ഉണങ്ങാത്ത മുറിവ്
Thursday, December 7, 2017 4:26 AM IST
489 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ ആറിനു 25 വർഷം. 158 വർഷമായി തുടരുന്ന കേസ്. 2.77 ഏക്കർ വരുന്ന തർക്കഭൂമി.
ഇങ്ങനെ ഏതാനും അക്കങ്ങൾകൊണ്ട് അടയാളപ്പെടുത്താവുന്നതല്ല അയോധ്യയിൽ ബാബറി മസ്ജിദ്- രാമജന്മഭൂമി വിഷയത്തിൽ സംഭവിച്ചത്. 1992 ഡിസംബർ ആറിനു ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ഇനിയും ഉണങ്ങാത്ത മുറിവുകളാണു രാജ്യത്തിന്റെ രാഷ്ട്രീയഗാത്രത്തിനുമേൽ ഉണ്ടായത്. നമ്മുടെ ഭരണഘടന ഉറപ്പുനല്കുന്ന പലതിനെയും ചവിട്ടിമെതിച്ചുകൊണ്ടുള്ള ഒരു പടപ്പുറപ്പാടാണ് അതിൽ കണ്ടത്. ചരിത്രത്തെ തേച്ചുമായിച്ചുകളഞ്ഞുകൊണ്ടു ചിലതൊക്കെ പുനരുദ്ധരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ യുദ്ധവിളംബരമായി അത്.
പിന്നീടിങ്ങോട്ടു രാജ്യത്തിന്റെ സാമൂഹ്യ - രാഷ്ട്രീയ മാറ്റങ്ങളിലെല്ലാം ആ സംഭവം വലിയ നിഴലായി നിൽക്കുന്നു. ഇപ്പോഴും പരിഹാരം കാണാത്ത വിഷയവുമാണത്.
പരിഹാരത്തിനുള്ള സാധ്യതപോലും വളരെ അകലെയാണ്. 2002-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി തന്റെ ഓഫീസിൽ ഒരു അയോധ്യാ സെൽ രൂപീകരിച്ചു കുറേ ശ്രമങ്ങൾ നടത്തി. പക്ഷേ, എങ്ങുമെത്തിയില്ല. യുപിഎയുടെ പത്തുവർഷ ഭരണത്തിനിടെ ചില രഹസ്യനീക്കങ്ങൾ തുടങ്ങിവച്ചെങ്കിലും ഒട്ടും പുരോഗതി ഉണ്ടായില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴും ചില ഒറ്റപ്പെട്ട ശ്രമങ്ങൾ നടന്നു. പക്ഷേ മുസ്ലിം സമുദായത്തിലെ ഒരു ന്യൂനപക്ഷവിഭാഗമായ ഷിയാകളെ കൂട്ടുപിടിച്ചായിരുന്നു അതിൽ പലതും. മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിംകളെയും ഉത്തർപ്രദേശ് സുന്നി മുസ്ലിം വഖഫ് ബോർഡിനെയും വിശ്വാസത്തിലെടുക്കാതെയായിരുന്നു ആ നീക്കങ്ങൾ. ഏറ്റവുമൊടുവിൽ ജീവനകലയുടെ ആചാര്യൻ രവിശങ്കർ നടത്തിയ ഒറ്റയാൻനീക്കവും എങ്ങുമെത്തിയില്ല.
