താരത്തിളക്കമില്ലാതെ....
Tuesday, October 10, 2017 2:58 AM IST
സിനിമയുടെ താരത്തിളക്കമില്ലാതെ കാമറ ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്ന് അനുദിനം കീഴ്പ്പെടുത്തുന്ന രോഗങ്ങളോട് പട പൊരുതി ഒരു സിനിമാ താരം തൊടുപുഴ മണക്കാട്ട് ചോർച്ചയുള്ള ഇടുങ്ങിയ രണ്ടു മുറി വീട്ടിൽ കഴിയുന്നു.
ഒരു കാലത്ത് മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ തിരക്കേറിയ താരമായിരുന്ന തൊടുപുഴ വാസന്തി ഇന്ന് രോഗക്കിടക്കയിൽ ഇടയ്ക്കിടെ മിന്നി മറയുന്ന സിനിമാ ഓർമകളുടെ ഫ്ളാഷ്ബാക്കിലാണ്. സെറ്റുകളിൽ നിന്നു സെറ്റുകളിലേക്ക് ഓടി നടന്നിരുന്ന ഈ നടി ഇപ്പോൾ ആശുപത്രികളിലേക്കുള്ള യാത്രയ്ക്കായി മാത്രമാണ് വീടിനു പുറത്തിറങ്ങുന്നത്. നാൽപ്പതു വർഷത്തോളമായി മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന തൊടുപുഴ വാസന്തിയെ മലയാള സിനിമാ ലോകവും മറന്നിരിക്കുന്നു. വെള്ളാനകളുടെ നാട് എന്ന സിനിമയിൽ മോഹൻലാലിന്റെ റോഡ് റോളർ ഇടിച്ചു തകർക്കുന്ന വീട്ടിലെ ഗൃഹനാഥ മാത്രം മതി തൊടുപുഴ വാസന്തിയെ ഓർമിക്കാൻ. എന്നാൽ രോഗത്തോട് പൊരുതുന്പോഴും സിനിമയെക്കുറിച്ച് ചോദിക്കുന്പോൾ വാസന്തിക്ക് നൂറു നാവ്. തൊണ്ടയിൽ ബാധിച്ച അർബുദം മൂലം ശബ്ദത്തിന് ഇടർച്ചയുണ്ടെങ്കിലും ഇടറിയ ശബ്ദത്തിൽ അവർ അനുഭവങ്ങൾ രാഷ്ട്രദീപികയുമായി പങ്കുവച്ചു.
കലാകുടുംബത്തിൽ നിന്ന് അഭ്രപാളിയിലേക്ക്
തൊടുപുഴ മണക്കാട്ട് ഇളംപ്ലാശേരിയിൽ രാമകൃഷ്ണൻ നായരുടെയും പങ്കജാക്ഷിയമ്മയുടെയും മകളായ വസന്തകുമാരി മാതാപിതാക്കളുടെ കലാഭിനിവേശം കണ്ടാണ് ഈ രംഗത്തേക്കു കാലൂന്നുന്നത്. തൊഴിലാളിയായിരുന്ന പിതാവ് മികച്ച നാടകനടനും ബാലെ കലാകാരനുമായിരുന്നു. തൊടുപുഴ കേന്ദ്രമായി ജയഭാരതം നൃത്തകലാലയം എന്ന ബാലെ ട്രൂപ്പ് നടത്തിയിരുന്നു. ബാലെയുടെ നടന്മാരെയും അണിയറ പ്രവർത്തകരെയും വീട്ടിൽ താമസിപ്പിച്ച് ചുമട്ടുതൊഴിലിൽ നിന്നു ലഭിക്കുന്ന വരുമാനം വരെ ഇതിനായി ചെലവഴിച്ചു. ട്രൂപ്പ് നടത്തി കടം കയറിയെങ്കിലും മകളെ കലാകാരിയാക്കണമെന്ന ആഗ്രഹത്തിൽ വസന്തകുമാരി നൃത്തം പഠിക്കാൻ തുടങ്ങി. മാതാവ് പങ്കജാക്ഷിയമ്മ അറിയപ്പെടുന്ന തിരുവാതിര കളിക്കാരിയായിരുന്നു. മോഹിനിയാട്ടത്തിലും തിരുവാതിരകളിയിലും പരിശീലനം നേടിയപ്പോൾ ബാലെ ട്ര
പ്പുകളിൽ അവസരം ലഭിച്ചു തുടങ്ങി. അക്കാലത്ത് ഈ രംഗത്ത് പ്രമുഖനായിരുന്ന ശാരംഗപാണിയുടെ ബാലെകളിൽ നല്ല വേഷങ്ങൾ ലഭിച്ചു. ഇതാണ് സിനിമയിലേക്കുള്ള വഴി തുറന്നതും.
