കണ്ടു പഠിക്കണം ഈ നഴ്സ് മുത്തശിയെ...
Wednesday, March 29, 2017 12:01 AM IST
വാഷിംഗ്ടണ് നഗരം ഉറക്കം ഉണരുംമുന്പേ ഫ്ളോറൻസ് റിഗനി എന്ന 91 കാരി സ്വന്തമായി വാഹനമോടിച്ച് ടാകോമ ജനറൽ ആശുപത്രിയിലേക്ക് പുറപ്പെടും. കഴിഞ്ഞ എഴുപതുവർഷങ്ങളായി ഈ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് ഫ്ളോറൻസ്.
കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയുമിടയിൽ സീസീ എന്നറിയപ്പെടുന്ന ഫ്ളോറൻസ് മുത്തശി അമേരിക്കയിൽ ജോലിചെയ്യുന്ന ഏറ്റവും പ്രായംകൂടിയ നഴ്സാണ്.രാവിലെ ഉറക്കം എണീൽക്കാനുള്ള ഒരു കാരണമായാണ് ഫ്ളോറൻസ് ഈ ജോലിയെ കാണുന്നത്. രോഗികളുമായി സമയം ചെലവഴിക്കുന്നത
ം അവർക്കാവശ്യമായ സാന്ത്വനം നൽകുന്നതുമാണ് ഫ്ളോറൻസിന് ഏറ്റവും പ്രിയപ്പെട്ട പ്രവൃർത്തികൾ.
സാധാരണ ഫ്ളോറൻസിന്റെ പകുതിയിൽ താഴെ പ്രായം വരുന്ന നഴ്സുമാർ ചെയ്യുന്ന ജോലികളാണ് ഇവർ ആശുപത്രിയിൽ ചെയ്യുന്നത്. ഡോക്ടറുമാരുടെ നിർദേശപ്രകാരം സർജറിക്കായി ഓപ്പറേഷൻ തിയറ്ററുകൾ ക്രമീകരിക്കുക, രോഗികളെ സർജറിക്കായി മാനസികമായും ശാരീരികമായും ഒരുക്കുക തുടങ്ങിയവയെല്ലാം ഫ്ളോറൻസിന്റെ ജോലിയിൽപെടും.
ഈ ജോലികളിൽ ഫ്ളോറൻസ് കാണിക്കുന്ന വേഗതയും കൃത്യതയുമെല്ലാം ആശുപത്രിയിലെ മറ്റു ജീവനക്കാർക്ക് എപ്പോഴും മാതൃകയാണ്.ജോലികൾക്കിടയിൽ ഒരിക്കൽപോലും ഫ്ളോറൻസ് ക്ഷീണമാണെന്നോ മടുപ്പു തോന്നുന്നുണ്ടെന്നോ പറഞ്ഞിട്ടില്ലെന്ന് സഹപ്രവർത്തകൻ ഗ്രഗ് ഫോലൻഡ് പറയുന്നു. മറിച്ച് മറ്റാരെങ്കിലും ക്ഷീണിതരാണെങ്കിൽ അവരുടെ ജോലികൂടി ഏറ്റെടുത്തു ചെയ്യാൻ ഈ മുത്തശി തയാറാണ്.
തന്റെ 67 ാം വയസിൽ ഫ്ളോറൻസ് ഈ ആശുപത്രിയിൽനിന്നു വിരമിച്ചതാണ്. എന്നാൽ ആറുമാസം മാത്രം നീണ്ടു നിന്ന ആ വിശ്രമജീവിതം തനിക്കു യോജിക്കുന്നതല്ലെന്ന് ഫ്ളോറൻസ് തന്നെ മനസിലാക്കി തന്റെ പ്രഫഷനിലേക്ക് മടങ്ങുകയായിരുന്നു.താൻ ജോലിക്കു കയറുന്പോൾ പെനിസിലിൻ പോലും കണ്ടുപിടിച്ചിട്ടില്ലായിരുന്നെന്ന് ഫ്ളോറൻസ് ഓർമിക്കുന്നു. പണ്ടൊക്കെ രോഗം ഭേദമാകാൻ ദിവസങ്ങൾ എടുക്കുമായിരുന്നെങ്കിൽ ഇന്ന രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ രോഗികൾക്ക് ആശുപത്രിയിൽനിന്ന് മടങ്ങാൻ സാധിക്കുന്നു. ഇതാണ് തന്റെ സേവനകാലയളവിൽ ഫ്ളോറൻസ് കണ്ട ഏറ്റവും വലിയ മാറ്റം.ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിൻതലമുറക്കാരിയായ ഈ ഫ്ളോറൻസ് തലമുറകൾക്ക് ആശ്വാസം പകരുന്ന ഒരു മാലാഖയാണ്.