മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
Monday, August 21, 2017 2:57 AM IST
കാര്യമായി പരിചയപ്പെടുന്നതിനു മുൻപു തന്നെ കൈയിൽ ഏതാനും കണിക്കൊ ന്നയുടെ വിത്തുകൾ തന്നിട്ടു പറഞ്ഞു, എല്ലാം പാകി മുളപ്പിക്കണം. ആരു നടാൻ എന്ന ആത്മഗതം പൂർത്തിയാകുന്നതിനു മുൻപേ അടുത്ത നിർദേശം, നട്ടതിനു ശേഷം ഫോട്ടോ എടുത്തു വാട്സ് ആപ്പിൽ അയച്ചുകൊടുക്കണം. പെട്ടു ഇനിയിപ്പം നടാതെ പറ്റില്ലല്ലോ. പറഞ്ഞു വരുന്നത് മരങ്ങളെ പ്രണയിക്കുന്ന ഒരു പെണ്കുട്ടിയെക്കുറിച്ചാണ്. പേര് ചിത്തിര കുസുമൻ. മരങ്ങൾ നടുന്നതിലും അതു പരിപാലിക്കുന്നതിലും സന്തോഷം തേടുന്നവൾ. കേരളത്തിലെ ഏറ്റവും സജീവമായ പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ വെയ്നിന്റെ പ്രധാന പ്രവർത്തകയും എഴുത്തുകാരിയുമായ ചിത്തിരയുടെ ജീവിതം തന്നെ മരങ്ങളെ പുണർന്നുകൊണ്ടുള്ള യാത്രയാണ്.
"ഗ്രീൻ വെയ്ൻ’ന്റെ തണലിൽ
ചിത്തിരയുടെ മരങ്ങളോടുള്ള ചങ്ങാത്തം ചെറുപ്പത്തിലെ തളിരിട്ടതാണെങ്കിലും അത് കൂടുതൽ പച്ചപിടിച്ചത് ഗ്രീൻ വെയ്നിന്റെ ഭാഗമായതോടെയാണ്. ഇന്ന് കേരളത്തിലെ ഏറ്റവും സജീവമായ പരിസ്ഥിതി സംഘടനയിലൊന്നാണു ഗ്രീൻ വെയ്ൻ. സ്വാമി സംവിദാനന്ദിന്റെ ആശയമായിരുന്നു ഇത്. ചിത്തിരയുൾപ്പെടെ 18 പേരായിരുന്നു ആദ്യം സംഘടനയിൽ. ഇന്നു മരം നടാനും അതു സംരക്ഷിക്കാനും തയാറായ 2,500 ലധികം സജീവ വോളന്റിയർമാർ കേരളത്തിലുണ്ട്. ഇവരാണ് സംഘടനയുടെ ജീവനാഡി. 21 വർഷം കൊണ്ട് 100 കോടി വൃക്ഷതൈകൾ നടുകയാണ് ഗ്രീൻ വെയ്നിന്റെ ലക്ഷ്യം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സംഘടന സജീവമായി പ്രവർത്തിക്കുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇവരുടെ പ്രചാരണം. അതുകൊണ്ടു സമാന ചിന്താഗതിക്കാരായ ആളുകൾ സ്വമനസാലെ സംഘടനയുടെ ഭാഗമാകുന്നു. ഓരോ പ്രവർത്തനവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും.
വിത്തുകളും തൈകളും ശേഖരിക്കുന്നതു ക്യാന്പുകൾ വഴിയാണ്. എല്ലാ ജില്ലകളിലും കമ്യൂണിറ്റി നഴ്സറികളുണ്ട്. ശേഖരിച്ച വിത്തുകൾ മുളപ്പിച്ച് ആറു മാസത്തിനു ശേഷമാണു പുറത്തു നടാൻ നൽകുക. നാലാളെ അറിയിച്ചു പാതയോരത്തോ പൊതുസ്ഥലത്തോ നടുന്നതല്ല ഗ്രീൻവെയ്നിന്റെ രീതി. കൃത്യമായി സംരക്ഷിക്കുമെന്ന് ഉറപ്പുനൽകുന്ന അസോസിയേഷനുകൾക്കും കോളജുകൾക്കും സ്കൂളുകൾക്കും നടാൻ നൽകും. തൈകൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നട്ടതിനു ശേഷവും ഒരു വർഷത്തിനു ശേഷവും ഫോട്ടോആവശ്യപ്പെടും. ഏതെങ്കിലും കാരണവശാൽ തൈകൾ നശിച്ചു പോയാൽ പകരം പുതിയവ നൽകും. ഇതാണ് ഗ്രീൻ വെയ്നെ വ്യത്യസ്തമാക്കുന്നതും. മൂന്നു വർഷം കൊണ്ട് സംഘടന എട്ടര ലക്ഷത്തോളം മരങ്ങൾ നട്ടുകഴിഞ്ഞു.
