തോക്കിനെ തോൽപിച്ച വിദ്യാമന്ത്രം
മാവോയിസ്റ്റ് യൂണിഫോമണിഞ്ഞ് തങ്ങൾക്കു നേരേ തോക്കു ചൂണ്ടി നിൽക്കുന്ന ഒമ്പതു വയസുകാരിയെക്കണ്ട് പോലീസുകാർ സ്തബ്ധരായി. എന്തു ചെയ്യണമെന്ന് അവർ എന്നോടു സാറ്റലൈറ്റ് ഫോണിലൂടെ ചോദിച്ചു. കൊന്നുകളഞ്ഞേക്കാനുള്ള അനുവാദമായിരുന്നു അവർ പ്രതീക്ഷിച്ചിരുന്നത്. ഞാൻ പറഞ്ഞു, അരുത,് അവളെ സുരക്ഷിതയായി കൂട്ടിക്കൊണ്ടു വരിക. രജനി മൊത മാഞ്ചി എന്ന ആ പെൺകുട്ടിയാണ് മാവോയിസ്റ്റ് വേട്ടയുടെ തന്ത്രം മാറ്റാൻ എന്നെ പ്രേരിപ്പിച്ചത്.‘ ഒഡീഷയിൽ മാവോയിസ്റ്റുകളുടെ അടിവേരറുക്കുന്നതിന് അശ്രാന്തപരിശ്രമം നടത്തുന്ന മലയാളിയായ ഐപിഎസ് ഓഫീസർ അനൂപ് കൃഷ്ണ ഇതു പറയുമ്പോൾ കൂടുതൽ വികാരാധീനനായി. തോക്കുകൾ തോറ്റിടത്ത് സ്നേഹവും വിദ്യാഭ്യാസവും വിജയംവരിക്കുന്നതിന്റെ അനുഭവ സാക്ഷ്യം അദ്ദേഹം രാഷ്ട്രദീപികയുമായി പങ്കുവച്ചു. ഇപ്പോൾ ഒഡീഷയിലെ മാവോയിസ്റ്റ് വിരുദ്ധസേനയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പി(എസ്ഒജി) ന്റെ കമൻഡാന്റാണ് കൊല്ലം സ്വദേശിയായ അനൂപ് കൃഷ്ണ.

ഒഡീഷയെ മാവോയിസ്റ്റ്വിമുക്‌ത സംസ്‌ഥാനമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുന്നുവെന്നാണ് അദ്ദേഹം ഭുവനേശ്വറിലെ ട്രൈഡന്റ് ഹോട്ടലിൽ വച്ചു രാഷ്ട്രദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. മാവോയിസ്റ്റുകൾക്കെതിരേ റെയ്ഡ്, അറസ്റ്റ്, വെടിവയ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ മാത്രമല്ല തങ്ങൾ ചെയ്യുന്നത്. അവരുടെ കെണിയിൽ അകപ്പെടാതെ ആദിവാസികളടക്കമുള്ള ഗ്രാമീണരെ രക്ഷിക്കുകയെന്നതും ഇപ്പോൾ തങ്ങളുടെ പ്രധാന ദൗത്യമാണ്. പോലീസും സർക്കാർ സംവിധാനങ്ങളുമാണ് മിത്രങ്ങളെന്നും മാവോയിസ്റ്റുകൾ നിങ്ങളെ നശിപ്പിക്കുന്ന ശത്രുക്കളാണെന്നും ഗ്രാമീണരേയും ഗോത്രവർഗക്കാരേയും ബോധ്യപ്പെടുത്തുന്നതിനു ഞങ്ങൾ വലിയ പ്രചാരം നൽകുന്നു. വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മാവോയിസത്തിലേക്ക് ആദിവാസികളെ ആകർഷിക്കുന്നതിലെ മുഖ്യഘടകം. 2010ൽ റായ്ഗഡ ജില്ലാ പോലീസ് മേധാവിയായിരുന്ന കാലത്തുണ്ടായ അനുഭവം ഇതിന് അടിവരയിടുന്നതാണെന്ന് അനൂപ് കൃഷ്ണ പറഞ്ഞു. അക്കാലത്ത് മാവോയിസ്റ്റുകൾ പിടിമുറുക്കിയ പ്രദേശമായിരുന്നു ആന്ധ്രപ്രദേശിനോടു ചേർന്നു കിടക്കുന്ന റായ്ഗഡ ജില്ല. ഒരിക്കൽ സേനാംഗങ്ങൾ ഒരു ഗ്രാമത്തിൽ മാവോയിസ്റ്റുകളെ നേരിട്ടു. കുറച്ചുപേർ കൊല്ലപ്പെട്ടു. ചിലർ ഓടി രക്ഷപ്പെട്ടു. ഒടുവിൽ ഒൻപതു വയസുള്ള രജനി മൊത മാഞ്ചി മാത്രം ഒറ്റപ്പെട്ടു. തന്റെ നിർദേശപ്രകാരം പോലീസ് ക്യാമ്പിലെത്തിച്ച അവളെ വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെ മൂന്നുദിവസം ചോദ്യം ചെയ്തു. എങ്ങനെയാണ് മാവോയിസ്റ്റ് സംഘത്തിൽ ഉൾപ്പെട്ടതെന്ന് അവൾ വിശദമായി പറഞ്ഞു. അവളുടെ വിവരണം എന്നെ ഞെട്ടിച്ചു. മാവോയിസ്റ്റുകളുടെ ഡാൻസും പാട്ടും മറ്റുകലാപരിപാടികളുമാണ് അവളെ ആകർഷിച്ചതെന്നാണ് അവൾ പറഞ്ത്. അവളുടെ കാഴ്ചപ്പാടിൽ മാവോയിസ്റ്റുകളെന്നാൽ കലാകാരന്മാരാണ്.

