ആരുടെ കൈകൾ ?
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് മകൻ ഫാരിസ് കൊറ്റി ജുമാ മസ്ജിദിലെത്തിയത്. പള്ളിയിൽ താമസിക്കുന്ന മദ്രസ ജീവനക്കാരോട്്് അന്വേഷിച്ചിട്ടും നിരാശയായിരുന്നു ഫലം. അതിനിടയിൽ മദ്രസയുടെ പിന്നിൽ നിന്നു പുകയുയരുന്നത് കണ്ട് അവിടെചെന്ന് നോക്കിയപ്പോൾ കത്തിയമർന്ന ചാരങ്ങൾക്കിടയിൽ പുകയുയരുന്ന നിലയിൽ ഒരു തലയോടും ശരീരത്തിൻറെ കുറച്ചു ഭാഗങ്ങളും കാണപ്പെട്ടു. വിവരമറിഞ്ഞ് ആളുകൾ കൂടി പലവിധ അഭിപ്രായങ്ങൾ പറയുന്പോഴും അക്കൂട്ടത്തിൽ ഉപ്പായുണ്ടോയെന്ന് നോക്കുകയായിരുന്നു അവൻ. കുറെ നേരത്തിന് ശേഷം തൻറെ ഉപ്പയുടെ ശരീരത്തിന്റെ അവശേഷിപ്പാണ് കത്തിത്തീരുന്നതെന്ന് ആളുകളുടെ സംസാരത്തിൽ നിന്നുമറിഞ്ഞ ഫാരിസ് തളർന്നിരുന്നുപോയി.

അന്ന് ഫോണെടുത്തത് ആര്

ഭാര്യ സീനത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തിയ ഒരുലക്ഷം രൂപ കണക്കുപുസ്തകം വച്ച ബാഗിലും തുണിയിൽ പൊതിഞ്ഞ പതിനായിരം രൂപ പാൻസിൻറെ പോക്കറ്റിലുമിട്ടാണ് ഹക്കീം പള്ളിക്കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നിറങ്ങിയത്. പിറ്റേ ദിവസം വിൽക്കേണ്ട ലോട്ടറി ടിക്കറ്റുകൾ വാങ്ങി വീട്ടിൽ വച്ചിരുന്നു. കുറച്ചു ദിവസങ്ങളിലായി ഹക്കിം എന്തിനെയോ ഭയപ്പെട്ടിരുന്നതായി ഹക്കീമിൻറെ ഭാര്യ സീനത്ത് അന്വേഷണ ഉദ്യോഗസ്‌ഥരോട് പറഞ്ഞിരുന്നു.
ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടർന്ന് രാത്രി 11.41ന് മകൻ ഫാരിസ് ഹക്കീമിനെ വിളിച്ചപ്പോൾ ഫോണിലൂടെ വന്ന മറുപി യോഗം തീർന്നില്ല വരാൻ താമസിക്കുമെന്നായിരുന്നു. എന്നാൽ അന്ന് ഫോണിലൂടെ കേട്ട ശബ്ദം ഉപ്പയുടേതല്ലായെന്നും വേഗത്തിലുള്ള ആ സംസാരം ഉപ്പയുടെ ശൈലിയിലല്ലായിരുന്നെന്നും അന്ന് ഏഴാം ക്ലാസിൽ പഠിച്ചിരുന്ന ഫാരിസ് അന്വേഷണ ഉദ്യോഗസ്‌ഥരോട് പറഞ്ഞിരുന്നു. കുറെക്കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതവുമായിരുന്നു. പള്ളിക്കമ്മിറ്റിയിലെ ചിലരെ വിളിച്ചപ്പോൾ യോഗം നേരത്തെ കഴിഞ്ഞെന്നായിരുന്നു മറുപടി. നേരം പുലരാറായിട്ടും പിതാവിനെ കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയ മകൻ ഹാരിസ് ഒടുവിൽ എത്തിപ്പെട്ടത് പള്ളിവളപ്പിൽ കത്തിത്തീരാറായ മൃതദേഹത്തിനടുത്താണ്.

