കാരുണ്യത്തിന്റെ കാക്കിക്കുപ്പായമണിഞ്ഞ് കൊച്ചിയിലെ ഓട്ടോ ബ്രദേഴ്സ്
നമ്മുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരാണ് ഓട്ടോത്തൊഴിലാളികൾ. ജീവിതത്തിൽ ഒരു തവണയെങ്കിലും ഓട്ടോറിക്ഷകളിൽ കയറാത്ത ആരെങ്കിലും ഉണ്ടോയെന്നു തന്നെ സംശയമാണ്. നാട്ടിലെ നല്ല കാര്യങ്ങൾക്കായി ഒന്നിച്ചു തോളോടു തോൾ ചേർന്നു നിൽക്കുന്ന ഈ വിഭാഗം കേരളത്തിലെ ഒരു നിത്യകാഴ്ചയാണ്. ഒരു നാട്ടിലെ എന്തുകാര്യത്തിനും ഇവർ മുന്നിലുണ്ടാകും. പൊതുകാര്യങ്ങളിൽ ഒന്നിച്ചുനിന്നു പ്രവർത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ജനങ്ങൾക്കായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത്തരത്തിൽ കാരുണ്യത്തിന്റെ ഉദാത്തമാതൃകയായി മാറിയിരിക്കുകയാണ് എറണാകുളം ജെട്ടി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോത്തൊഴിലാളികൾ. ജീവിതമാർഗമായ ഓട്ടോത്തൊഴിലിൽനിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു ചെറിയ ശതമാനം കാരുണ്യപ്രവർത്തനത്തിനായി മാറ്റി വച്ചിരിക്കുകയാണ് ഈ ഓട്ടോബ്രദേഴ്സ്.

നൂറ്റിമുപ്പത്തഞ്ചു ദിവസം കൊണ്ട് 11.5 ലക്ഷം രൂപ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകിയെന്നു കേൾക്കുമ്പോഴാണ് ഇവരുടെ സേവനങ്ങളുടെ വലുപ്പം നാം മനസിലാക്കുക. നഗരത്തിൽ ചീറിപ്പായുന്ന ഓട്ടോറിക്ഷാത്തൊഴിലാളികളുടെ നന്മയുടെ മുഖമാണ് ഈ പ്രവർത്തിയിലൂടെ നമുക്ക് കാണാൻകഴിയുന്നത്. മാരകമായ രോഗങ്ങൾ ചികിത്സിക്കാൻ പണമില്ലാതെ വിഷമിക്കുന്നവർക്ക് അത്താണിയായി ഇവർമാറി. അപകടങ്ങൾ, മരണങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ സഹായഹസ്തവുമായി ഈ ഓട്ടോ ബ്രദേഴ്സ് ഓടിയെത്തി.

എന്താണ് ഓട്ടോ ബ്രദേഴ്സ്

മെട്രോ നഗരമായ കൊച്ചിയിലെ ഹൈക്കോടതി ഓട്ടോസ്റ്റാൻഡിലെ ഓട്ടോത്തൊഴിലാളികൾ ചേർന്നു രൂപീകരിച്ച സന്നദ്ധ സംഘടനയാണ് ഓട്ടോ ബ്രദേഴ്സ്. രോഗങ്ങൾ മൂലം വിഷമങ്ങൾ അനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ധനസഹായം എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓട്ടോബ്രദേഴ്സ് പ്രവർത്തിക്കുന്നത്. അന്നന്ന് ഓട്ടോ ഓടിക്കിട്ടുന്ന പണത്തിൽനിന്നും മിച്ചംപിടിക്കുന്നതും സുമനസുകളുടെ പക്കൽനിന്നുമെല്ലാം ലഭിക്കുന്ന തുച്ഛമായ പണവും ചിലദിവസങ്ങളിൽ ഓട്ടോ ഓടിക്കിട്ടുന്ന മുഴുവൻ തുകയും സ്വരുക്കൂട്ടി വച്ചാണ് ഈ ഓട്ടോ ബ്രദേഴ്സ് സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നത്. ഓട്ടോയിൽ ചെറിയ പെട്ടികൾ വച്ചും ഉദാരമതികളായവരുടെ സഹായവും ഇവർ സ്വീകരിക്കുന്നു. ഓട്ടോ സ്റ്റാൻഡിലെ 70 ഓട്ടോ ഡ്രൈവർമാരാണ് ഈ സംഘത്തിലുള്ളത്. കെ.ജി. ബിജുവാണ് ചെയർമാൻ, പി.എ.അനസ് (പ്രസിഡന്റ്), ജി.ആർ. ഗിൽരാജ് (സെക്രട്ടറി), പി.എസ്.വിജിൽകുമാർ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

