എന്നാൽ, കാടുകളുടെ അതിർത്തി വിട്ട് ഇവ പോകാറില്ല. അതുകൊണ്ടുതന്നെ, കാടുകളോടു ചേർന്നു ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലായിരിക്കും ഈ കാലഘട്ടങ്ങളിൽ ഇവയെ കാണുന്നത്. കാടിറങ്ങുന്നത് ഒരിക്കൽ അത് അവരുടെ വാസസ്ഥലമായതുകൊണ്ടു കൂടിയാകണം.
വനത്തിൽ തങ്ങളുടെ ഭക്ഷണമായ മറ്റു പാമ്പുകളെ ലഭിക്കാതെ വരുമ്പോഴും ഇവ ഇരതേടി വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നു. നഗര പ്രദേശങ്ങളിലേക്കു രാജവെമ്പാലകൾ കടന്നുചെല്ലാനുള്ള സാധ്യത വളരെ കുറവാണ്.
അതുകൊണ്ടുതന്നെ, ഇത്തരത്തിൽ ജനവാസമുള്ള സ്ഥലത്തു നിന്ന് ഇവയെ കണ്ടെത്തിയാൽ അതിനു സമീപത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്കു വിട്ടയക്കുകയാണ് വേണ്ടത്. ഇതിനുപകരം കിലോമീറ്ററുകൾ അകലെ അവയെ വിട്ടയയ്ക്കുന്നത് ഇണയുടെ ഗന്ധം ലഭിച്ച സ്ഥലത്തേക്ക് അവയെ വീണ്ടും എത്താൻ പ്രേരിപ്പിക്കും, വിജയ് പറഞ്ഞു.
ഇണചേരലിനുശേഷം പെൺപാമ്പ് 50 മുതൽ 59 ദിവസത്തിനുശേഷം മുട്ടകൾ ഇടുന്നു. മാർച്ച് അവസാനം മുതൽ മേയ് അവസാനം വരെയുള്ള കാലഘട്ടങ്ങളിൽ ഉണങ്ങിയ ഇല ഉപയോഗിച്ചു കൂടുണ്ടാക്കിയാണ് ഇവ മുട്ടകൾ ഇടുന്നത്.
കൂടുണ്ടാക്കുന്ന ലോകത്തിലെ ഏക പാമ്പ്മിക്ക കൂടുകളും മരങ്ങളുടെ ചുവട്ടിലാണ് ഉണ്ടാക്കുക. 55 സെന്റിമീറ്റർ വരെ ഉയരത്തിലും 140 സെന്റിമീറ്റർ വീതിയിലും പല പാളികളായാണ് കൂട് നിർമിക്കുന്നത്. മിക്കവാറും ഒരു അറയുമുണ്ടാകും. അതിൽ പെൺ പാമ്പ് മുട്ടയിടുന്നു.
ഏഴു മുതൽ 43 വരെ മുട്ടകൾ ഉള്ളതിൽ 66 മുതൽ 105 ദിവസം വരെ കാലയളവിനുശേഷം ആറു മുതൽ 38 വരെ മുട്ടകൾ വിരിയും. 60-70 ദിവസം വരെ പെൺപാമ്പ് കൂടിന് കാവലായി സമീപത്തു തന്നെ ഉണ്ടാവുകയും ചെയ്യും. വിരിയുന്ന കുഞ്ഞുങ്ങൾക്ക് 37.5 മുതൽ 58.5 സെന്റിമീറ്റർ വരെ നീളവും ഒന്പതു മുതൽ 38 ഗ്രാം വരെ ഭാരവുമുണ്ടാകും.
കുഞ്ഞ് പാന്പുകളുടെയും വിഷം മാരകംവിരിഞ്ഞ കുഞ്ഞുങ്ങളുടെ വിഷം മുതിർന്ന പാമ്പുകളുടേതു പോലെ ശക്തമാണ്. തിളങ്ങുന്ന അവയുടെ നിറങ്ങൾ പക്വത പ്രാപിക്കുമ്പോൾ പലപ്പോഴും മങ്ങുന്നു. അവർ ജാഗരൂകരാണ്, അസ്വസ്ഥരാകുന്നുവെങ്കിൽ വളരെ ആക്രമണകാരികളാണ്.
ശരാശരി ആയുസ് 20 വർഷമാണ്. കൊട്ടിയൂരിൽ മുട്ടയിട്ട ശേഷം പെൺപാമ്പ് ഉപേക്ഷിച്ച കൂട് കണ്ടെത്തിയപ്പോൾ വിജയ് നീലകണ്ഠന്റെ നേതൃത്വത്തിൽ ഇവയിലെ മുട്ടകൾ വിരിയിച്ചെടുത്തിരുന്നു. രാജവെമ്പാലയുടെ മുഖ്യ ആഹാരം മറ്റു പാമ്പുകൾ തന്നെയാണ്. ഇവയിൽ വിഷമുള്ളവയും ഇല്ലാത്തവും ഉൾപ്പെടുന്നു.
എന്നിരുന്നാലും ആഹാരത്തിനു ദൗർലഭ്യം നേരിടുമ്പോൾ ഉടുമ്പിനെ ഭക്ഷിക്കുന്നതായി കണ്ടിട്ടുണ്ട്. ആഹാരം ദഹിക്കുന്നതിനുള്ള കാലതാമസം കാരണം വയർ നിറയെ ഒരിക്കൽ ആഹരിച്ചുകഴിഞ്ഞാൽ മാസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കുവാനാകും.
പകൽ സമയങ്ങളിൽ ഇരതേടുന്ന രാജവെമ്പാലയെ ദുർലഭമായെങ്കിലും രാത്രികാലങ്ങളിലും കാണാറുണ്ടെന്നും വിജയ് നീലകണ്ഠൻ പറഞ്ഞു. സംസ്ഥാനത്ത് വനംവകുപ്പിന്റെ കീഴിൽ 1,500 ഓളം വോളണ്ടിയർമാർ വന്യജീവി സംരക്ഷകരായി (വൈൽഡ് ലൈഫ് റെസ്ക്യൂവേഴ്സ്) പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതിൽ 15 ഓളം പേർ മാത്രമാണ് രാജവെമ്പാലയെ കൈകാര്യം ചെയ്യുന്നത്.
പാന്പുകൾക്ക് പുറമെ സംഗീതമാണ് വിജയ് നീലകണ്ഠന്റെ മറ്റൊരു ഇഷ്ട മേഖല. ഇന്ത്യയിലെ മികച്ച സംഗീതജ്ഞരുടെ സംഗീതം സാധാരക്കാരിലടക്കം എത്തിക്കുക എന്ന ലക്ഷ്യവുമായി പെരിഞ്ചല്ലൂർ സംഗീതസഭ സ്ഥാപിച്ച വിജയ് നീലകണ്ഠൻ സംഗീതജ്ഞരേയും, സംഗീത പ്രേമികളേയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നയാളാണ്. പെരിഞ്ചല്ലൂർ സംഗീതസഭയിൽ ഇതിനകം ലോക പ്രശസ്ത സംഗീതജ്ഞരുടെ 71 കച്ചേരികൾ നടന്നു കഴിഞ്ഞു.