മനസിൽ കണ്ടാൽ നിപിൻ മാനത്തുകാണും
മനസിൽ കണ്ടാൽ നിപിൻ മാനത്തുകാണും
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമകൾ നിറഞ്ഞതാണു മെന്റലിസ്റ്റ് എന്ന വാക്ക്. പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴാണു മെന്റലിസ്റ്റ് എന്ന വാക്ക് പലരും ആദ്യമായി കേൾക്കുന്നത്. എന്താണ് മെന്റലിസ്റ്റ്, ആരാണ് മെന്റലിസ്റ്റ്. 10 വർഷമായി മെന്റലിസ്റ്റായി പ്രവർത്തിക്കുകയും നിരവധി ടിവി, സ്റ്റേജ് ഷോകളിലുടെ സാധാരണക്കാരന് അത്ഭുതവും ആകാംക്ഷയും സമ്മാനിക്കുന്ന നിപിൻ നിരവത്ത് എന്ന മെന്റലിസ്റ്റിനെ പരിചയപ്പെടാം. മലയാളികൾ മെന്റലിസ്റ്റ് എന്ന പദം കേൾക്കുന്നതിനു മുമ്പു തന്നെ നിപിൻ മെന്റലിസ്റ്റാകാൻ തയാറെടുക്കുകയായിരുന്നു. നിപിനു ഗുരുക്കൻമാരില്ല, സ്വയം കണ്ടെത്തിയ വഴിയിലുടെ സഞ്ചരിച്ചാണു മെന്റലിസ്റ്റും മജീഷ്യനുമൊക്കയായി മാറിയത്. ദീർഘനാളത്തെ പ്രാക്ടീസിലുടെയും പരിശ്രമത്തിലുടെയുമാണു നിപിൻ ടിവി ചാനൽ ഷോകളിലുടെ മലയാളികൾ നെഞ്ചോട് ചേർത്ത മൈൻഡ്് റീഡറും മെന്റലിസ്റ്റായും മാറിയത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുക എന്ന ലക്ഷ്യമാണു നിപിനെ ഹിപ്നോട്ടിസത്തിന്റെ ലോകത്ത് എത്തിച്ചത്.

പ്രേതങ്ങളുമായുള്ള സംവാദം

ഒരാളുടെ മനസുവായിച്ചെടുക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മോഹിക്കാത്തവർ ആരും തന്നെയുണ്ടാവില്ല. മറ്റുള്ളവരുടെ മനസുവായിച്ചാണു നിപിൻ നിരവത്ത് എന്ന യുവാവ് ശ്രദ്ധനേടുന്നത്. മറ്റുള്ളവർ മനസിൽ സൂക്ഷിച്ചിരിക്കുന്ന ചില രഹസ്യങ്ങൾ നിപിൻ അവർ അറിയാതെ മനസിലാക്കിയെടുത്തു പറയുമ്പോൾ അത് ഏവരെയും ത്രില്ലടിപ്പിക്കും. മൈൻഡ് റീഡർ, മെന്റലിസ്റ്റ് എന്നീ നിലകളിൽ സ്റ്റേജ് ഷോകളിലുടെയും വിവിധ ചാനൽ ഷോകളിലുടെയുമാണ് നിപിൻ ഏവരുടെയും മനസിൽ ഇടംപിടിച്ചത്. പ്രേക്ഷകരുടെ മനസിലുള്ള അക്കങ്ങളും പേരുകളും വായിച്ചെടുക്കുക, കളികൂട്ടുകാരന്റെ പേരുകൾ വെളിപ്പെടുത്തുക, കലയുടെ രൂപത്തിൽ പ്രേതങ്ങളുമായുള്ള സംവാദം തുടങ്ങിയവ സ്റ്റേജിൽ അവതരിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ തലങ്ങൾ മലയാളിക്കു പരിചയപ്പെടുത്തുകയാണ് കോട്ടയം മുണ്ടക്കയം ഏന്തയാർ സ്വദേശി നിപിൻ.