കൾച്ചറൽ വിംഗ് ഉണ്ടാക്കിയാണ് മാവോയിസ്റ്റുകൾ നിഷ്കളങ്കരായ കുട്ടികളെ ആകർഷിക്കുന്നതെന്നു ഞങ്ങൾക്കു വ്യക്‌തമായി. ഒരിക്കൽ അകപ്പെട്ടാൽ പിന്നെ മോചനമില്ലാത്തതാണ് മാവോയിസം. അഞ്ചാംദിവസവും അവളുടെ അറസ്റ്റ് രേഖപ്പെടുത്താതെ ഞാൻ ചോദിച്ചു നിന്റെ ആഗ്രഹമെന്താണ്. അവൾ പറഞ്ഞു എനിക്കു പഠിക്കണം. ഞാൻ അവളെ റായ്ഗഡയിൽത്തന്നെ വിദൂരമായ മറ്റൊരു പ്രദേശത്ത് ക്രിസ്ത്യൻ മിഷനറി സ്കൂളിൽ കൊണ്ടുചെന്നാക്കി. ഒക്ടോബറിലായിരുന്നു ഈ സംഭവം. പിന്നീട് മാർച്ചിൽ സ്കൂൾ അവധി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് താൻ അവളെക്കുറിച്ച് ഓർത്തത്. പോലീസുകാരെ വിട്ട് സ്കൂളിൽ അന്വേഷിപ്പിച്ചു. അവധി തുടങ്ങിയപ്പോൾ അവൾ വീട്ടിൽപ്പോയെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. രണ്ടുദിവസമെങ്കിലും യാത്ര ചെയ്താലേ അവളുടെ ഗ്രാമത്തിലെത്താൻ കഴിയൂ. അവൾ മാവോയിസ്റ്റുകളുടെ കൂടെ ചേർന്നുകാണുമെന്നാണ് ഞങ്ങൾ കരുതിയത്. പിന്നീട് രജനിയെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. എന്നാൽ അവധികഴിഞ്ഞു സ്കൂൾ തുറന്നപ്പോൾ ആദ്യം സ്കൂളിലെത്തിയ കുട്ടി അവളായിരുന്നുവെന്നു ഞാൻ അറിഞ്ഞു. ഇപ്പോഴും നല്ല നിലയിൽ വിദ്യാഭ്യാസം തുടരുന്ന രജനി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അനൂപ് കൃഷ്ണ പറഞ്ഞു. ഒരുപാടു പാഠങ്ങൾ നൽകിയ അനുഭവമായിരുന്നു അത്.

