അരങ്ങിന്റെ അരിക് ചേർന്ന്
സിനിമയിലായാലും നാടകത്തിലായാലും നമുക്ക് പരിചിതരായ ചില മുഖങ്ങളുണ്ടാകും. അല്ലെങ്കിൽ നമുക്ക് എളുപ്പം ദർശിച്ചെടുക്കാൻ കഴിയുന്ന പ്രതലത്തിൽ വാഴുന്ന ചിലരുണ്ടാകും. അവരായിരിക്കും നമ്മളെ സംബന്ധിച്ച് ആ കലാരൂപത്തിന്റെ അവസാന വാക്ക്. അത് നടനാകാം, സംവിധായകനാകാം, തിരക്കഥാകൃത്താകാം, ഗായകരാകാം... ഇത്തരക്കാരെ താരമൂല്യത്തോടെ ആരാധിക്കാനും നമുക്കറിയാം.

നാടകം കണ്ടുകഴിഞ്ഞാൽ അണിയറയിൽ ചെന്ന് അഭിനന്ദനം അർപ്പിക്കുന്ന പതിവ് എല്ലാ നാട്ടിലുമുണ്ട്. ഇതൊക്കെയും നിത്യവും ലഭിച്ചുകൊണ്ടിരിക്കുന്നതാകട്ടെ നടീ–നടൻമാർക്കോ സംവിധായകനോ മാത്രമായിരിക്കും. കാരണം നമ്മുടെ കാഴ്ചയ്ക്ക് അരങ്ങെന്നാൽ അവരാണ്. എന്നാൽ തുടക്കം മുതൽ ഒടുക്കം വരെ അരങ്ങിന്റെ ആസ്വാദനം നടീ–നടൻമാർ മാത്രമാണോ. സംവിധായകന്റെ ഭാവനയ്ക്കനുസരിച്ച് അഭിനയിക്കുന്നവർക്കൊപ്പം ഒഴുകിയെത്തുന്ന പശ്ചാത്തല സംഗീതവും പ്രധാന ഘടകം തന്നെയാണ്. അരങ്ങിന്റെ താളം നഷ്‌ടപ്പെടാതെ പശ്ചാത്തല സംഗീതം കാഴ്ചക്കാർക്ക് പകർന്നുനൽകാൻ വിധിക്കപ്പെട്ട ചിലരുണ്ട്. അരങ്ങിന്റെ അരിക്ചേർന്ന് അന്ധകാരത്തിലിരുന്നാണ് ഇവർ തങ്ങളുടെ കർമം നിറവേറ്റാറ് പതിവ്.

ഏറെ അർപ്പണബോധത്തോടെ അരങ്ങിനെ സമീപിക്കുന്ന കലാകാരനു മാത്രം സാധിക്കുന്ന ഒന്നാണ് സംഗീത നിയന്ത്രണം. സാങ്കേതിക ബോധം, സംഗീത ബോധം, അരങ്ങിനെ കുറിച്ചുള്ള പൊതുബോധം, നാടകകഥയെ കുറിച്ചും കഥാസന്ദർഭത്തെ കുറിച്ചുമുള്ള ധാരണ എന്നിവ അരങ്ങിന്റെ സംഗീത നിയന്ത്രണം നടത്തുന്ന ഒരാൾക്ക് വേണ്ടുന്ന അനിവാര്യഘടകങ്ങളാണ്. ആരോരുമറിയാതെ അരങ്ങിന്റെ ഭാഗമാകുന്ന ഇവർ ഒരു നാടകത്തിന്റെ ജനനം മുതൽ അതിന്റെ വളർച്ചയുടെ ഓരോ അണുവിലും കർമത്തെ സമർപ്പിക്കേണ്ടതുണ്ട്. അങ്ങനെ അരങ്ങിന്റെ സംഗീതത്തെ നിയന്ത്രിക്കാൻ ജീവിതം സമർപ്പിച്ച ഒരു കലാകാരനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സംഗീത നിയന്ത്രണം എന്ന ഏറെ പ്രയാസമുള്ളതും പ്രാധാന്യമുള്ളതുമായ കലാരൂപത്തെ ജീവിതത്തോടു ചേർത്തുപിടിച്ച റോബർട്ട് ലിയോ. അരങ്ങിനെ സ്നേഹിച്ച് അതിന്റെ ഭാഗമാകാൻ കൊതിക്കുകയും യാദൃശ്ചികമായി എത്തപ്പെട്ട സംഗീതനിയന്ത്രണം എന്ന മേഖലയിൽ തന്റേതായ വ്യക്‌തിമുദ്ര പതിപ്പിക്കുകയും ചെയ്ത വ്യക്‌തിയാണ് ഇദ്ദേഹം. കഴിഞ്ഞ പത്തുവർഷമായി കണ്ണൂർ സംഘചേതന എന്ന പ്രഫഷണൽ നാടകസംഘത്തിന്റെ നാടകങ്ങളുടെ സംഗീത നിയന്ത്രണം റോബർട്ട് ലിയോ ആണ് നിർവഹിക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ കളിച്ച സംഘചേതനയുടെ പത്ത് നാടകങ്ങളുടെ സംഗീതനിയന്ത്രണം അണിയറയിലിരുന്ന് കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. അരങ്ങിന്റെ വെള്ളിവെളിച്ചത്തിൽ ആഘോഷിക്കപ്പെടാതെ അരികുജീവിതമാക്കപ്പെട്ട ഇത്തരം കലാകാരന്മാരെ കൂടെ ഓർക്കേണ്ടത് അരങ്ങിന്റെ അനിവാര്യതയാണ്.