സിനിമയുടെ ലോകത്തേക്ക്
1978-ൽ ഉദയായുടെ ധർമക്ഷേത്രേ കുരുക്ഷേത്രേ എന്ന സിനിമയിൽ നൃത്ത വേഷത്തിൽ അഭിനയിച്ചായിരുന്നു തുടക്കം. പി.വസന്തകുമാരി എന്ന പേരിലാണ് ആദ്യം അഭിനയിച്ചത്. സിനിമാ താരങ്ങൾക്ക് പേരിനോടൊപ്പം സ്ഥലപ്പേരു ചേർക്കുന്നൊരു പതിവുണ്ടായിരുന്നതിനാൽ നടി അടൂർഭവാനി പേരിനൊപ്പം തൊടുപുഴ എന്നതു കൂടി കൂട്ടിച്ചേർത്തു. അങ്ങനെ വസന്തകുമാരി തൊടുപുഴ വാസന്തിയായി. ആദ്യമായി ഡയലോഗ് പറഞ്ഞ് അഭിനയിച്ചത് പ്രേം നസീറിനൊപ്പം ചെന്നായ വളർത്തിയ കുട്ടി എന്ന ചിത്രത്തിലാണ്. 1982-ൽ മോഹൻ സംവിധാനം ചെയ്ത ആലോലം എന്ന ചിത്രത്തിൽ കെ.ആർ.വിജയക്കൊപ്പം നായികാ പ്രാധാന്യമുള്ള വേഷത്തിൽ അഭിനിയിച്ചു. എന്നാൽ പിന്നീടിങ്ങോട്ട് ഇത്തരം വേഷങ്ങൾ വാസന്തിയെ തേടിയെത്തിയില്ല.
450 ചിത്രങ്ങൾ
നായികാ പ്രാധാന്യമുള്ള വേഷങ്ങൾ അല്ലെങ്കിലും മനസിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ വേഷങ്ങൾ പിന്നീട് തൊടുപുഴ വാസന്തിയെ തേടിയെത്തി. അമ്മയായും അമ്മായിഅമ്മയായും കുശുന്പുകാരിയായ സഹോദരിയായും നർമത്തിന്റെ മേന്പൊടിയുള്ള കഥാപാത്രങ്ങളുമായി വാസന്തി മലയാള സിനിമയിൽ നിറഞ്ഞു. ഒരു ദിവസം ഒന്നിൽക്കൂടുതൽ സിനിമകളിൽ വരെ അഭിനയിക്കുമായിരുന്നു. ടൈപ്പ് ചെയ്യപ്പെട്ടു പോകുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നുവെങ്കിലും കുടുംബത്തിനു വേണ്ടി നിൽക്കാതെ ലൊക്കേഷനുകളിലേക്ക് പാഞ്ഞു. മലയാളത്തിനു പുറമെ ഇളയരാജയുടെ ഒരു തമിഴ്സിനിമയിലും 16 സീരിയലുകളിലും നൂറോളം നാടകങ്ങളിലും വേഷമിട്ടു. ആസിഫ് അലി നായകനായ ഇതു താൻടാ പോലീസ് ആണ് അവസാനം അഭിനയിച്ച ചിത്രം.