പുതിയ മനസും പുതിയ സ്വപ്നങ്ങളും

ഇളം തലമുറയെ രക്ഷിച്ചാൽ മാത്രമേ ഒഡീഷയിൽ മാവോയിസത്തിന്റെ അടിവേരറുക്കാൻ കഴിയു എന്നു മനസിലാക്കിത്തന്ന സംഭവമായിരുന്നു റായ്ഗഡയിലേതെന്ന് അനൂപ് കൃഷ്ണ പറഞ്ഞു. ഇതോടെ ഗ്രാമങ്ങളിൽ വ്യാപകമായ പ്രചാരണങ്ങൾ നടത്താൻ ഞാൻ തീരുമാനിച്ചു. മുമ്പൊരിക്കൽ മാവോയിസ്റ്റുകൾ പിടിമുറുക്കിയ ഒരു ഗ്രാമം സന്ദർശിച്ച ഒരു എസ്പിയുടെ ദുരനുഭവം എനിക്കറിയാമായിരുന്നു. അന്ന് ഗ്രാമീണർ എസ്പിയെ ബന്ദിയാക്കി അപമാനിച്ച് പീഡിപ്പിച്ചിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് ഞാൻ ഗ്രാമങ്ങളിലേക്കു കടന്നുചെന്നത്. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നതിനുള്ള വഴികളാണ് ഞാൻ ആലോചിച്ചത്. അങ്ങനെ ഭുവനേശ്വറിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസുമായി(കിസ്) ബന്ധപ്പെട്ടു. കിസ് ഡയറക്ടർ ഡോ. അച്യുത സാമന്ത ഇരുകൈയും നീട്ടി ഞങ്ങളെ സ്വീകരിച്ചു.

ഗ്രാമീണരെ ബോധവത്കരിക്കാൻ ’പുതിയമനസും പുതിയ സ്വപ്നവും’ എന്ന പേരിൽ ഒരു വീഡിയോ ഫിലം തയാറാക്കിയാണു ഗ്രാമങ്ങളിലേക്കു ഞങ്ങൾ പോയത്. ആദ്യവർഷം ഗ്രാമമുഖ്യന്മാരേയും മറ്റും സമീപിച്ച് 250 കുട്ടികളെ സംഘടിപ്പിച്ച് കിസിൽ എത്തിച്ചു. പിന്നീട് ഓരോവർഷവും ആയിരത്തിലധികംപേർ എന്റെ ഓഫീസിനു മുന്നിൽ ക്യൂ നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.കിസിൽ പഠനം തുടങ്ങിയ കുട്ടികൾ അവധിക്കു വീടുകളിലെത്തുമ്പോൾ ആ ഗ്രാമമാകെ വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയുന്നതായി എനിക്കു ബോധ്യമായിട്ടുണ്ട്. കുട്ടികൾ പറയുന്ന ചെറിയ ഇംഗ്ലീഷ് വാക്കുകൾപോലും രക്ഷിതാക്കളേയും കുടുംബാംഗങ്ങളേയും പുളകിതരാക്കുന്നതായും ഞാൻ മനസിലാക്കി. ഇപ്പോൾ വർഷംതോറും ആയിരക്കണക്കിന് അപേക്ഷകരാണ് എത്തുന്നത്. എന്നാൽ മാവോയിസ്റ്റുകളും അവരെ അനുകൂലിക്കുന്നവരും തങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന തരത്തിൽ ദുഷ്പ്രചാരണം നടത്തി. അതിനെയെല്ലാം അതിജീവിക്കാനുള്ള പിന്തുണ വിദ്യാഭ്യാസം നേടിത്തുടങ്ങിയ കുട്ടികളുടെ കുടുംബാംഗങ്ങൾ ഞങ്ങൾക്കു തന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുതുതലമുറയെ രക്ഷിക്കാനും മാവോയിസ്റ്റുകളുടെ ശക്‌തി ക്ഷയിപ്പിക്കാനും കഴിയൂ എന്ന യാഥാർഥ്യം സംസ്‌ഥാന സർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനും ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ഒഡീഷയിൽ വിദൂര ഗ്രാമങ്ങളിലുള്ള സർക്കാർ സ്കൂളുകളുടെ സ്‌ഥിതി ദയനീയമാണ.് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും അധ്യാപകരില്ലാത്തതാണ് പ്രധാന പ്രശ്നം. മുന്നൂറു കുട്ടികൾക്കു വരെ ചിലപ്പോൾ ഒരു അധ്യാപികയേ ഉണ്ടാവുകയുള്ളു. ഒന്നും രണ്ടും അധ്യാപകർ മാത്രമുള്ള സ്കൂളുകളാണ് ഏറെയും. ഇതുമൂലം ആദിവാസികൾക്കും ദരിദ്രർക്കും സർക്കാർ സ്കൂളുകൾ പ്രയോജനരഹിതമായി മാറുന്നു. ഇതു മനസിലാക്കി ആദിവാസികുട്ടികളെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്നതിനുള്ള പദ്ധതി ഒഡീഷ സർക്കാർ അംഗീകരിച്ചു നടപ്പിലാക്കി. അതിനുള്ള ചെലവുകൾ സർക്കാർ വഹിക്കും. ഇതുവഴി നൂറുകണക്കിനു കുട്ടികളെ രക്ഷിക്കാൻ കഴിയുന്നുണ്ട്. ഞാൻ റായ്ഗഡയിൽ ചെല്ലുമ്പോൾ മാവോയിസ്റ്റ് ആക്രമണങ്ങളിൽ രാജ്യത്തെ എട്ടാമത്തെ ജില്ലയായിരുന്നു റായ്ഗഡ. എന്നാൽ ഇപ്പോൾ ആദ്യത്തെ 100 ജില്ലകളിൽ പോലും റായ്ഗഡ ഉൾപ്പെടുന്നില്ലെന്നും അനൂപ് കൃഷ്ണ അഭിമാനത്തോടെ പറയുന്നു.