നാടകത്തിന്റെ നാട്ടുമണം

കുട്ടിക്കാലം മുതൽക്കേ നാടകത്തോട് താത്പര്യമുണ്ടായിരുന്നു റോബർട്ടിന്. കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് മാടായിയിലെ വീടിനു സമീപം നാടകത്തെ ഇഷ്‌ടപ്പെടുന്നവരും നാടകകാരൻമാരും നിരവധിയുണ്ടായിരുന്നു. ആ നാട്ടുമണം റോബർട്ടിലേക്കും പടർന്നു. അൽപ്പാൽപ്പമായി കണ്ടറിഞ്ഞ നാടകം എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് യാഥാർഥ്യമാകുന്നത്. കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. യുവജനോത്സവത്തിനു നാടകം കളിക്കാൻ തീരുമാനിച്ചു. അക്കാര്യത്തിൽ കൂട്ടുകാർക്കും സമ്മതം. അങ്ങനെ കെപിസി ചെറുതാഴം എന്ന നാടക രചയിതാവ് എഴുതിയ ഇരുണ്ടലോകം എന്ന അരമണിക്കൂർ നാടകം അവതരിപ്പിച്ചു. അതിൽ ഗുഹാമുഖം കാവൽക്കാരനായ വയോധികന്റെ വേഷമിട്ട റോബർട്ട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. പത്തിൽ പഠനം നിർത്തിയപ്പോൾ കുഞ്ഞിമംഗലത്തെ ചിറവക്കം സൂര്യകല എന്ന നാടക സമിതിയിലേക്കായി റോബർട്ടിന്റെ യാത്ര. മരട് രഘുനാഥിന്റെ കറക്ക് കമ്പനി എന്ന നാടകത്തിലായിരുന്നു സൂര്യകലയിൽ റോബർട്ടിന്റെ അരങ്ങേറ്റം. തുടർന്ന് സൂര്യകലയുടെ ഏഴു നാടകങ്ങളിൽ വേഷമിട്ടു. പിന്നീട് രവിറാമിന്റെ നേതൃത്വത്തിൽ ആരംഭിച്ച ധന്യാ തിയറ്റേഴ്സ് എന്ന നാടകസമിതിയിലേക്കു ചേക്കേറി. അവിടെയും നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ആയിടയ്ക്ക് കോഴിക്കോട് ആകാശവാണിയിൽ റേഡിയോ നാടകങ്ങൾക്കു നടൻമാരെ ആവശ്യമുണ്ട് എന്നറിഞ്ഞ് അപേക്ഷ അയയ്ക്കുകയും ബി ഗ്രേഡ് ആർട്ടിസ്റ്റായി തെരഞ്ഞെടുക്കുകയും ചെയ്തു.

