അനുമോൾക്ക് ഇനി മൈസൂർ കല്യാണം
<യ> പ്രദീപ് ഗോപി

ശക്‌തമായ സ്ത്രീകഥാപാത്രങ്ങളെ മാത്രം തെരഞ്ഞെടുത്തുകൊണ്ട് ഓരോ സിനിമയിലും പ്രത്യക്ഷപ്പെടുന്ന അനുമോൾ തന്റെ അടുത്ത ചിത്രത്തിലും അത് ആവർത്തിക്കാനൊരുങ്ങുന്നു. ഗൗരവക്കാരിയായ പെൺകുട്ടി... സാഹചര്യങ്ങളോട് ധീരമായി പൊരുതുന്ന പെൺകുട്ടി... തുടങ്ങിയ തരത്തിലുള്ള വേഷങ്ങളാണ് അനുമോൾ ചെയ്യുന്നതെല്ലാം. കാരണമന്വേഷിച്ചാൽ തനിക്കു ലഭിച്ചതിൽ അധികവും അത്തരം കഥാപാത്രങ്ങളാണെന്നും അതു തന്റെ ഭാഗ്യമാണെന്നും അനുമോൾ തുറന്നു പറയുന്നു. എന്നാൽ സിനിമ തെരഞ്ഞെടുക്കുന്നതിലെ അനുമോളുടെ വൈദഗ്ധ്യം കാണാതെ പോകാനാവില്ല. ഇവൻ മേഘരൂപൻ മുതൽ അകം, വെടിവഴിപാട്, ചായില്യം, ഞാൻ, വലിയ ചിറകുള്ള പക്ഷികൾ, അമീബ തുടങ്ങിയ സിനിമകളിലെല്ലാം തന്നെ ശക്‌തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു. ഈ സിനിമകളൊന്നും ആകസ്മികമായി സംഭവിച്ചതല്ല. താൻ എന്ത് ചെയ്യണം... എന്തു ചെയ്യരുത്... എന്ന് അനുമോൾക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട് എന്നുറപ്പാണ്.

മൈസൂർകല്യാണം പ്രമേയമാകുന്ന ചിത്രത്തിലാണ് അനുമോൾ അടുത്തതായി നായികയാകുന്നത്. നവാഗതനായ തൂഫയിൽ സംവിധാനം ചെയ്യുന്ന മൈസൂർ 150 കിലോമീറ്റർ എന്ന ചിത്രത്തിൽ മലബാറിൽ ഇന്നും നിലനിൽക്കുന്ന മൈസൂർകല്യാണം പ്രമേയമാകുന്നു. മൈസൂരിലേക്ക് വിവാഹം കഴിച്ചുകൊണ്ടുപോകുന്ന മലയാളിപ്പെൺകുട്ടിയായ കേന്ദ്രകഥാത്രത്തെ അനുമോളാണ് അവതരിപ്പിക്കുന്നത്. നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് തന്നേക്കാൾ ഇരട്ടി പ്രായമുള്ളവരെ വരെ വിവാഹം കഴിക്കേണ്ടി വരുന്നതിനെക്കുറിച്ചും ഈ പെൺകുട്ടികൾ പിന്നീട് നേരിടേണ്ടിവരുന്ന ദുരന്തങ്ങളുമാണ് ചിത്രം പറയുന്നത്. നിലമ്പൂരിലെ എടക്കര എന്ന ഗ്രാമത്തിൽ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും. എടക്കരയിൽ നിന്ന് മൈസൂരിലേക്ക് 150 കിലോമീറ്ററാണ് ദൂരം. അതുകൊണ്ടാണ് ചിത്രത്തിന് മൈസൂർ 150 കിലോമീറ്റർ എന്ന് പേരിട്ടിരിക്കുന്നത്. അമിത് ജോളിയാണ് ചിത്രത്തിലെ നായകൻ.