കൂട്ടായ്മ രൂപപ്പെട്ടത്

കുറച്ചുനാൾ മുമ്പ് ഇവരുടെ കൂടെയുള്ള ഒരു ഓട്ടോ തൊഴിലാളിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഓട്ടോബ്രദേഴ്സിന്റെ രൂപീകരണത്തിലേക്കു നയിച്ചത്. നഗരത്തിൽ വച്ച് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ഓട്ടോത്തൊഴിലാളിക്കു പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. അപ്പോൾതന്നെ 70000 രൂപ അവിടെകെട്ടിവ യ്ക്കണമായിരുന്നു. എന്നാൽ, ആ തൊഴിലാളിയുടെ കുടുംബത്തിനു പണം കണ്ടെത്താൻ സാധിച്ചില്ല. പെട്ടെന്ന് ഇത്രയും പണം മറ്റെവിടെ നിന്നെങ്കിലും കണ്ടെത്തേണ്ട അവസ്‌ഥയുണ്ടായി. തുടർന്ന് ഓട്ടോത്തൊഴിലാളികൾ തങ്ങളുടെ ആ ദിവസത്തെ വരുമാനവും തങ്ങളുടെ കൈവശമുണ്ടായിരുന്ന പണവും എല്ലാം ചേർത്ത് ഒരുവിധത്തിൽ പണം സംഘടിപ്പിച്ചു. കൃത്യസമയത്തുതന്നെ പണം സംഘടിപ്പിച്ചു ചികിത്സ നടത്തി. ഈ സംഭവമാണ് തങ്ങൾക്കു പ്രചോദനമായതെന്ന് ഇവർ പറയുന്നു. 70000 രൂപ കുറച്ചുമണിക്കൂറുകൊണ്ട് സംഘടിപ്പിക്കാൻ സാധിച്ചെങ്കിൽ ഇത്തരത്തിൽ ഒരു ദിവസത്തെ വരുമാനം നീക്കിവെച്ച് ചികിത്സയ്ക്കായി പണമാവശ്യമുള്ളവർക്കു സഹായം ചെയ്യാമെന്ന ചിന്തയിലേക്കെത്തി. ഈ ചിന്ത എല്ലാവരും പങ്കുവച്ചു. ഹൈക്കോടതി സ്റ്റാൻഡിലെ എല്ലാ ഓട്ടോക്കാരും ഒരേമനസോടെ ഈ ആശയത്തെ സ്വീകരിച്ചു. പൂർണപിന്തുണയും നൽകി. തുടർന്നു സംഘടനയ്ക്കു ഓട്ടോബ്രദേഴ്സ് എന്ന പേരു നൽകി. എല്ലാവരും സഹോദരന്മാരെപ്പോലെ ഒരു മനസോടെ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ഓട്ടോ ബ്രദേഴ്സ് എന്നല്ലാതെ എന്തുപേരിടാൻ.

ഗുരുതരവൃക്ക രോഗം ബാധിച്ച നോർത്ത് പറവൂർ സ്വദേശിയായ അജിത എന്ന സ്ത്രീയ്ക്കായിരുന്ന ഓട്ടോബ്രദേഴ്സിന്റെ ആദ്യസഹായം. ഇരുവൃക്കകളും തകരാറിലായ എളംകുളം സ്വദേശിയായ മുന്നു വയസുകാരി ആഗ്നസിനു നൽകിയ അഞ്ചു ലക്ഷം രൂപയാണ് ഇതുവരെ നൽകിയതിൽ ഉയർന്ന തുക. കരൾ രോഗം ബാധിച്ച പതിനൊന്നു മാസം പ്രായമുള്ള അനാമിക, തലയ്ക്കു പരിക്കേറ്റു വിദഗ്ധ ചികിത്സ ആവശ്യമായി വന്ന നിറവ് എന്ന കുട്ടി എന്നിവരെല്ലാം ഓട്ടോ ബ്രദേഴ്സിന്റെ കാരുണ്യം അറിഞ്ഞവരാണ്. കൂടാതെ ഓട്ടോ ബ്രദേഴ്സ് അംഗങ്ങൾക്കു ചികിത്സാസഹായമായി 5000 രൂപ ഉടൻ നൽകും. അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ മരണം സംഭവിച്ചാൽ അടിയന്തിര ധനസഹായമായി 5000 രൂപയും ഓട്ടോബ്രദേഴ്സ് നൽകുന്നു.


ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഓട്ടോ ബ്രദേഴ്സിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കഴിഞ്ഞു. എവിടെ ചെന്നു തങ്ങളുടെ ആവശ്യം അറിയിച്ചാലും എല്ലാവരും നല്ല സഹായമാണ് ചെയ്തു തരുന്നത്. എവിടെ ചെന്നാലും തിരിച്ചറിയപ്പെടുന്നുവെന്നും ഓട്ടോ ബ്രദേഴ്സ് പറയുന്നു.