സൈക്കോളജി, ന്യൂറോ ലിംഗ്വിസ്റ്റിക്സ് പ്രോഗ്രാം, ഹിപ്നോസിസ്, ബോഡി ലാംഗ്വേജ്, മൈക്രോ എക്സ്പ്രഷൻ, മാജിക് ഇവയെല്ാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണു മെന്റലിസത്തിന്റെ അവതരണം.

മറ്റൊരാളുടെ മനസിലേക്ക് അയാളുടെ അനുവാദത്തോടെ, എന്നാൽ അദ്ദേഹം അറിയാതെ ഒരു വിവരം പാസ് ചെയ്യുന്നു. അദേഹത്തിന്റെ സംസാരങ്ങൾക്കിടയിൽ ചുണ്ടുകളുടെയും കണ്ണുകളുടെയും ചലനം, ബോഡി ലാംഗ്വേജ് എന്നിവയിലൂടെ വിവരം മനസിലാക്കി പറയുന്നു. ഇതാണു മെന്റലിസത്തിന്റെ ചുരുക്കം.

അദ്ഭുതങ്ങളുടെ ലോകത്തേക്ക്

കുട്ടിക്കൽ സെന്റ് ജോർജ് സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായിരിക്കെ നിപിനെ പിതാവ് എൻ. .ടി. ജോസഫ് നാട്ടിൽ നടന്ന ഒരു മാജിക് ഷോ കാണിക്കുവാൻ കൊണ്ടുപോയി. പൂക്കൾ പഴങ്ങളാകുന്നതും, പെട്ടി തുറന്നപ്പോൾ സുന്ദരിയായ പെൺകുട്ടി പുറത്തുവരുന്നതുമായ ഇന്ദ്രജാലങ്ങൾ നിപിനെ മായാലോകത്തെത്തിച്ചു. മാജിക് കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ മുതൽ നിപിൻ മാജിക്കിന്റെ കാണാപ്പുറം തേടിയുള്ള സഞ്ചാരം ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജി ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോഴും മൈൻഡ് റീഡറാകുക എന്നതായിരുന്നു നിപിന്റെ സ്വപ്നം. തുടർന്നു കൊച്ചി ഡോൺ ബോസ്കോ കോളജിൽ നിന്നും ഗ്രാഫിക് ആർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിൽ ഡിപ്ലോമ സമ്പാദിച്ചു. സൈക്കോളജി, ന്യൂറോ ലിഗ്വിസ്റ്റിക്സ് പ്രോഗ്രാം, ഹിപ്നോട്ടിസം, മൈക്രോ എക്സ്പ്രഷൻ തുടങ്ങിയവയിൽ ഇപ്പോഴും റിസർച്ച് നടത്തിക്കൊണ്ടിരിക്കുകയാണ്.

വേറിട്ട അവതരണവുമായി ഇന്റുഷ്യൻസ്

നിപിന്റെ മെന്റലിസം ഷോയുടെ പേരാണ് ഇന്റുഷ്യൻസ്. മാന്ത്രിക കലയിൽ വേറിട്ടൊരു അവതരണ രീതിയും കലാമികവും ആധുനിക മനശാസ്ത്രം, ബോഡിലാംഗ്വേജ്, ഹിപ്നോസിസ് തുടങ്ങിയവയുടെ സഹായത്താൽ അവതരിപ്പിക്കുന്ന മെന്റലിസം ഷോയാണ് ഇന്റൂഷ്യൻസ്. മൈൻഡ് റീഡിംഗുമായി ബന്ധപ്പെട്ടു സാധാരണക്കാർക്കു പുതുമ നല്കുന്നതിനായി 45 മിനിറ്റ് ദൈർഘ്യത്തിലുള്ള ഷോയാണിത്. കോർപറേറ്റ് കമ്പനികളിലും ഫാമിലി കൂട്ടായ്മകളിലുമാണ് ഇന്റുഷ്യൻസ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരെക്കൂടി പങ്കെടുപ്പിച്ചു കൊണ്ട് അവരെ ത്രില്ലടിപ്പുക്കുന്നതും സന്തോഷിപ്പിക്കുന്നതും കൈയടിപ്പിക്കുന്നതുമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണു ഇന്റുഷ്യൻസ് സദസിൽ അവതരിപ്പിക്കുന്നത്. ആളുകളുടെ കൂട്ടായ്മയിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്നു. അയാളുടെ കുട്ടിക്കാലത്തെ ഓർമകൾ ചോദിക്കുന്നു. ഈ സമയത്ത് അയാളുടെ ചുണ്ടിലും ശരീരത്തുമുണ്ടാകുന്ന ചലനങ്ങൾ മനസിലാക്കി കുട്ടിക്കാലത്തെ കൂട്ടുകാരന്റെ പേരാണ് ആദ്യം പറയുന്നത്. തുടർന്ന് അയാളുടെ മനസ് നിപിൻ വായിച്ചെടുക്കും. മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ മൈൻഡ് റീഡിംഗിലുടെ പുറത്തെത്തിക്കുന്നതാണു ഇന്റുഷ്യൻസ് എന്ന ഷോയുടെ പ്രത്യേകത.