ചിത്തിരയുടെ പിറന്നാൾ മരങ്ങൾ
"എനിക്കു വേണ്ടിയൊരു മരം നടാമോ? എന്നിട്ടതിന്റെയൊരു ചിത്രം എന്റെ ടൈം ലൈനിൽ പോസ്റ്റ് ചെയ്യാമോ? എനിക്കു കിട്ടുന്ന ഏറ്റവും അനുഗ്രഹിക്കപ്പെട്ട ആശംസ അതാവും. ഈ ഭൂമിയിലെ പല രാജ്യങ്ങളിൽ, എന്റെ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിൽ, എന്റെ സംസ്ഥാനത്തിന്റെ പല ജില്ലകളിൽ സ്വന്തമായി ഒരു മരം എന്ന സ്വപ്നം, നടാമോ എനിക്കു വേണ്ടി, നോക്കി വളർത്താമെന്നുറപ്പുണ്ടെങ്കിൽ മാത്രം?’ - മൂന്നു വർഷം മുന്പുള്ള പിറന്നാളിനു ഫേസ്ബുക്കിൽ ഇങ്ങനെയൊരു കുറിപ്പിടുന്പോൾ ചിത്തിര പോലും കരുതിയിരുന്നില്ല തന്റെ സ്വപ്നങ്ങൾക്കൊപ്പം ഇത്രയധികം ആളുകൾ കൂടുമെന്ന്.
അന്ന് പിറന്നാൾ സമ്മാനമായി ചിത്തിരയുടെ ടൈം ലൈനിൽ നിറഞ്ഞതു 32 ചിത്രങ്ങളായിരുന്നു. 32 പിറന്നാൾ മരങ്ങളുടെ ചിത്രങ്ങൾ. കൂട്ടുകാരെല്ലാം പോസ്റ്റ് ഏറ്റെടുത്തതോടെ പിന്നീട് എല്ലാ ആഘോഷങ്ങളും തൈ നട്ടുകൊണ്ട് ആഘോഷിക്കാൻ തുടങ്ങി. ഇന്നു ജനനം മുതൽ മരണം വരെയുള്ള എല്ലാ വിശേഷങ്ങളും ചിത്തിരയും കൂട്ടുകാരും ആഘോഷിക്കുന്നത് ഒരു മരത്തണൽ ഭൂമിക്കു സമ്മാനിച്ചുകൊണ്ടാണ്. ഇങ്ങനെ നടുന്ന മരത്തോട് പ്രത്യേക അടുപ്പമുണ്ടാകുമെന്നു ചിത്തിര പറയുന്നു. ഒരു കുഞ്ഞുണ്ടാകുന്പോൾ നടുന്ന മരത്തിന്റെ വളർച്ചയും ആ കുഞ്ഞിന്റെ വളർച്ചയും സമാന്തരമായിരിക്കും. അതുകൊണ്ട് ആ മരത്തോടും വൈകാരികമായ അടുപ്പം നമുക്കു തോന്നും. ഒരു സുഹൃത്തിന്റെ അച്ഛൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രായത്തിന്റെ അത്രയും മരങ്ങൾ നട്ടു. ആദ്യം അവരുടെ കുടുംബത്തിനു ബുദ്ധിമുട്ടു തോന്നിയെങ്കിലും എല്ലാവരുടെയും പിന്തുണ കണ്ടപ്പോൾ അവരും സഹകരിച്ചു. ആദര സൂചകമായി അന്നു നട്ട 73 മരങ്ങൾക്ക് ഇപ്പോൾ ഒരു വയസായി. എഴുപത്തിമൂന്ന് പുതു ജീവനുകൾ.
