നെല്ലിക്ക സിംപിളാണ്, പവർഫുള്ളും
Wednesday, April 12, 2017 12:22 AM IST
പൂത്തുനിൽക്കുന്ന നെല്ലിമരത്തിനു താഴെ നിന്ന് മുകളിലേക്ക് കൊതിയോടെ നോക്കിയിട്ടില്ലേ...ആരും കാണാതെ കല്ലെറിഞ്ഞ് നെല്ലിക്ക കുറേ വീഴ്ത്തിയിട്ടില്ലേ...നെല്ലിക്ക മതിവരുവോളം തിന്ന് കിണറ്റിലെ തണുത്ത വെള്ളം കോരിക്കുടിച്ച് എന്തു മധുരമെന്നോതിയിട്ടില്ലേ....അതാണ് നെല്ലിക്ക... നെല്ലിക്ക ഉപ്പിലിട്ടതും നെല്ലിക്ക അച്ചാറും തേനിലിട്ട നെല്ലിക്കയുമൊക്കെ നെല്ലിക്കപ്രിയരുടെ ഇഷ്ടവിഭവങ്ങളാണ്. ചുട്ടുപൊള്ളുന്ന ഈ വേനൽചൂടിൽ കുളിരേകാനായി നെല്ലിക്ക കൊണ്ട് ഏഴു തരം ജ്യൂസുകൾ ഉണ്ടാക്കിയാലോ....കേരള സർക്കാർ സ്ഥാപനമായ ഒൗഷധി സംസ്ഥാന ഒൗഷധസസ്യബോർഡിന്റെ (സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ്) സഹായത്തോടെയാണ് ഏഴുതരം നെല്ലിക്ക ജ്യൂസുകൾ തയ്യാറാക്കിയിരിക്കുന്നത്. സെവൻ സിസ്റ്റേഴ്സ് എന്നാണ് ഈ ഏഴു ജ്യൂസുകൾ അറിയപ്പെടുന്നത്.
ഖരരൂപത്തിൽ നെല്ലിക്ക ഒൗഷധാഹാരമായി ഉപയോഗിക്കുന്നതിന് പുറമെ ദ്രവരൂപത്തിലും നെല്ലിക്ക ഒൗഷധാഹാരമായി ഉപയോഗിക്കാമെന്ന് കണ്ടെ ത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഏഴു ജ്യൂസുകൾ തയ്യാറാക്കിയത്. ആരോഗ്യം നിലനിർത്താനും രോഗങ്ങൾ വരാതിരിക്കാനും ജരാനരകൾ വേഗത്തിൽ ബാധിക്കാതിരിക്കാനും നെല്ലിക്ക ഒൗഷധമായും ആഹാരമായും നൂറ്റാണ്ടുകൾക്ക് മുന്പുതന്നെ നമ്മുടെ പൂർവികർ ഉപയോഗിച്ചുവന്നിരുന്നു.
വിറ്റാമിൻ സി യുടെ സമൃദ്ധമായ ഉറവിടമാണ് നെല്ലിക്ക. വിറ്റാമിൻ എ, വിറ്റാമിൻ ബി എന്നിവയും നെല്ലിക്കയിലുണ്ട്. കൂടാതെ കാൽസിയം, ഇരുന്പ്, ഇലാജിക് ആസിഡ്, ഗാലിക് ആസിഡ്, ടാനിക് ആസിഡ് എന്നിവയും നെല്ലിക്കയിലുണ്ട്. ആറു രസങ്ങളിൽ ഉപ്പ് ഒഴികെയുള്ള അഞ്ചു രസങ്ങളും നെല്ലിക്കയിലടങ്ങിയിരിക്കുന്നു.
രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതും ഓജസ്സ് വർധിപ്പിക്കുന്നതുമായ നെല്ലിക്ക രസായനങ്ങളിൽ ശ്രേഷ്ഠമാണ്. അതുകൊണ്ടു തന്നെ സെവൻ സിസ്റ്റേഴ്സ് എന്ന ഈ നെല്ലിക്ക ജ്യൂസുകൾ രസായനഗുണങ്ങളോടു കൂടിയവയാണെന്ന് ചുരുക്കം.