ജനശ്രദ്ധ നേടി ഷോകൾ

പ്രഗൽഭരുടെ മനസ് വായിക്കുന്ന വിദ്യയിലൂടെ ഇതിനോടകം ഇന്ത്യയ്ക്കത്തും പുറത്തും നിരവധി ഷോകൾ നിപിൻ ചെയ്തുകഴിഞ്ഞു. അത്ഭുതകലകളുടെ പുതുമകളും കാലത്തിനനുസരിച്ച് കലയിൽ വരുത്തിയ മാറ്റങ്ങളുമാണ് നിപിൻ നിരവത്തിന്റെ ഷോകളെ വേറിട്ടതാക്കുന്നത്. 1992 ൽ സ്കൂൾ സാഹിത്യ സമാജത്തിൽ അവതരിപ്പിച്ച ചെറിയ മാജിക്കിൽ തുടങ്ങി 1999 ലെ ദി ഗ്രേറ്റ് ഫയർ എസ്കേപ്പ് ആക്ട്, അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും എതിരെ ബോധവത്കരണം നടത്താനായി തെരുവ് മാജിക്, ശാന്തിമന്ത്ര എന്ന പേരിൽ മാന്ത്രിക യാത്ര തുടങ്ങി നിരവധി ഷോകളാണ് ഇതുവരെ അവതരിപ്പിച്ചത്. പി. സി. ജോർജ് എംഎൽഎയുടെ മനസുവായിച്ച് പെട്ടിയിൽ അടക്കം ചെയ്തത് 2013ലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് പ്രോഗ്രാമായിരുന്നു.

2016 മേയ് 12ന് വോട്ട് എന്റെ അവകാശം എന്ന ആശയം പ്രചരിപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ അവതരിപ്പിച്ച ഷോയും ജനശ്രദ്ധ നേടിയ ഒന്നാണ്. അന്നത്തെ എറണാകുളം ജില്ലാ കളക്ടറായിരുന്ന എം.ജി. രാജമാണിക്യം മനസിൽ വിചാരിച്ച ഒരു ചിത്രം സദസിൽ വച്ചു കണ്ണുകളിൽ നോക്കി വരച്ചതും സദസിൽ നിന്നും കളക്ടർ വിളിച്ച ഒരാളെ ഹിപ്നോട്ടിസത്തിന്റെ സഹായത്തിൽ ഉറക്കി എന്ത് ചോദ്യത്തിനും എന്റെ വോട്ട് എന്റെ അവകാശം എന്ന വാക്ക് മാത്രം ഹിപ്നോട്ടിസത്തിനു വിധേയനായ വ്യക്‌തി പറഞ്ഞതും നിപിനു ഏറെ കൈയടി നേടിക്കൊടുത്ത പ്രകടനങ്ങളാണ്.