ട്രെൻഡാകുന്ന മരം നടൽ
ഇന്നു മരം നടൽ ഒരു ട്രെൻഡാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന പച്ചപ്പും താറുമാറാകുന്ന ആവാസവ്യവസ്ഥയും മനുഷ്യനെ ചിന്തിപ്പിച്ചു തുടങ്ങിയിരിക്കുന്നു. മരം നടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആളുകൾ മനസിലാക്കി തുടങ്ങിയത് പോസിറ്റീവായ കാര്യമാണ്. എന്നാൽ, ചിലർ ഇതിനെ ഒരു മാർക്കറ്റിംഗ് തന്ത്രമായാണ് കാണുന്നതെന്ന് ചിത്തിര പറയുന്നു. തൈകൾ നട്ടു കന്പി വേലി സ്ഥാപിച്ചതിനു ശേഷം അവരുടെ പരസ്യം സ്ഥാപിക്കും. പിന്നെ തിരിഞ്ഞു നോക്കില്ല. തൈകൾക്കു ചുറ്റും സ്ഥാപിക്കുന്ന കന്പിവേലി കൃത്യസമയത്ത് നീക്കം ചെയ്യാത്തതിനാൽ മരം വളർന്നു കഴിയുന്പോൾ കന്പികൾ തടിയിൽ തുളച്ചു കയറും. ഇത്തരത്തിൽ തുളച്ചുകയറിയ കന്പിവേലികൾ ഗ്രീൻ വെയ്ൻ പ്രവർത്തകർ നീക്കം ചെയ്തിരുന്നു.
അതിനെതിരേ വേലി സ്ഥാപിച്ചവർ പരാതിയുമായെത്തി. തടിയിൽ തുളച്ചു കയറിയ കന്പി നീക്കം ചെയ്തതിനല്ല, അവരുടെ പരസ്യബോർഡ് നശിപ്പിച്ചെന്നായിരുന്നു ആക്ഷേപം. ജൂണ് അഞ്ചിനു പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസിലാക്കാതെയാണ് പലരും മരം നട്ട് ആഘോഷിക്കുന്നത്. സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ആ അധ്യായം അവിടെ അവസാനിപ്പിക്കും. എത്ര പേർക്ക് അടുത്ത വർഷം മരത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചുകൊണ്ട് ഒരു സെൽഫിയിടാൻ കഴിയുമെന്ന് ചിത്തിര ചോദിക്കുന്നു. പരിസ്ഥിതി ദിനത്തിൽ ഗ്രീൻ വെയ്ൻ പ്രവർത്തകർ മരം നടാറില്ല.
സംഘടന തുടങ്ങിയപ്പോൾ മുതലുള്ള അജണ്ടയാണിത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുകയാണ് അന്നത്തെ പരിപാടി. മരം നടുന്നതിനു മാത്രമായി ഒരു ദിവസം ആവശ്യമില്ലന്നാണ് ഇവരുടെ ഭാഷ്യം. കോടിക്കണക്കിനു രൂപ ചെലവഴിച്ചുള്ള സർക്കാരിന്റെ മരതൈ വിതരണവും പലപ്പോഴും ഉദ്ദേശിച്ച രീതിയിൽ ഫലം കാണാറില്ല. കൃത്യമായ പദ്ധതികൾ വിഭാവനം ചെയ്യാത്തതാണു കാരണം. വൈദ്യുതി ലൈനിനു താഴെയുമൊക്കെയായിരിക്കും മരം നടുക. അവസാനം മരം വളർന്നു കഴിയുന്പോൾ വെട്ടിക്കളയാതെ വേറെ മാർഗമില്ലെന്നു വരും. വിതരണം ചെയ്യുന്നതിൽ കൂടുതലും മഴമരങ്ങളാകും. ഇലഭാരം കൂടി ശിഖരങ്ങളൊടിഞ്ഞ് അപകടങ്ങളുണ്ടാകുന്നതും പതിവാകും. ഓരോ സ്ഥലത്തിന്റെയും പ്രത്യേകത അനുസരിച്ചുള്ള മരങ്ങളാണു നടാനായി തെരഞ്ഞെടുക്കേണ്ടതെന്നു ചിത്തിര ഓർമിപ്പിക്കുന്നു.
എറണാകുളം തമ്മനമാണു ചിത്തിരയുടെ സ്വദേശം. അച്ഛൻ കുസുമന്റെയും അമ്മ ജയയുടെയും ഏകമകൾ. മകളുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് അച്ഛനും അമ്മയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. മരങ്ങൾ കഴിഞ്ഞാൽ പിന്നെ ചിത്തിര ഇഷ്ടപ്പെടുന്നത് കവിതകളെയാണ്. "പ്രഭോ പരാജിത നിലയിൽ’ എന്ന പേരിൽ ചിത്തിരയുടെ ആദ്യപുസ്തകം ഒരുമാസം മുൻപ് പുറത്തിറങ്ങി. കവിതകളിലും ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നത് മരങ്ങളോടുള്ള പ്രണയമാണ്. പുസ്തകം വാങ്ങുന്നവർക്ക് ചിത്തിരയുടെ വക ഒരു സ്നേഹ സമ്മാനവുമുണ്ട്. ഏതാനും വിത്തുകൾ.
ബിജോ ടോമി