യൂഫോർബിയേസി കുടുംബത്തിൽ പെടുന്ന നെല്ലിക്കയുടെ ശാസ്ത്രനാമം ഫില്ലാന്തസ് എംബ്ലിക്ക എന്നാണ്. ഒരുപാട് പര്യായങ്ങൾ നെല്ലിക്കയ്ക്കുണ്ട്. അമൃതാ, അമൃതഫലം, ആമലകം, വയസ്ഥ, വൃഷ്യ, ശിവം, ധാത്രി, ധാത്രിക എന്നിങ്ങനെ നീളുന്ന പര്യായപ്പട്ടിക. നൂറിലധികം പരന്പാരാഗത ഒൗഷധക്കൂട്ടുകളിൽ നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.
നെല്ലിക്കയുടെ മറ്റു ഗുണങ്ങൾ ..
നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ പതിവായി കുളിക്കുന്നതും നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെളളം ദിവസവും കുടിക്കുന്നതും നെല്ലിക്ക നീരും നെയ്യും ചേർത്ത് കഴിക്കുന്നതും പച്ചനെല്ലിക്ക ദിവസവും തിന്നുന്നതും ജരാനരകൾ വേഗത്തിൽ ബാധിക്കാതിരിക്കാൻ നല്ലതാണ്.
പച്ചനെല്ലിക്ക 12 മണിക്കൂർ വെള്ളത്തിലിട്ട് വെച്ച ശേഷം കുരുകളഞ്ഞ് വെള്ളത്തിലിട്ട് വേവിക്കുക. വേവിച്ചെടുത്ത നെല്ലിക്കയിൽ മൂന്നിരട്ടി കൽക്കണ്ട മോ പഞ്ചസാരയോ ചേർക്കുക. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ ബലം വർധിപ്പിക്കുമത്രെ. നെല്ലിക്ക, ഞെരിഞ്ഞൽ, ചിറ്റമൃത് എന്നിവ സമം പൊടിച്ച് തേനും നെയ്യും ചേർത്ത് കഴിക്കുന്നതും ഓജസ്സും ശരീരബലവും വർധിപ്പിക്കാൻ നല്ലതാണ്.
ഉണക്കനെല്ലിക്ക ദിവസവും ചവച്ചു തിന്നുന്നത് കുടൽപുണ്ണ് മാറാൻ സഹായിക്കും.ഉണക്കനെല്ലിക്ക അരച്ച് പുരട്ടുന്നത് ചൊറിച്ചിൽ മാറ്റും. കുരുകളഞ്ഞ പച്ചനെല്ലിക്ക 100 ഗ്രാമെടുത്ത് 100 മില്ലി പാലിൽ ചേർത്ത് ദിവസവും രണ്ട ുനേരം കഴിക്കുന്നത് പുളിച്ച് തികട്ടൽ ഇല്ലാതാക്കും.
അലർജിയുള്ളവർക്ക് നെല്ലിക്കാചൂർണം അഞ്ചുഗ്രാം വീതം 10 ഗ്രാം നെയ്യിൽ ചേർത്ത് കഴിക്കാവുന്നതാണ്.തൊണ്ട യിലെ കഫക്കെട്ട് മാറാൻ നെല്ലിക്ക, കടുക്ക, താന്നിക്ക, തിപ്പലി എന്നിവ സമം എടുത്ത് പൊടിച്ച് നെയ്യ് ചേർത്ത് കഴിക്കുക.
നെല്ലിക്കയും കടുക്കയും താന്നിക്കയും സമം എടുത്ത് ഒരു ടീസ്പൂണ് വീതം രാത്രി കിടക്കാൻ സമയത്ത് ചൂട് വെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധം ഒഴിവാക്കും.
നെല്ലിക്കത്തോടും കടുക്കാത്തോടും താന്നിക്കത്തോടും സമം ചേർതത് പൊടിച്ചത് ഒരു സ്പൂണ് സമം തേനും ചേർത്ത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
പച്ചനെല്ലിക്ക നീരും പച്ചമഞ്ഞൾ നീരും സമംചേർത്ത് പ്രമേഹരോഗികൾക്ക് ദിവസവും കഴിക്കാവുന്നതാണ്.
പച്ചനെല്ലിക്ക നീരോ ഉണക്കനെല്ലിക്ക കഷായം വെച്ചോ ദിവസവും കവിൾ കൊള്ളുന്നത് വായ്പുണ്ണ് മാറാൻ നല്ലതാണ്. നെല്ലിക്കയിട്ട് തിളപ്പിച്ചാറിയ വെള്ളം കൊണ്ട ് പതിവായി തല കഴുകുന്നതും നെല്ലിക്ക, മൈലാഞ്ചി, കയ്യോന്നി, കറ്റാർവാഴ, കറിവേപ്പില എന്നിവ ചേർത്തരച്ച് തലയിൽ പുരട്ടി കുളിക്കുന്നതും 12 നെല്ലിക്ക കുരുകളഞ്ഞ് കഞ്ഞിവെളളത്തിൽ കലർത്തി മുടിയിൽ പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് കുളിക്കുന്നതും പതിവാക്കിയാൽ അകാലനര ഒഴിവാക്കാം.