ചായില്യത്തിലെ ഗൗരി എന്ന ഉജ്‌ജ്വലമായ കഥാപാത്രത്തിലൂടെ അനുമോൾ വിവിധ വേഷപ്പകർച്ചകൾ നടത്തിയത് ശ്രദ്ധേയമായി രുന്നു. ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷം തെരഞ്ഞെടുത്തതിൽ അനുമോൾ കാട്ടിയധൈര്യം അഭിനയ ജീവിതത്തോട് അനുമോൾക്കുള്ള തികഞ്ഞ അർപ്പണബോധത്തെ വെളിവാക്കുന്നു. വ്യവസ്‌ഥാപിത നായികാ സങ്കൽപ്പങ്ങളെ മറികടന്ന ഈ കഥാപാത്രം ഉജ്‌ജ്വലമായി അനുമോൾ അവതരിപ്പിച്ചു. അമീബയിൽ വളരെ ശക്‌തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്. കാസർഗോഡിനെ കീഴടക്കിയ എൻഡോസൾഫാൻ ദുരന്തത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം. സമാനമായ കഥാപാത്രമായിരുന്നു വലിയ ചിറകുള്ള പക്ഷികളിലെയും. ഇനി അനുമോൾക്ക് മൈസൂർ കല്യാണം...

മൈസൂർ കല്യാണം

മൈസൂരിലേക്കു കല്യാണം കഴിച്ചു കൊണ്ടുപോകുന്ന നിലമ്പൂർ ഭാഗത്തു നിന്നുള്ള പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. കുടുംബത്തിലെ പ്രാരാബ്ധം മൂലമാണ് ഈശ്വരാ ഈ പെൺകുട്ടിയുടെ ജീവിതം രക്ഷപ്പെടുത്തണേ എന്നു പ്രാർഥിച്ചു പെൺകുട്ടികളെ ഇങ്ങനെ മൈസൂരിലേക്കു കല്യാണം കഴിച്ചയയ്ക്കുന്നത്. ചെറുപ്പക്കാർക്കു പുറമേ പ്രായമായവരും ഇങ്ങനെ പെൺകുട്ടികളെ വിവാഹം ചെയ്തു കൊണ്ടുപോകുന്നു. കൊണ്ടുപോകുന്ന പെൺകുട്ടികളിൽ അധികം പേരെയെും ഇവർ മറ്റുള്ളവർക്കു കാഴ്ചവയ്ക്കുകയും വിൽക്കുകയുമൊക്കെയാണ് ചെയ്യുന്നത്. നന്നായി ജീവിക്കുന്നവരുമുണ്ട്. 20 ശതമാനം പേർ നന്നായി ജീവിക്കുമ്പോൾ മൈസൂർ കല്യാണം കഴിക്കുന്ന 80 ശതമാനം പേരുടെയും അവസ്‌ഥ മോശമാണ്. മൈസൂരിലേക്കു കല്യാണം കഴിച്ചു കൊണ്ടുപോകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് മെസൂർ 150 കിലോമീറ്റർ എന്ന സിനിമയിൽ പറയുന്നത്. ആ പെൺകുട്ടിയെയാണ് ഞാൻ ഈ സിനിമയിൽ ചെയ്യുന്നത്.

സ്ത്രീകഥാപാത്രത്തിനു പ്രാധാന്യം

അമീബയും വലിയ ചിറകുള്ള പക്ഷിയും പോലെ സ്ത്രീകഥാപാത്രത്തിനു വളരെയേറെ പ്രാധാന്യമുള്ള ചിത്രം തന്നെയാണ് മെസൂർ 150 കിലോമീറ്റർ. അങ്ങനെയൊരു ചിത്രം കിട്ടുന്നതിനു വേണ്ടിയാണ് ഞാൻ കുറച്ചുകാലം കാത്തിരുന്നത്. സിനിമയെ ഒരു വിനോദോപാധി മാത്രമായല്ല ഞാൻ കാണുന്നത്. ഒരു മീഡിയയും കൂടിയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ ഒരാളെങ്കിലും അതേപ്പറ്റി ആലോചിക്കുകയും ബോധവാനാകുകയും ചെയ്താൽ ഞാൻ ഹാപ്പിയാണ്. മൈസൂർ കല്യാണത്തെപ്പറ്റി ഒരു സിനിമ ചെയ്യുന്നതിനെപ്പറ്റി കാലങ്ങളായി പലരോടും സംസാരിച്ചിരുന്നു. അതാണ് ഈ സിനിമ വന്നപ്പോൾ ഞാൻ ആവേശത്തിലായത്.