ദാമോദരൻ എങ്ങനെ ഹക്കീമായി

23–ാം വയസിൽ നാടുവിട്ട പയ്യന്നൂർ തെക്കേ മന്പലത്തെ ദാമോദരൻ കോഴിക്കോട് ജുമാ അത്ത് പള്ളിയിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് ഹക്കീം എന്ന പേര് സ്വീകരിച്ചു. ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ 1999 ഓഗസ്റ്റ് 13ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ സീനത്തിനെ മതാചാരപ്രകാരം വിവാഹം കഴിച്ചു. വർഷങ്ങൾക്ക് ശേഷം സീനത്തും മകൻ ഫാരിസുമായി തിരിച്ചു വന്ന ഹക്കിം മുന്പ് ജ്യേഷ്ഠൻ കുഞ്ഞിക്കണ്ണനിൽ നിന്ന് വാങ്ങിയിട്ടിരുന്ന സ്‌ഥലത്ത്് ഷെഡ് കെട്ടി താമസമാരംഭിച്ചു. ഹക്കീമിനും കുടുംബത്തിനും ബന്ധുക്കൾ പരമാവധി സ്നേഹവും സഹകരണവും നൽകിയിരുന്നു. ഇതിനിടെയാണ് കൊറ്റി ജുമാ അത്ത്് പള്ളിയുടെ റിസീവർ ജോലി പള്ളിക്കമ്മിറ്റി ഇയാളെ ഏൽപ്പിച്ചത്.

പള്ളി നടത്തിവരുന്ന കുറികളുടെ പണം പിരിക്കൽ, മറ്റു പിരിവുകൾ സമാഹരിക്കൽ, പള്ളിയിലെ ജീവനക്കാർക്ക് ഭക്ഷണമെത്തിക്കൽ, പള്ളിയും പരിസരങ്ങളും ശുചിയാക്കൽ എന്നീ പ്രവർത്തികളാണ് ലോട്ടറി വില്പനക്കൊപ്പം ഹക്കീം ചെയ്തിരുന്നത്. ഇതിനിടയിൽ ഹക്കീമിൻറേയും സീനത്തിൻറേയും ബന്ധുക്കളുടെ സഹകരണവും ബാങ്ക് ലോണുമുപയോഗിച്ച് നിർമിച്ച വീടിൻറെ തേപ്പ് പണിക്കുള്ള മണൽ ഇറക്കി ബാക്കി നിർമാണ പ്രവർത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഹക്കീം. അതിനിടയിലാണ് ദുരൂഹതകൾ നിറഞ്ഞ കൊലപാതകം നടന്നത്.


കഷണങ്ങളായ മൊബൈൽ ഫോണും വിതറിയ മുളക് പൊടിയും

പള്ളിവളപ്പിലെ മദ്രസക്ക്് പിറകിലായി പഴയ പാചകപ്പുരയുടെ മര ഉരുപ്പടികൾ കൂട്ടിവെച്ചിരുന്നതിൻറെ മുകളിൽ പടിഞ്ഞാറ് ഭാഗത്തേക്ക് തലവെച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും നട്ടെല്ലിൻറെ കുറച്ചു ഭാഗവുമൊഴിച്ച് ബാക്കിയെല്ലാം ചാരമായിരുന്നു. രാവിലെ എട്ടരയായിട്ടും പുകയുയർന്നുകൊണ്ടിരുന്ന സംഭവ സ്‌ഥലത്തിന് ചുറ്റുമായും അവിടേക്കുള്ള വഴിയിലും മുളക്പൊടി വിതറിയിരുന്നു. അൻപതോളം മീറ്റർ അകലെ ഹക്കീമിൻറെ മൊബൈൽഫോൺ കഷണങ്ങളായി ചിതറികിടന്നിരുന്നു. ഇതിന് സമീപം ഒരു പഴ്സും വാച്ചിൻറെ പൊട്ടിയ ചെയിനും കിടന്നിരുന്നു. പള്ളിക്കമ്മിറ്റിയുടെ യോഗം നടന്ന മദ്രസയുടെ ക്ലാസ് മുറിയിൽനിന്നും കറൻസി നോട്ടുകളുടെ പുറത്തുള്ള രണ്ട് ഫ്ളാപ്പുകളും കണ്ടെത്തി. മൃതദേഹം കത്തിച്ചതിന് സമീപം ബട്ടണുകൾ പൊട്ടികീറിയ നിലയിൽ ഹക്കീം ധരിച്ചിരുന്ന ഷർട്ട് കിടന്നിരുന്നു.

പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും എറെ വൈകി പോലീസെത്തുന്പോഴേക്കും പള്ളിപ്പരിസരം ജന നിബിഡമായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും ഫോറൻസിക്ക് വിദഗ്ധരും പോലീസ് നായയും സ്‌ഥലത്തെത്തി അന്വേഷണം നടത്തുന്പോഴും അവശേഷിച്ചിരുന്ന തെളിവുകളും നഷ്‌ടപ്പെടുത്തി സംഭവസ്‌ഥലത്തുനിന്നും തീയും പുകയും ഉയർന്നുകൊണ്ടിരുന്നു. ഉച്ചകഴിഞ്ഞ് 12.30 ഓടെയാണ് പോലീസ് വെള്ളമൊഴിച്ച് തീയണച്ചത്. മണംപിടിച്ച പോലീസ് നായ കിഴക്കു ഭാഗത്തെ റെയിൽവേ ക്വാർട്ടേഴ്്സിൻറെ ഭാഗത്തേക്കാണ് ഓടിയത്.

ഹക്കീമിൻറെ കൈവശം സദാ കാണാറുള്ള കണക്കു പുസ്തകം സൂക്ഷിക്കുന്ന ബാഗ് കാണാനില്ലായിരുന്നു. ഇതോടെ ഹക്കീം പള്ളിക്കണക്കുകളും പണവുമായി മുങ്ങിയെന്ന പ്രചരണവും നടക്കുന്നുണ്ടായിരുന്നു. ഹക്കീമിൻറെ ഷർട്ടാണ് സംഭവ സ്‌ഥലത്ത് നിന്ന് കിട്ടിയത് എന്ന് തിരിച്ചറിഞ്ഞതോടെ ഹക്കിം ചിതയൊരുക്കി ആത്മഹത്യ ചെയ്തുവെന്ന പ്രചരണമാണ് പിന്നീടുയർന്നത്. ജീവനുള്ള ഒരാൾക്ക് ചിതയിൽ അനങ്ങാതെ കിടന്ന് ആത്മഹത്യ ചെയ്യാൻ കഴിയില്ല എന്ന വാദങ്ങളും ഉയർന്നതോടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇടക്കിടെ കാണാറുള്ള ഒറ്റക്കാലനാണ് മരിച്ചതെന്നായി പ്രചരണം. പത്തടിയിലേറെ ഉയരത്തിലുള്ള തെങ്ങോലകൾ തീനാളങ്ങളിൽ വാടിക്കരിഞ്ഞിട്ടും തീ കത്തുന്നതോ മൃതദേഹം ദഹിപ്പിക്കുന്പോഴുണ്ടാകുന്ന ദുർഗന്ധമോ അനുഭവപ്പെട്ട ആരേയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.

മരിച്ചത് ഹക്കീമാണെന്നും തലയിലേറ്റ ശക്‌തമായ അടിയാണ് ഹക്കീമിൻറെ മരണത്തിനിടയാക്കിയതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടം –രാസപരിശോധന റിപ്പോർട്ടുകളാണ് നാട്ടിൽ നടന്നിരുന്ന ഊഹാപോഹങ്ങൾക്ക് തടയിട്ടത്. അതോടൊപ്പം ജനങ്ങളിലും അന്വേഷണ ഉദ്യോഗസ്‌ഥരിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമുയർന്നു.

(തുടരും)