ആദ്യത്തെ സംഗീതനിയന്ത്രണം

രവിറാം കണ്ണൂർ രംഗമുദ്ര എന്ന പേരിൽ പുതിയൊരു നാടകസമിതിക്ക് തുടക്കമിട്ടപ്പോൾ ടി. എസ്. രാജുവിന്റെ സമുദ്രം ആദ്യനാടകമാക്കാൻ തീരുമാനിച്ചു. അതിന്റെ സ്ക്രിപ്റ്റ് രവിറാമും റോബർട്ടും കോട്ടയത്ത് ചെന്ന് സംഘടിപ്പിച്ചു. എന്നാൽ അഭിനേതാക്കളെ തെരഞ്ഞെടുത്തപ്പോൾ നിർഭാഗ്യത്താൽ റോബർട്ടിന് ഇടംകിട്ടിയില്ല. എന്നാൽ ആ നാടകത്തിൽ സംഗീത നിയന്ത്രണം ചെയ്യാൻ ആരും ഉണ്ടായില്ല. അതിനാൽ അക്കാര്യം റോബർട്ട് ഏറ്റെടുത്തു. അരങ്ങിനായി ആദ്യമായി റോബർട്ട് നടത്തിയ സംഗീത നിയന്ത്രണം അതാണ്. തുടർന്ന് രംഗമുദ്ര അരങ്ങിലെത്തിച്ച അധികാരികൾ, മദർ ഇന്ത്യ, കൈകേയ്മാരുടെ അയോധ്യ തുടങ്ങിയ നാടകങ്ങളിലും റോബർട്ട് സംഗീതനിയന്ത്രണം നിർവഹിച്ചു. അക്കാലത്തെ സംഗീതനിയന്ത്രണത്തെ കുറിച്ച് റോബർട്ട് ഇങ്ങനെ പറയുന്നു.

‘‘ടേപ്പിൽ ഉപയോഗിക്കുന്ന കാസറ്റിലാണ് നാടകത്തിന്റെ പശ്ചാത്തല സംഗീതം റിക്കാർഡ് ചെയ്തിരുന്നത്. നാടകം തുടങ്ങിയാൽ ടേപ്പ് ഓൺ ചെയ്ത് അതുമായി ബന്ധിപ്പിച്ച ഇയർഫോൺ ചെവിയിൽ തിരുകി ശ്രദ്ധിച്ചിരിക്കണം. ഇപ്പോഴത്തെ സിഡി പ്ലയർ പോലെ അന്നു കാര്യങ്ങൾ എളുപ്പമല്ല. ഒരു രംഗം കഴിഞ്ഞാൽ അടുത്ത രംഗത്തിലേക്ക് അനുയോജ്യമായ സംഗീതം റിക്കാർഡ് ചെയ്ത പ്രകാരം പ്ലേ ചെയ്യിക്കണം. ചില അഭിനേതാക്കൾ ചില രംഗങ്ങൾ മറന്ന് അടുത്തത് പറഞ്ഞാൽ ഞങ്ങൾ കുഴഞ്ഞുപോകും. ആ രംഗം കണ്ടെത്തി ടേപ്പ് ഫോർവേഡ് ചെയ്ത് ശരിയായ സംഗീതം സമയത്ത് പ്ലേ ചെയ്യിക്കണം.’’


കണ്ണൂർ കാവ്യകേളി, മലബാർ ഭരത് തീയറ്റേഴ്സ്, കോഴിക്കോട് മലബാർ വിഷൻ തുടങ്ങിയ പ്രഫഷണൽ നാടക സമിതികളിലും റോബർട്ട് സംഗീത നിയന്ത്രണം ചെയ്തു.

സംഗീതം സംഘചേതനയിൽ

2005 ലാണ് കേരളത്തിലെ മികച്ച നാടക സംഘങ്ങളിലൊന്നായ കണ്ണൂർ സംഘചേതനയിലേക്ക് റോബർട്ടിന് ക്ഷണം ലഭിക്കുന്നത്. മനോജ് കാന സംവിധാനം ചെയ്ത പിരാനയാണ് നാടകം. അതുവരെ ടേപ്പ് റിക്കാർഡിൽ സംഗീത നിയന്ത്രണം നിർവഹിച്ച റോബർട്ട് സംഘചേതനയിൽ സിഡി പ്ലയർ ഉപയോഗിച്ചാണ് അരങ്ങിൽ ശബ്ദമൊരുക്കിയത്. തുടർന്ന് സംഘചേതനയുടെ സഖാവ്, ദി ഗ്രേറ്റ് ട്രയൽ, കനൽപാത, സൂര്യഹൃദയം, ഉണർത്തുപാട്ട്, രണ്ടിടങ്ങഴി, കാലം സാക്ഷി, ചിത്രശലഭങ്ങൾക്കൊരു വീട്, ശ്രീനാരായണഗുരു എന്നീ നാടകങ്ങളിലും സംഗീത നിയന്ത്രണം നിർവഹിച്ചു. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ സംഘചേതനയുടെ നാടകം അരങ്ങേറിയപ്പോൾ ആരോരുമറിയാതെ അരങ്ങിന്റെ ഓരംപറ്റി റോബർട്ടുമുണ്ടായിരുന്നു; നാടകത്തിനു താളഭംഗംവരാതെ കാക്കാൻ.