അമ്മയുടെ പ്രോത്സാഹനം

മെന്റലിസവും മൈൻഡ് റീഡിംഗും മാജിക്കുമെല്ലാം കലയാണെന്നാണു നിപിന്റെ അഭിപ്രായം. തന്നിൽ ഇവയോടുള്ള താല്പര്യം വർധിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതുമെല്ലാം മാതാവ് ലിസിയമ്മയാണ്. തന്റെ ഓരോ പരീക്ഷണങ്ങളും വിജയിക്കുമ്പോൾ നിപിൻ ആദ്യം പറഞ്ഞിരുന്നതും ലിസിയമ്മയോടാണ്. പുതിയതായി ഏതെങ്കിലും ഒന്നു ചെയ്യാൻ തീരുമാനിച്ചാൽ അതിൽ നിപിൻ വിജയിക്കും വരെ ലിസിയമ്മ മികച്ച പ്രോത്സാഹനമാണു നല്കിയിരുന്നത്. അസുഖ ബാധിതയായിരുന്ന ലിസിയമ്മ ഒരു വർഷം മുമ്പു നിപിനെയും കുടുംബത്തെയും വിട്ടുപിരിഞ്ഞു ലോകത്തോടു വിടപറഞ്ഞെങ്കിലും അമ്മയുടെ ഓർമകൾക്കു മുമ്പിലാണ് നിപിന്റെ ഓരോ പുതിയ ചുവടുവയ്പും.

ഇനി ഷോ ജപ്പാനിൽ!

മൈൻഡ് റീഡിംഗുമായി ബന്ധപ്പെട്ടു നവംബറിൽ ജപ്പാനിൽ നടക്കുന്ന ടിവി ഷോയിൽ പങ്കെടുക്കാൻ പോകുന്നതിനായിട്ടുള്ള തയാറെടുപ്പിലാണു നിപിൻ. ജപ്പാനിലെ ടോക്യോയിലാണു ഷോ സംഘടിപ്പിക്കുന്നത്. അവിടെയുള്ളവർക്കു ജാപ്പനീസ് ഭാഷ മാത്രമേ മനസിലാകുകയുള്ളു. എന്നാൽ ജാപ്പനീസ് ഭാഷ അറിയില്ലാത്തതിനാൽ നിപിൻ ഇംഗ്ലീഷ് ഭാഷയിലാണു ഷോ അവതരിപ്പിക്കുന്നത്. ട്രാൻസിലേറ്ററുടെ സഹായത്തോടെയാണു ഷോ ജപ്പാൻകാർക്കു മനസിലാക്കി ക്കൊടുക്കുന്നത്. കഴിഞ്ഞ മാസം ഫോമ മിയാമി കൺവൻഷൻ നഗരിയിൽ ഇന്റുഷ്യൻസ് എന്ന ഷോയുമായെത്തി ഏവരുടെയും കൈയടിയും പ്രശംസയും പിടിച്ചുപറ്റിയിരുന്നു.

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ അമേരിക്കയുടെ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നിപിനു ലഭിച്ചിട്ടുണ്ട്. പുരസ്കാരങ്ങളെക്കാൾ ഏറെ സംതൃപ്തി നല്കുന്നതു ടിവി ഷോകളിലും വിവിധ സ്റ്റേജ് ഷോകളിലും നടത്തിയ തകർപ്പൻ പ്രകടനങ്ങളാണെന്നു നിപിൻ പറയുന്നു. നേരിട്ടും ഫോണിലും സോഷ്യൽ മീഡിയകൾ വഴിയും നല്കുന്ന അഭിനന്ദനങ്ങളാണ് തന്റെ ശക്‌തിയെന്നും നിപിൻ പറഞ്ഞു. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാർ നിരവത്ത് എൻ. .ടി. ജോസിന്റെയും പരേതയായ ലിസിയമ്മയുടെയും മകനാണ് നിപിൻ. ഭാര്യ അനു എലിസബത്ത്. കഴിഞ്ഞ അഞ്ചു വർഷമായി കൊച്ചി ഇടപ്പള്ളിയിലാണു താമസം. www.nipinniravath.com, Ph 9995560116

–ജെവിൻ കോട്ടൂർ