2006 ഐപിഎസ് ബാച്ചുകാരനായ അനൂപ് കൊല്ലം പികെഎം കോളജിലാണ് വിദ്യാഭ്യാസം നേടിയത്. ഒഡീഷ കേഡറിൽ എത്തിയശേഷം റായ്ഗഡയ്ക്കു പുറമേ ബർഗഡ്, മയൂർഭൻജ് ജില്ലകളിലും എസ്പിയായി പ്രവർത്തിച്ചു. പിന്നീട് ഈ വർഷം ജനുവരിയിലാണ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കമൻഡാന്റായി ചുമതലയേറ്റത്. കണ്ണൂർ തളാപ്പ് സ്വദേശിനി ശുഭശ്രീയാണ് ഭാര്യ.

കീഴടങ്ങൽ കൂടി, ആക്രമണങ്ങൾ കുറഞ്ഞു

നിരക്ഷരരും ദരിദ്രരുമായ ആദിവാസികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഒഡീഷയിൽ മാവോയിസ്റ്റുകൾ പിടിമുറുക്കിയത്. പോലീസുകാരേയും ബിഎസ്എഫ് ജവാന്മാരേയും കൊലപ്പെടുത്തിയും സർക്കാർ സംവിധാനങ്ങളെ അട്ടിമറിച്ചും തഴച്ചുവളർന്ന മാവോയിസം ഒഡീഷയെ ദരിദ്ര സംസ്‌ഥാനമാക്കി മാറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ സമ്പന്നതയും അനന്തമായ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താനാവാതെയും വ്യവസായവത്കരണത്തിലൂടെ മുന്നേറാനാവാതെയും ഒഡീഷ മറ്റു സംസ്‌ഥാനങ്ങളേക്കാൾ ഏറെ പിന്നോക്കം പോയി. സ്‌ഥിരതയുള്ള ഭരണമുണ്ടായിട്ടും സംസ്‌ഥാനത്തിനു സാമ്പത്തിക പുരോഗതി കൈവരിക്കാനാവാത്തതിനു പിന്നിൽ മാവോയിസ്റ്റുകൾക്കും നക്സലൈറ്റുകൾക്കും പ്രധാന പങ്കുണ്ട്. സേനയുടെ ബഹുമുഖ പോരാട്ടത്തിലൂടെ സംസ്‌ഥാനത്തു മാവോയിസ്റ്റുകളുടെ പ്രവർത്തനം ദുർബലപ്പെട്ടു വരുന്നതായി മുഖ്യമന്ത്രി നവീൻ പട്നായിക് നിയമസഭയിൽ വ്യക്‌തമാക്കിയിരുന്നു. മൽക്കൻഗിരി, കൊറാപുട്, നൗപഡ, കലഹന്ദി, ബൊലാൻഗിർ ജില്ലകളിലാണ് ഇപ്പോൾ മാവോയിസ്റ്റുകളുടെ സാന്നിധ്യം കൂടുതലുള്ളത്. ഇവിടങ്ങളിലും നിരവധിപ്പേർ മാവോയിസം ഉപേക്ഷിക്കാൻ തയാറാകുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കിയരുന്നു.

