ഒരു വര്‍ഷത്തനിപ്പുറം ക്രൈം ബ്രാഞ്ച്... മാമിയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതിയിൽ ഹേബിയസ് കോർപസും ഫയൽ ചെയ്തു. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി കോഴിക്കോട്ട് വന്നപ്പോൾ പരാതി നൽകിയിരുന്നു.
രണ്ടുമാസം മുന്‍പ് വീണ്ടും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകി. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സിബിഐ അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കുടുംബവും സമ്മതിച്ചിട്ടുണ്ട്. അന്വേഷണസംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരിത്തിയിട്ടുണ്ട്. മുന്‍പ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനവും പരിശോധിക്കും.
അന്വേഷണം ഗിയര്‍ മാറുന്നു മാമി തിരോധാന കേസിൽ മാമിയുമായി അടുത്ത ബന്ധമുള്ളയാളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
മുന്‍പ് കേസ് അന്വേഷിച്ച മലപ്പുറം ജില്ലാ പോലീസ്മേധാവി തയാറാക്കിയ കേസ് ഡയറിയും ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനെ കേന്ദ്രീകരിച്ചാവും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുക.
പോലീസ് തയാറാക്കിയ പട്ടികയിലുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. വെള്ളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്.
എരിവ് തേച്ച് പി.വി. അന്‍വറും ഇതിനിടെ കേസിൽ എഡിജിപി എം.ആർ. അജിത്കുമാർ ഇടപെട്ടുവെന്ന് പി.വി. അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചു. മാമി തിരോധാനക്കേസിൽ അജിത് കുമാറിന് വ്യക്തമായ പങ്കുണ്ടെന്നാണ് അൻവർ പറഞ്ഞത്.
അൻവർ ആരോപണം ഉന്നയിച്ചതിനു പിന്നാലെ കേസ് സിബിഐയ്ക്ക് വിടാമെന്ന് മലപ്പുറം എസ്പിയും അന്വേഷണ സംഘത്തലവനുമായ എസ്. ശശിധരൻ ഡിജിപിക്ക് റിപ്പോർട്ട് നൽകി. എന്നാൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കുകയായിരുന്നു.