എഐ തട്ടിപ്പ്... പ്രതികളെ പൊക്കാനായത് ഒരുവര്ഷത്തിനുശേഷംരാജ്യത്തെതന്നെ ആദ്യത്തെ എഐ കാമറ തട്ടിപ്പ് നടന്നതും കോഴിക്കോട്ടാണ്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഴുവന്‍ പ്രതികളും പിടിയിലായത്. 2023 ജൂലൈമാസത്തിലായിരുന്നു സംഭവം. കേസില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്.
പ്രധാന പ്രതി പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഇതരസംസ്ഥാനക്കാരായിരുന്നു മുഴുവന്‍ പ്രതികളും. നിർമിത ബുദ്ധിയിലെ ഡീപ് ഫേക്കിംഗ് സാങ്കേതിക വിദ്യയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
നഷ്ടമായ 40,000 രൂപ കേരളാ പോലീസിന്റെ സൈബർ വിഭാഗം കണ്ടെത്തിയത് വിദഗ്ധമായ അന്വേഷണത്തിനൊടുവിലായിരുന്നു. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. അക്കൗണ്ട് കേരളാ പോലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തു.
നാല് തവണയായാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഡീപ്ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഹൃത്തിന്റെ മുഖം വ്യാജമായി നിർമിച്ച് വീഡിയോ കോൾ ചെയ്ത ശേഷം പണം തട്ടിയെടുക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട് ചാലപ്പുറം സ്വദേശി പി.എസ്. രാധാകൃഷ്ണനാണ് പരാതി നൽകിയത്.
വാട്സാപ്പ് സന്ദേശത്തിൽ കുടുങ്ങിമുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്റെ പേരിൽ വീഡിയോ കോളിലെത്തി തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടത്. രാത്രി പലവട്ടം ഫോൺ വിളി വന്നെങ്കിലും എടുത്തില്ല. പിന്നീട് നെറ്റ് ഓണ്‍ ചെയ്തപ്പോള്‍ അതേ നമ്പറില്‍നിന്നും വാട്സാപ്പ് സന്ദേശങ്ങള്‍ കണ്ടു.
കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു ഫോട്ടോ സഹിതമുള്ള സന്ദേശത്തിൽ പറഞ്ഞിരുന്നത്. പഴയ സുഹൃത്തുക്കളെക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള സുഖവിവരം ആരാഞ്ഞതോടെ സുഹൃത്തുതന്നെയാണെന്ന് ഉറപ്പിച്ചു.
പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയയ്ക്കായി കൂടെയുള്ള ആൾക്ക് 40,000 രൂപ അയയ്ക്കാൻ ആവശ്യപ്പെടുന്നത്. താൻ ദുബായിലാണെന്നും മുംബൈയിൽ എത്തിയാലുടൻ പണം നൽകുമെന്നായിരുന്നു വാഗ്ദാനം. പണം അയച്ചശേഷം വീണ്ടും പണം ആവശ്യപ്പെട്ടതാണ് രാധാകൃഷ്ണന് ഇത് സുഹൃത്ത് തന്നെയാണോ എന്ന സംശയം തോന്നിയത്.
ഒടുവിൽ സുഹൃത്തിന്റെ പഴയ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്. മറ്റു സുഹൃത്തുക്കള്‍ക്കും ഇതേയാളുടെ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണൻ സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.