക് സംഗീതം പഠിപ്പിക്കുന്നുമുണ്ട്.
പരസ്പരം താങ്ങും തണലുമായിപരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഡിക്സന്റെ താങ്ങും തണലുമായി മീനു എപ്പോഴും കൂടെയുണ്ട്. ഇലക്ട്രിക് വീല്‍ ചെയറിലേക്ക് തന്റെ ഭര്‍ത്താവിനെ എടുത്തിരുത്തുമ്പോഴും മീനുവിന് ഡിക്സന്റെ കരുതലിനെക്കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെയാണ്.
"നേടിയെടുക്കണമെന്നു കരുതി മുന്നോട്ടു കുതിച്ചവരേ ഈ ലോകത്ത് എന്തും നേടിയെടുത്തിട്ടുള്ളൂവെന്നാണ് ഇദ്ദേഹം പറയുന്നത്. ആ പോസിറ്റീവ് എനര്‍ജി എനിക്ക് തരുന്ന ശക്തി വളരെ വലുതാണ്. ഒരു സഹതാപത്തിന്റെ പേരിലല്ല ഞങ്ങള്‍ ഒന്നായത്.
നോര്മലായവരെ നോക്കി വിവാഹം കഴിക്കുന്നവര്‍ക്കിടയില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ട്. ഏതു പ്രതിസന്ധിക്കു മുന്നിലും ചങ്കൂറ്റത്തോടെയുള്ള അദ്ദേഹത്തിന്റെ നില്പ്പുമതി എനിക്ക്. എന്നെയും മോള് അമലയേയും പൊന്നുപോലെ നോക്കുന്നുണ്ട്.
എന്റെ വീട്ടുകാര്‍ക്കും ഇപ്പോള്‍ ഞങ്ങളോട് വല്യ സ്നേഹമാണ്.'- മട്ടാഞ്ചേരി യുആര്‍സി അര്‍ബന്‍ റിസോഴ്സ് സെന്ററിന്റെ കീഴിലെ വിവിധ സ്കൂളുകളിലെ അധ്യാപികയായ മീനു തന്റെ പ്രണയം പറഞ്ഞു നിറുത്തുന്നു.