നസീർ മുതൽ ആസിഫ് അലി വരെ
നിത്യഹരിത നായകൻ പ്രേംനസീർ മുതൽ യുവനായകൻ ആസിഫ് അലി വരെയുള്ളവരൊത്ത് ഇതിനോടകം അഭിനയിച്ചു. നസീർ, മധു, സോമൻ, സുകുമാരൻ കാലഘട്ടത്തിനു ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ പല സിനിമകളിലും അഭിനയിച്ചു. ഇപ്പോഴത്തെ ന്യുജെൻ നായകന്മാരോടൊത്ത് മാത്രമാണ് അഭിനയിക്കാത്തത്. സത്യൻ അന്തിക്കാട് ഒട്ടേറെ സിനിമകളിൽ നല്ല വേഷങ്ങൾ നൽകി. ഇതു കൂടാതെ തമിഴിൽ കമലഹാസൻ, ഹിന്ദി നടൻമാരായ ഓംപുരി , അംജദ്ഖാൻ എന്നിവർ മലയാളത്തിൽ അഭിനയിച്ചപ്പോൾ ഇവർക്കൊപ്പവും വേഷമിട്ടു. ഇതിനിടെ മികച്ച നാടകനടിക്കുള്ള സംസ്ഥാന പുരസ്കാരവും ഫിലിംക്രിട്ടിക്സ് പുരസ്കാരവും ലഭിച്ചു.
ജീവിതത്തിൽ തിരിച്ചടികൾ
സിനിമയിൽ തിളങ്ങുന്പോഴും ജീവിതം പലപ്പോഴും ഈ കലാകാരിയോട് ക്രൂരത കാട്ടി. സിനിമാഭിനയം തുടങ്ങിയ കാലത്ത് പിതാവ് രാമകൃഷ്ണൻ നായർ കാൻസർ ബാധിച്ച് മരിച്ചു. തുടർന്ന് ഏതാനും വർഷം സിനിമ രംഗത്തു നിന്ന് മാറിനിൽക്കേണ്ടി വന്നു. പിന്നീട് സിനിമയിൽ തിരിച്ചെത്തി അധികനാൾ കഴിയുന്നതിനു മുൻപ് സിനിമ പ്രൊഡ്യൂസർ ആയ കോഴിക്കോട് സ്വദേശി രജീന്ദ്രൻനായരെ വിവാഹം കഴിച്ചു. എന്നാൽ പത്തു വർഷത്തെ ദാന്പത്യജീവിതത്തിനു വിട നൽകി കാൻസർ ബാധിച്ച് അദ്ദേഹം മരിച്ചു. ഈ ദാന്പത്യത്തിൽ മക്കളുമില്ല. പിന്നാലെ അമ്മയും ലോകത്തോടു വിടപറഞ്ഞതോടെ വാസന്തി ജീവിതത്തിൽ തനിച്ചായി.
തളരാതെ പോരാടി, കാലിടറി
ഇതിനിടെ രോഗങ്ങൾ മെല്ലെ തലപൊക്കിത്തുടങ്ങി. പ്രമേഹം പലപ്പോഴും അലോസരപ്പെടുത്തിയിരുന്നുവെങ്കിലും ഇതിനെ അവഗണിച്ച് സഹോദരങ്ങൾക്കും മറ്റുമായി വീണ്ടും സിനിമയിൽ അഭിനയിക്കുന്നതിനായി പോയി. പക്ഷേ പ്രമേഹം കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായതോടെ ശരീരം പലപ്പോഴും പ്രതികരിച്ചു. രണ്ടു വർഷം മുൻപ് ഹൃദയാഘാതമുണ്ടായി. തുടർന്ന് ആൻജിയോപ്ലാസ്റ്റി നടത്തി. പ്രമേഹം മൂലം കാലിൽ പഴുപ്പു കയറിയപ്പോൾ വലതു കാൽ മുട്ടിനു മുകളിൽ മുറിച്ചു നീക്കി. കഴിഞ്ഞ വർഷം വീട്ടിൽ തെന്നി വീണതിനെ തുടർന്ന് ഇടതു കാലിൽ ഒടിവുണ്ടായി. ഇപ്പോൾ കന്പിയിട്ടിരിക്കുകയാണ്. ഈ വർഷമാദ്യമാണ് തൊണ്ടയിൽ അർബുദമാണെന്ന് തിരിച്ചറിയുന്നത്. റേഡിയേഷൻ നടത്തുന്നതിന്റെ ക്ഷീണവുമുണ്ട്. ചികിൽസയ്ക്കായി ഇതിനോടകം ലക്ഷങ്ങൾ ചെലവഴിച്ചു. ഇനി മുന്നോട്ടുള്ള ചികിൽസയെക്കുറിച്ച് ചോദിച്ചാൽ ഈ താരത്തിന് ഉത്തരമില്ല.