കണ്ണും കരങ്ങളുമർപ്പിച്ച സംഗീത നിയന്ത്രണത്തെക്കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ റോബർട്ട് വീണ്ടും വാചാലനായി– ‘‘നാടകത്തിന്റെ പൂർണതയ്ക്ക് പശ്ചാത്തല സംഗീതം അനിവാര്യമാണ്, പ്രത്യേകിച്ച് ഈ പുതിയ കാലത്ത്. ആദ്യകാലത്തെ ടേപ്പ് റിക്കാർഡറിൽ നിന്നു സിഡി പ്ലയറിലേക്കും ലാപ്ടോപ്പിലേക്കും സാങ്കേതികവിദ്യ മാറിയപ്പോൾ സംഗീത നിയന്ത്രണം ചെയ്യുന്നയാൾക്ക് കാര്യങ്ങൾ എളുപ്പമായിട്ടുണ്ട്. എങ്കിലും അർപ്പണബോധം അന്നും ഇന്നും ഒരുപോലെയാണ്. റിക്കാർഡിംഗ് സ്റ്റുഡിയോയിൽ നിന്നും തുടങ്ങുന്നു ഞങ്ങളുടെ ജോലി. സംഗീത സംവിധായകൻ സംഗീതം നിർവഹിച്ച് തുടർകാര്യങ്ങൾ നമ്മളെയാണ് ഏൽപിക്കുന്നത്. നാടകത്തിന്റെ സ്ക്രിപ്റ്റ് പൂർണമായും നമ്മൾ മനസിലാക്കണം. ആദ്യറിഹേഴ്സൽ മുതൽ അവസാന അവതരണം വരെ ഞങ്ങൾക്കു വിശ്രമമുണ്ടാകില്ല. റിഹേഴ്സൽ നടക്കുമ്പോൾ തങ്ങളുടെ രംഗം അഭിനയിച്ചാൽ നടൻമാർക്കു വിശ്രമിക്കാം. എന്നാൽ ഞങ്ങൾക്ക് അതൊന്നും ബാധകമല്ല. അഭിനേതാക്കൾ റിഹേഴ്സൽ സമയത്ത് തെറ്റിച്ചാലും നമ്മൾ വീണ്ടും വീണ്ടും സംഗീതം ക്രമീകരിച്ച് കൂടെയുണ്ടാകണം. അതായത് നമ്മളുടെ ജോലി നമ്മൾ കൃത്യമായി പഠിച്ചാലും മാറിയിരിക്കാൻ സാധിക്കില്ല. റിഹേഴ്സൽ കഴിയുമ്പോൾ നാടകവും സംഭാഷണവുമെല്ലാം നമ്മൾക്ക് കാണാപാഠമായിരിക്കും. നാടകാവതരണത്തിന് പോയാൽ വളരെ വേഗം നമ്മുടെ സ്‌ഥലമൊരുക്കേണ്ടതുണ്ട്. സ്റ്റേജിന്റെ വലതുഭാഗത്താണ് നമ്മൾ ഇരിക്കാറ് പതിവ്. അത് പണ്ടുമുതലേ തുടരുന്ന രീതിയാണ്. മറ്റ് ക്രമീകരണങ്ങളുടെ സൗകര്യവും കൂടി കണക്കിലെടുത്താണ് ഞങ്ങളുടെ വലതുഭാഗത്തെ ഇരിപ്പ്. മങ്ങിയ പ്രകാശം നമുക്കായി ഒരുക്കിയിട്ടുണ്ടാകും. ആ വെളിച്ചത്തിലാണ് സ്ക്രിപ്റ്റ് നോക്കി ക്രമപ്പെടുത്തിയ നമ്പർ പ്രകാരം സംഗീത നിയന്ത്രണം നിർവഹിക്കുന്നത്. ശ്രദ്ധ ഒരു പോലെ സ്റ്റേജിലും പുസ്തകത്തിലും സിഡി പ്ലയറിലും വേണം. സാഹചര്യത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ ക്രമനമ്പർ മാറി പശ്ചാത്തല സംഗീതം തെറ്റായി ചെയ്താൽ അത് നാടകത്തിന്റെ മുഴുവൻ പരാജയമായി കാണികൾ വിലയിരുത്തും. അതിനാൽ ഓരോ നിമിഷവും ഏറെ കരുതലോടെയാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. എന്നാൽ നാടകം കഴിഞ്ഞാൽ നമ്മളെ ആരും ശ്രദ്ധിക്കാറില്ല. അഭിനേതാക്കളെ അഭിനന്ദിക്കാനായിരിക്കും കാണികളുടെ തിടുക്കം. എന്നാൽ നാടകത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ ചിലപ്പോഴൊക്കെ വന്ന് അഭിനന്ദിച്ചിട്ടുമുണ്ട്’’. ഇത് പരാതിയോ പരിഭവമോ അല്ല. അരങ്ങിന്റെ ‘അരികുജീവിതങ്ങളുടെ’ യാഥാർഥ്യമാണ്. നാടകം കൊണ്ട് പണക്കാരനാകാൻ റോബർട്ടിനു സാധിച്ചിട്ടില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നാടകമില്ലാത്ത ദിവസങ്ങളിൽ കൂലിപ്പണിക്ക് പോകും. മക്കളുടെ വിദ്യാഭ്യാസ ചെലവും ഭാരിച്ച വീട്ടുചെലവും ചിലപ്പോഴൊക്കെ റോബർട്ടിനെ തളർത്തിയിട്ടുണ്ട്. അപ്പോഴൊക്കെ ഒറ്റയ്ക്കൊളിഞ്ഞിരുന്ന് കരയും. എന്നിട്ടും എന്തിന് നാടകമെന്നും അതിൽ തന്നെ നാലാളറിയാത്ത ജോലിയെന്നും ചോദിച്ചാൽ റോബർട്ട് ചിരിക്കും. എന്നിട്ട് പറയും– ‘നാടകം രക്‌തത്തിലുണ്ട്, അതിനെവിട്ടൊരു കളിയുമില്ല’.