ചൂടുകുരുവിന് ശമനം കിട്ടാൻ നെല്ലിക്കാത്തോട് മോരിൽ കുതിർത്ത് അരച്ച് പുരട്ടുന്നത് ഉത്തമമാണ്. നെല്ലിക്ക അരിഷ്ടം പതിവായി കഴിക്കുന്നതും നെല്ലിക്ക പതിവായി കഴിക്കുന്നതും ജലദോഷം മാറാൻ സഹായകമാണ്.
നെല്ലിക്ക, കാരറ്റ്, വെണ്ട ക്ക എന്നിവ ദിവസവും വേവിക്കാതെ കടിച്ചു തിന്നുന്നത് പല്ലുകൾക്ക് അഴകും ബലവും നൽകും. ചെന്പിച്ച തലമുടി കറുപ്പിക്കുന്നതിന് കുളിക്കുന്നതിന് മുന്പ് നെല്ലിക്കയും പശുവിൻ തൈരും ചേർത്ത് തലയിൽ തിരുമ്മി പിടിപ്പിക്കുക. രണ്ട ുമാസം തുടർച്ചയായി ഇത് ചെയ്താൽ ചെന്പിച്ച മുടി കറുക്കും.
അതുപോലെ നെല്ലിക്ക നിഴലത്തുണക്കി കുരുകളഞ്ഞ് നൂറു ഗ്രാം എടുത്ത് 200 ഗ്രാം വെളിച്ചെണ്ണയിൽ കരിഞ്ഞു പൊടിയുന്നതുവരെ തിളപ്പിക്കുക. ഈ കറുത്ത എണ്ണ ദിവസവും തലയിൽ തേച്ച് കുളിക്കുന്നത് ചെന്പിച്ച മുടി കറുക്കാൻ സഹായിക്കും.
ഇപ്പോൾ മനസിലായില്ലേ...ഇത്തിരയേ ഉള്ളുവെങ്കിലും നെല്ലിക്ക ആളൊരു പുലിയാണെന്ന്... അതാണ് പറഞ്ഞത് നെല്ലിക്ക സിംപിളാണ് പക്ഷേ പവർഫുള്ളാണ്...
7 നെല്ലിക്ക ജ്യൂസുകൾ
|
|
ഗ്രീൻ ബെറി ഇന്തുപ്പ് നെല്ലിക്ക ജ്യൂസ്
നൂറു ഗ്രാം നെല്ലിക്ക കുരുകളഞ്ഞെടുത്ത് ഒരു ഗ്രാം പുതിനയിലയും ചേർത്ത് ജ്യൂസറിലിട്ട് നീരെടുക്കുക. പാത്രത്തിൽ ശേഖരിച്ച നെല്ലിക്കാനീരിൽ തിളപ്പിച്ചാറി തണുത്ത ശുദ്ധജലം 200 മില്ലി ചേർത്ത് നേർപ്പിക്കുക. പിന്നീട് ഇന്തുപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി കുടിക്കാവുന്നതാണ്. മലബന്ധം, അതിയായ രക്തസമ്മർദ്ദം, വയർവീർപ്പ് എന്നീ രോഗങ്ങളുള്ളവർക്ക് വളരെ ഫലപ്രദമാണ് ഗ്രീൻ ബെറി.
ഡയബറ്റ് ബെറി മഞ്ഞൾ നെല്ലിക്ക ജ്യൂസ്
കുരുകളഞ്ഞ 100 ഗ്രാം നെല്ലിക്കയും ഒരുഗ്രാം പുതിനയിലയും ജ്യൂസറിലിട്ട് നീരെടുത്ത് അതിൽ തിളപ്പിച്ച് തണുപ്പിച്ചാറിയ വെളളം 200 മില്ലി ചേർക്കുക. അതിനുശേഷം അര ഗ്രാം കുരുമുളകുപൊടിയും രണ്ടു ഗ്രാം മഞ്ഞൾപൊടിയും ഒരു ഗ്രാം ഇന്തുപ്പുപൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് കുടിക്കാം. പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റിയ പാനീയമാണ് ഡയബറ്റ് ബെറി.