ഇക്കഴിഞ്ഞ ജൂലൈയിൽ 150 കേസുകളിൽ പ്രതികളായ മാവോയിസ്റ്റ് ദമ്പതികൾ പോലീസിനു കീഴടങ്ങി. മൽക്കൻഗിരിയിലാണ് ഇവർ കീഴടങ്ങിയത്. രണ്ടുലക്ഷം രൂപ തലയ്ക്കു വില പ്രഖ്യാപിക്കപ്പെട്ടിരുന്ന രണ്ടുപേരാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ പത്തിനു കീഴടങ്ങിയത്. സെപ്റ്റംബർ 24ന് ആറുപേർ കീഴടങ്ങി. ഇക്കഴിഞ്ഞ മാർച്ചിൽ 117 പേരാണ് കീഴടങ്ങിയത്. ഇവരിൽ 34 പേർ സ്ത്രീകളായിരുന്നു. മൽക്കൻഗിരിയിലായിരുന്നു ഈ കൂട്ടക്കീഴടങ്ങൽ. കൂടാതെ ദാരവ ഡിവിഷനിൽ 19 പേരും കലിമെലയിൽ 57 പേരും കീഴടങ്ങുകയുണ്ടായി.

മാവോയിസ്റ്റുകൾ കീഴടങ്ങുന്നതു വ്യാപകമായതോടെ ആക്രമണങ്ങൾ കുറഞ്ഞുതുടങ്ങി. കഴിഞ്ഞ 12 വർഷത്തിനിടെ 919 സംഭവങ്ങളിലായി 184 സൈനികരും 259 തദ്ദേശവാസികളും 152 മാവോയിസ്റ്റുകളുമാണ് സംസ്‌ഥാനത്തു കൊല്ലപ്പെട്ടത്. 2009–10 കാലഘട്ടത്തിലായിരുന്നു കൂടുതൽ അക്രമങ്ങൾ. 2009ൽ 148 ആക്രമണങ്ങളാണ് ഉണ്ടായത്. എന്നാൽ 2013, 20014, 20015 വർഷങ്ങളിൽ ആക്രമണങ്ങൾ 70–80 എന്ന നിലയിലേക്കു കുറഞ്ഞു. 2016 ജനുവരിയിൽ കൊറാപുട് ജില്ലയിലെ കലൈഞ്ജുല വനമേഖലയിൽ കുഴിബോംബ് പൊട്ടി രണ്ടു ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടതൊഴിച്ചാൽ പിന്നീട് വലിയ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഏതാനും വർഷങ്ങൾ മുമ്പുവരെ ആയുധമേന്തി ആക്രമണങ്ങൾക്കു നേതൃത്വം നൽകുന്ന ആയിരത്തിലധികം മാവോയിസ്റ്റ് കമാൻഡോകൾ ഉണ്ടായിരുന്ന ഒഡീഷയിൽ ഇപ്പോൾ അത്തരക്കാരുടെ എണ്ണം മുന്നൂറിനടുത്തായി ചുരുങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ആദിവാസികളുടെ പിന്തുണ നഷ്‌ടപ്പെട്ടാൽ മാവോയിസ്റ്റുകൾക്കു പിടിച്ചുനിൽക്കാനാവില്ല.

അതിനാൽ വിദ്യാഭ്യാസം, ആതുരസേവനം, പോഷകാഹാരം, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കി ആദിവാസികളെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന് മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഉന്മൂലനം ചെയ്യണമെന്നാണ് അനൂപ് കൃഷ്ണയെപ്പോലുള്ളവർ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.

–സി.കെ. കുര്യാച്ചൻ