വായിച്ചും കേട്ടും സംഗീതത്തെ കുറിച്ച് ആധികാരികമായി നേടിയ അറിവും റോബർട്ടിനുണ്ട്. തൂമഞ്ഞ് എന്ന പേരിലുള്ള ക്രിസ്തീയ ഭക്‌തിഗാന സിഡിക്ക് സംഗീതം പകർന്നിട്ടുമുണ്ട് ഇദ്ദേഹം.

ലിയോ–വിക്ടോറിയ ദമ്പതികളുടെ രണ്ടു മക്കളിൽ ഏറ്റവും ഇളയവനായ റോബർട്ട് ഇന്ന് ചെറുതാഴം കോടിത്തായൽ എന്ന പ്രദേശത്താണ് താമസം. ഭാര്യ: ബ്രിജിത്ത്. മക്കൾ: ജീന, ജീതു. നാടകം കണ്ടിറങ്ങുന്നവർ ഇനിയെങ്കിലും അരങ്ങിന്റെ കാഴ്ചയെത്താത്ത ഇടങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കണം. ജീവിതം നാടകത്തിന് സമർപ്പിച്ച ഇത്തരം കലാകാരൻമാർ അന്ധകാരത്തിന്റെ ഓരംപറ്റി അവിടെയൊക്കെയുണ്ടാകും. നാടകം ഗംഭീരമാകണം എന്നതിൽ കവിഞ്ഞൊന്നും അവർ ആഗ്രഹിക്കുന്നില്ല. എങ്കിലും നിങ്ങളുടെ ഒരു നോട്ടം അവർക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്ത് നൽകുമെന്നുറപ്പ്. റോബർട്ടിന്റെ ഫോൺനമ്പർ: 9947295674

<യ> –ഷിജു ചെറുതാഴം