കുട്ടികളുണ്ട് സൂക്ഷിക്കുക

കലവൂർ രവികുമാർ സാറിന്റെ പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക. അതിൽ ഞാൻ മെറിൻ മാത്യു എസിപിയുടെ വേഷത്തിലാണെത്തുന്നത്. ഒരു പോലീസ് വേഷത്തിലൊക്കെ എന്നെക്കാണാൻ കഴിയുന്നതും വേഷം ചെയ്യാൻ കഴിയുന്നതും ആവേശം പകരുന്ന കാര്യമാണ്. രണ്ടു കുട്ടികളെ ചുറ്റിപ്പറ്റിയുള്ള സിനിമയാണിത് (സനൂപ്, സിദ്ധാർഥ്). അനൂപ് മേനോനും ഭാവനയുമാണ് അവരുടെ മാതാപിതാക്കൾ. ഈ കുടുംബവും മെറിൻ മാത്യുവുമാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്.

സത്യരാജിനൊപ്പം

ഓരോ നടന്മാർക്കൊപ്പവും അഭിനയിക്കുമ്പോൾ അവർക്കൊപ്പമുള്ള അഭിനയാനുഭവത്തെക്കുറിച്ചു മാധ്യമങ്ങൾ ചോദിക്കുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. എല്ലാ അഭിനേതാക്കളും കാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ആ രംഗം നന്നാക്കാനും ആ സിനിമ നന്നാക്കാനുമാണ് ശ്രമിക്കുക. അപ്പോൾ നമ്മളും കൂടെ അഭിനയിക്കുന്ന ആളും അതിനാണ് ശ്രമിക്കുക. സത്യരാജ് സാറിനെ പോലുള്ള സീനിയർ നടന്മാർക്ക് ഒറ്റ ടേക്ക് മതിയാകും. എന്നെപ്പോലുള്ളവർക്ക് തെറ്റുവരുമ്പോൾ ചിലപ്പോൾ ഒന്നിലധികം ടേക്ക് എടുക്കേണ്ടിവരും. ചിലർക്ക് അത് ക്ഷമിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ സത്യരാജ് സാർ വളരെ നന്നായി ക്ഷമിച്ച് എന്നെ സപ്പോർട്ട് ചെയ്തു. സത്യരാജ് സാർ ഇല്ലാത്ത, എന്റെ ക്ലോസ് ഷോട്ട് എടുക്കുമ്പോൾ പോലും ഞാൻ ചെയ്യുന്നതും എന്റെ ലുക്കും നന്നായിക്കോട്ടെ എന്നു കരുതി അവിടെ വന്നു നിന്നുതന്നിട്ടുണ്ട്. അത്ര വലിയ താരമായിട്ടും അങ്ങനെ ചെയ്തു. എനിക്കു തോന്നുന്നത് അദ്ദേഹം അങ്ങനെ ചെയ്തത് എന്നെ പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം ആ സിനിമ നന്നായിക്കോട്ടെ എന്നു കരുതിയാവും. സിനിമ നന്നാക്കാനാണ് ഓരോ അഭിനേതാവും ശ്രമിക്കുക.

അതുകൊണ്ടുതന്നെ ആരും ഉപദ്രവിക്കുകയോ മോശം പറയുകയോ ദേഷ്യപ്പെടുകയോ ചെയ്യില്ല. എല്ലാവരും നന്നായി മാത്രമേ പെരുമാറൂ.

ഗ്ലാമർ വേഷങ്ങൾ

ഗ്ലാമർ വേഷത്തെപ്പറ്റി ഓരോരുത്തരുടെയും നിർവചനം പലതായിരിക്കും. ഭാവിയെപ്പറ്റി പറയാൻ ആർക്കുമാകില്ല. എന്നാൽ എനിക്കു കംഫർട്ടബിളായ വസ്ത്രമിട്ട് എനിക്ക് കംഫർട്ടബിളായ ആളുകൾക്കെപ്പം മാത്രമേ എനിക്ക് അഭിനയിക്കാനാകൂ. അല്ലാതെ എനിക്കു പെർഫോം ചെയ്യാൻ കഴിയില്ല. ഇനിയും അങ്ങനെ തന്നെ. ആളുകളായാലും ഡ്രസായാലും സ്ക്രിപ്റ്റായാലും. ഇതു ശരിയാകാതെ വന്നതിന്റെ പേരിൽ സിനിമകൾ വേണ്ടെന്നു വയ്ക്കേണ്ടി വന്നിട്ടുണ്ട്. നമുക്കു ചെയ്യാൻ പറ്റാത്തത് ഏറ്റെടുത്തിട്ട് കാര്യമില്ലല്ലോ. ചെയ്തു നശിപ്പിക്കുന്നതിലും നല്ലതല്ലേ ചെയ്യാതെ മാറിനിൽക്കുന്നത്.