ഓട്ടോ ബ്രദേഴ്സിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞ് മറ്റു ഓട്ടോ സ്റ്റാൻഡുകളിൽ നിന്നും ആളുകൾ സഹായത്തിനായി വരാറുണ്ടെന്ന് ഇവർ പറയുന്നു. ബസ് ജീവനക്കാരും ഉടമസ്‌ഥരും ഓട്ടോ ബ്രദേഴ്സിനെ സഹായിക്കുന്നുണ്ട്. വൈപ്പിൻ ഭാഗത്തേക്കു സർവീസ് നടത്തുന്ന ആറോളം ബസുകൾ ഒരു ദിവസത്തെ വരുമാനം പൂർണമായി നൽകിയാണ് സഹായിച്ചത്. ഇത്തരത്തിൽ പല കോണുകളിൽ നിന്നും ആളുകൾ ഓട്ടോ ബ്രദേഴ്സിനു സഹായവുമായി എത്തുന്നുണ്ട്.

മറ്റു സ്റ്റാൻഡുകളിലെ ഓട്ടോത്തൊഴിലാളികളെയും ഈ സേവനപ്രവർത്തനത്തിൽ ഉൾപ്പെടുത്തി ഓട്ടോ ബ്രദേഴ്സിനെ വിപുലപ്പെടുത്താനും ഇവർക്കു പദ്ധതിയുണ്ട്. അങ്ങനെ ആവശ്യപ്പെടുന്ന അർഹതപ്പെട്ട എല്ലാവർക്കും സഹായം ചെയ്തു കൊടുക്കാൻ സാധിക്കുമെന്നും അവർ പറയുന്നു. ഓട്ടോ ബ്രദേഴ്സിന് സ്വന്തമായി യൂണിഫോം ഉണ്ട്. ഓട്ടോ ബ്രദേഴ്സ് എന്ന് ആലേഖനം ചെയ്ത ടീ–ഷർട്ടാണ് ഈ സംഘത്തിന്റെ യൂണിഫോം.

സഹായം നേടാം

ഓട്ടോ ബ്രദേഴ്സിന്റെ സഹായം ആവശ്യമുള്ളവർ രോഗത്തിന്റെ വിശദവിവരങ്ങളും ചികിത്സാ ചിലവുകളും സഹിതം ഇവരെ സമീപിക്കണം. അതിനുശേഷം ഓട്ടോ ബ്രദേഴ്സ് തന്നെ ബന്ധപ്പെട്ട ആശുപത്രിയിൽ ചെല്ലുകയും വിശദവിവരങ്ങൾ അന്വേഷിക്കുകയും അർഹരായവർക്ക് സഹായം നൽകുകയും ചെയ്യും. ആവശ്യമുള്ളവർ 9747774005, 9544493309 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

എല്ലാ അർഥത്തിലും കാരുണ്യത്തിന്റെ കാക്കിക്കുപ്പായമിട്ടവരാണ് ഈ ഓട്ടോ ബ്രദേഴ്സ്. അർഹരായവർക്ക് തങ്ങളാലാകുന്ന സഹായം എത്തിച്ചു നൽകാൻ ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകയാണ്.

ആംബുലൻസും സർബത്തു സ്റ്റാളും

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ഒരു ആംബുലൻസ് സേവനവും ഓട്ടോ ബ്രദേഴ്സ് ആരംഭിച്ചു. അപകടങ്ങളും മറ്റ് അത്യാവശ്യഘട്ടങ്ങളിലും ആംബുലൻസുമായി ഓട്ടോ ബ്രദേഴ്സ് പാഞ്ഞെത്തും. ആഴ്ച്ചയിലൊരിക്കൽ ഡയാലിസിസ് ആവശ്യമായവരെ സൗജന്യമായി ആശുപത്രിയിലെത്തിച്ചു കൊടുക്കുന്ന പരിപാടിയുമുണ്ട്. എത്ര ദൂരം വേണമെങ്കിലും എത്തി അവരെ ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയിൽ എത്തിക്കും. പാവപ്പെട്ടവർക്ക് ആംബുലൻസ് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ സംരംഭം. പലരുടെയും സഹായത്താലാണ് ആംബുലൻസ് വാങ്ങിച്ചിരിക്കുന്നത്. വാഹനത്തിന്റെ സിസി അടയ്ക്കുന്നതും മറ്റും ഓട്ടോ ബ്രദേഴ്സ് തന്നെയാണ്.

കൊച്ചിൻ കാർണിവലുമായി ബന്ധപ്പെട്ടുള്ള ടൂറിസം സാധ്യതകൾ മുൻനിർത്തി ഒരു കുടിവെള്ള സ്റ്റാൾ പുതുവൈപ്പിനിൽ തുടങ്ങിയിരിക്കുകയാണ് ഇവർ. മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ തന്നെ ജീവകാരുണ്യപ്രവർത്തനത്തിന് ചെറിയ തോതിലുള്ള പണം ഈ സ്റ്റാളിൽ നിന്നു കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ് ഓട്ടോ ബ്രദേഴ്സ്. ഓട്ടോത്തൊഴിലാളികൾ തന്നെ ഊഴമിട്ട് നിന്നാണ് സ്റ്റാളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കുന്നത്. കാരുണ്യപ്രവർത്തനങ്ങൾക്കുള്ള ചെറിയ തുക ഇതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തയാറാക്കിയത്: അരുൺ സെബാസ്റ്റ്യൻ