സന്പാദ്യം കൊച്ചു വീടു മാത്രം
സിനിമയിൽ അഭിനയിച്ചു ലഭിച്ച പണം കൊണ്ട് മണക്കാട് ഒരേക്കർ സ്ഥലം വാങ്ങിയിരുന്നു. ഇതിൽ 43 സെന്റ് ഭർത്താവിന്റെ ചികിൽസാർഥം വിറ്റു. പത്തു സെന്റ് പണയത്തിലാണ്. ബാക്കിയുള്ള സ്ഥലത്ത് നിർമിച്ച രണ്ടു മുറിയും അടുക്കളയുമുള്ള കൊച്ചു വീട്ടിലാണ് താമസം. ഇവിടെ ഇളയ സഹോദരൻ പ്രവീണ്കുമാറാണ് ഒപ്പം താമസം. മറ്റ് അഞ്ചു സഹോദരിമാരും രണ്ടു സഹോദരൻമാരും സഹായത്തിനെത്തും. പരസഹായം കൂടാതെ കിടക്ക വിട്ടെഴുന്നേൽക്കാൻ കഴിയാത്തതിനാൽ എപ്പോഴും ആരെങ്കിലും ഒപ്പമുണ്ടാവണം. മൂക്കിലൂടെ ഇട്ടിരിക്കുന്ന റബർക്കുഴലിലൂടെയാണ് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നത്.
സിനിമാലോകവും മറന്നു
ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന ഈ നടിയെ സിനിമാ ലോകവും ഓർമകളുടെ പിന്നാന്പുറത്തേക്ക് തട്ടിയ നിലയിലാണ്. സിനിമയിൽ തിരക്കു കുറഞ്ഞപ്പോൾ വരമണി നാട്യാലയം എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തിയിരുന്നു വാസന്തി. ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി അലട്ടിയതോടെ ഇതു നിർത്തി. മുൻകാലത്ത് ആയിരത്തോളം ശിഷ്യരുണ്ടായിരുന്നു ഈ നർത്തകിക്ക്. ഇപ്പോൾ സിനിമാ താര സംഘടനയായ അമ്മയിൽ നിന്നും ലഭിക്കുന്ന 5,000 രൂപ കൈനീട്ടമാണ് ഏക വരുമാനം. കാൻസർ രോഗ ചികിൽസക്കായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ 70,000 രൂപ ഇൻഷുറൻസും ലഭിച്ചിരുന്നു. ഇപ്പോൾ പരിചയക്കാരും ചില സന്നദ്ധ സംഘടനകളും നൽകുന്ന സഹായത്താലാണ് ചികിൽസയും മറ്റും മുന്നോട്ടു പോകുന്നത്. ഭർത്താവിന്റെ വീട്ടുകാർ സാന്പത്തിക ശേഷിയുള്ളവരാണെങ്കിലും ഇവരും സഹായിക്കാറില്ല. സിനിമാരംഗത്തുള്ള ആരും തന്നെ തിരിഞ്ഞുനോക്കുന്നില്ല. താരസംഘടനയായ അമ്മയെ അവസ്ഥ അറിയിച്ചിരുന്നുവെങ്കിലും ഇവരിൽ നിന്നു കൂടുതൽ സഹായങ്ങൾ ഒന്നും ലഭിച്ചില്ല. എങ്കിലും തൊടുപുഴ വാസന്തിയെന്ന സിനിമാ താരത്തിന് ആരോടും പരിഭവമില്ല. വല്ലപ്പോഴും കാണാനെത്തുന്ന സന്ദർശകരെ നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്നു. അവരെ കൈ കൊണ്ട് അഭിനയവും നൃത്തവും കാണിക്കുന്നു. അഭിനയിക്കാൻ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് ഉത്തരം ഇതാണ്. ഒരു കാലില്ലെങ്കിലും ഇനിയും സിനിമയിൽ അഭിനയിക്കണമെന്നുമുണ്ട്. രോഗത്തെ വെല്ലു വിളിച്ചെങ്കിലും.... ഇടർച്ചയോടെ വാക്കുകൾ മുറിയുന്നു...
ടി.പി.സന്തോഷ്കുമാർ
ഫോട്ടോ: ബിബിൻ സേവ്യർ