വിവാഹം കഴിക്കില്ല എന്നു പറഞ്ഞിട്ടില്ല

വിവാഹം കഴിക്കില്ല എന്നു ഞാനൊരിക്കലും പറഞ്ഞിട്ടില്ല. വിവാഹമെന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണെനിക്കു തോന്നുന്നത്. രണ്ടു പ്രണയബന്ധം എനിക്കുണ്ടായിട്ടുണ്ട്. അതു രണ്ടിലും ഞാൻ പരാജയമായിരുന്നു. അതുകൊണ്ട് എനിക്ക് വിവാഹജീവിതത്തിലേക്കു കടക്കാൻ പേടിയാണ്. പണ്ടുകാലത്ത് പെൺകുട്ടികൾക്കു വീടിനു പുറത്തിറങ്ങണമെങ്കിൽ ആൺകൂട്ട് വേണമായിരുന്നു. അത് അച്ഛന്റെയോ ആങ്ങളയുടെയോ, ഭർത്താവിന്റെയോ കൂട്ട്. അതുകൊണ്ട് ഒരു പ്രായം കഴിഞ്ഞാൽ അന്ന് കല്യാണം അത്യാവശ്യമായി രുന്നു. ഇന്ന് ജനറേഷൻ മാറി. ആൺകുട്ടികളേ ക്കാൾ പെൺകുട്ടികൾ സ്ട്രോംഗായി. ഇപ്പോൾ എന്തുമാത്രം വിവാഹമോചനമാണ് നടക്കുന്നത്. അങ്ങനെയൊക്കെ നടക്കുന്നതുകൊണ്ടു പേടിയുണ്ട്. ആ തോന്നലുകൾ പേടിപ്പിക്കുന്നതാണ്. എന്നാൽ എനിക്കു കല്യാണമേ വേണ്ട എന്നല്ല. അതൊക്കെ ജീവിതത്തിൽ വന്നു സംഭവിക്കുന്നതാണ്. അങ്ങനെയൊന്നുണ്ടെങ്കിൽ സമയമാകുമ്പോൾ നടക്കും. അപ്പോൾ ഒരാൾ വന്ന് എന്റെ ഈ ചിന്തകളെല്ലാം മാറ്റിയെന്നു വരാം. അങ്ങനെയൊരു സാഹചര്യം വന്നാൽ വിവാഹമുണ്ടാകും. അല്ലാതെ വിവാഹത്തോട് എതിർപ്പൊന്നുമില്ല.

അമ്മ നൽകുന്ന ശക്‌തി

എന്റെ ധൈര്യവും സപ്പോർട്ടും അമ്മയാണ്. അമ്മയാണ് എന്നെ ഈ പരുവത്തിലാക്കിയെടുത്തത്. വീടുവിട്ട് അധികം പുറത്തു പോകാത്ത സ്ത്രീയാണ് അമ്മയെങ്കിലും ലോകം മുഴുവൻ എന്നെ ഒറ്റയ്ക്കു വിട്ട് സപ്പോർട്ട് ചെയ്തയാളാണ് അമ്മ. അമ്മയ്ക്ക് എന്നെ വിശ്വാസമാണ്. 1995–ൽ അച്ഛൻ മനോഹരൻ മരിച്ചു. എങ്കിലും ഞാനെവിടെ പോയാലും എന്റെ ചുറ്റും ഒരു സംരക്ഷണകവചമായി അച്ഛനുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. ഇതു രണ്ടുമാണ് എന്റെ ശക്‌തി. നിനക്കു ശരിയും തെറ്റും തിരിച്ചറിയാം. ശരി മാത്രം ചെയ്യുക എന്നു പറയുന്ന അമ്മ കലയും അനുജത്തി അഞ്ചുവും അച്ഛന്റെ സാന്നിധ്യവുമാണെന്റെ കരുത്ത്.