ക്യാരറ്റ് ബെറി ക്യാരറ്റ് നെല്ലിക്ക ജ്യൂസ്
നൂറു ഗ്രാം കുരുകളഞ്ഞ നെല്ലിക്കയും ഒരുഗ്രാം പുതിനയിലയും കൂടെ 200 ഗ്രാം ക്യാരറ്റും ജ്യൂസറിലിട്ട് നീരെടുക്കുക. അതിൽ തിളപ്പിച്ചാറി തണുത്ത ശുദ്ധജലം 200 മില്ലി ചേർത്ത് കുടിക്കാം. ശരീരസൗന്ദര്യത്തിനും നിറത്തിനും വളരെ ഫലപ്രദമാണ് ക്യാരറ്റ് ബെറി. ഹൃദ്രോഗമുള്ളവർക്കും കുടിക്കാവുന്ന പാനീയമാണിത്.
കൂൾ ബെറി വെള്ളരി നെല്ലിക്ക ജ്യൂസ്
100 ഗ്രാം കുരുകളഞ്ഞ നെല്ലിക്കയും 150 ഗ്രാം വെളളരിക്കയും ഒരു ഗ്രാം പുതിനയിലയും മൂന്നു ഗ്രാം ഇഞ്ചിയും ചേർത്ത് ജ്യൂസറിലിട്ട് നീരെടുക്കുക. തിളപ്പിച്ചാറി തണുപ്പിച്ച 200 മില്ലി ശുദ്ധജലം ചേർത്ത് നേർപ്പിച്ച ശേഷം ആവശ്യത്തിന് പഞ്ചസാരപ്പൊടി ചേർത്ത് കഴിക്കാം. ശരീരം തണുക്കാനും ക്ഷീണത്തിനും അത്യുത്തമമാണ് കൂൾ ബെറി.
ബീറ്റ് ബെറി ബീറ്റ്റൂട്ട് നെല്ലിക്ക ജ്യൂസ്
നെല്ലിക്ക നൂറു ഗ്രാം കുരുകളഞ്ഞതും 150 ഗ്രാം ബീറ്റ്റൂട്ടും ഒരുഗ്രാം പുതിനയിലയും ജ്യൂസറിലിട്ട് നീരെടുക്കുക. ഇതിലേക്ക് തിളപ്പിച്ചാറി തണുപ്പിച്ച 200 മില്ലി ശുദ്ധജലം ചേർത്ത് ആവശ്യത്തിന് പഞ്ചസാരപ്പൊടിയും ചേർത്തിളക്കി ഉപയോഗിക്കാം. ശരീരസൗന്ദര്യത്തിനും നിറം വെയ്ക്കുന്നതിനും ക്ഷീണമകറ്റാനും ബീറ്റ് ബെറി നല്ലതാണ്.
ഹണി ബെറി തേൻ നെല്ലിക്ക ജ്യൂസ്
നൂറു ഗ്രാം കുരുകളഞ്ഞ നെല്ലിക്കയും ഒരു ഗ്രാം പുതിനയിലയും ജ്യൂസറിലിട്ട് നീരെടുക്കുക. അതിൽ തിളപ്പിച്ചാറി തണുപ്പിച്ച ശുദ്ധജലം 200 മില്ലി ചേർത്ത് നേർപ്പിക്കുക. അതിനു ശേഷം ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കാവുന്നതാണ്. ശരീരത്തിന് വേഗത്തിൽ ഉൻമേഷവും ഉൗർജ്ജവും ലഭിക്കുന്നതിന് ഹണി ബെറി സഹായകരമാണ്.
സ്വീറ്റ് ബെറി കൽക്കണ്ടം നെല്ലിക്ക ജ്യൂസ്
കുരുകളഞ്ഞ 100 ഗ്രാം നെല്ലിക്കയും ഒരു ഗ്രാം പുതിനയിലയും ജ്യൂസറിലിട്ട് നീരെടുക്കുക. അതിനു ശേഷം 200 മില്ലി തിളപ്പിച്ചാറിത്തണുത്ത ശുദ്ധജലവും 500 മില്ലി ഗ്രാം ഏലക്കാപൊടിയും ചേർക്കുക. പിന്നീട് ആവശ്യത്തിന് കൽക്കണ്ട ം പൊടിച്ചത് ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് കുടിക്കാം. ദാഹമകറ്റാനും ആരോഗ്യം നിലനിർത്താനും സ്വീറ്റ് ബെറി ഉത്തമമാണ്.
ഋഷി