ഒന്നര നൂറ്റാണ്ടു പിന്നിട്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ അലാഹാബാദ് ഹൈക്കോടതി 2010ൽ സാഹസികമായ ഒരു നീക്കം നടത്തി. തകർക്കഭൂമി മൂന്നായി മുറിച്ചു മൂന്നിലൊന്നു മുസ്ലിംകൾക്കും ബാക്കി രണ്ടു ഹൈന്ദവപ്രസ്ഥാനങ്ങൾക്കും നല്കുന്നതായിരുന്നു അത്. ആ വിധി കേസിൽ പങ്കാളികളായ ഒരു കൂട്ടർക്കും ഇഷ്ടപ്പെട്ടില്ല. ഹൈക്കോടതിയുടെ മുൻപിലെ കേസുകളിൽ ഒരു കക്ഷിപോലും ആവശ്യപ്പെട്ട പരിഹാരമായിരുന്നില്ല അത്. അപ്പീൽ പരിഗണിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആലം അതേപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: ""ഒരു കാര്യത്തിൽ നിങ്ങൾ ഒരേ അഭിപ്രായക്കാരാണ്. ആരും ആവശ്യപ്പെടാത്ത ഒരു പുതിയ പരിഹാരമാണു ഹൈക്കോടതി നല്കിയത്. അതു ഹൈക്കോടതി സ്വയമേവ ചെയ്തതാണ്. അതിനാൽ അതു സ്റ്റേ ചെയ്യേണ്ടിയിരുന്നു.''
സത്യത്തിൽ ഹൈക്കോടതി ഈ വിഷയത്തെ സ്വത്തുതർക്കമായി മാറ്റുകയായിരുന്നു. പക്ഷേ, അതിനിടയിൽ നിർണായകമായ രണ്ടു നിഗമനങ്ങളിൽ അലാഹാബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് എത്തി. ഒന്നാമത്തേത്, തർക്കഭൂമി ശ്രീരാമജന്മഭൂമി ആണെന്നതാണ്. അതിനു പ്രത്യേക കാരണ ങ്ങൾ പറ ഞ്ഞിട്ടി ല്ല. രണ്ടാമത്തത്, തകർക്കപ്പെട്ട ഒരു ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് നിർമിച്ചത് എന്നും. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഒരു വിവാദ റിപ്പോർട്ട് ആധാരമാക്കിയാണ് ഹൈക്കോടതി ഈ നിഗമനത്തിലെത്തിയത്. ഏതായാലും ആ വിധി സ്റ്റേ ചെയ്യപ്പെട്ടിരിക്കുന്നു.
അപ്പീലുകൾ കേൾക്കുന്ന സുപ്രീംകോടതി കഴിഞ്ഞ മാർച്ചിൽ നിർദേശിച്ചത് കോടതിക്കു പുറത്ത് ഒത്തു തീർപ്പുണ്ടാക്കാനാണ്. അതു നിർദേശിച്ച ബെഞ്ചിലെ മൂന്നുപേരും ഇപ്പോഴത്തെ ബെഞ്ചിൽ ഇല്ല.
രാജ്യത്തിന്റെ മതേതരത്വത്തിനേറ്റ വലിയ കളങ്കമായിരുന്നു ബാബറി മസ്ജിദ് തകർക്കൽ. അതേത്തുടർന്നുണ്ടായ കലാപങ്ങളും തുടർപ്രശ്നങ്ങളും രാജ്യത്തെ രാഷ്ട്രീയഗതിയെത്തന്നെ സ്വാധീനിച്ചു. അതുണ്ടാക്കിയ സാമുദായിക ചേരിതിരിവ് ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങിയില്ല.
ബഹുസ്വരസമൂഹങ്ങളിൽ സമവായം വഴി നടത്തേണ്ട കാര്യങ്ങൾ ബലമായി നടത്തിക്കുന്നതിലേക്കു രാഷ്ട്രീയം എത്തി. അതു ന്യൂനപക്ഷ സമുദായങ്ങളിൽ വളർത്തിവിടുന്ന ആശങ്ക ചിലരെ തെറ്റായ പാതയിലേക്കു തള്ളിവിട്ടിട്ടുണ്ട്. തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണ് ഒരുക്കാൻ ബാബറി മസ്ജിദ് തകർക്കൽ കാരണമായി. അതിന്റെ തുടർച്ചയായ ദുരന്തപരന്പരകൾ രാജ്യത്ത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.
അയോധ്യതർക്കം: നാൾവഴി
1528 : മുഗൾ ചക്രവർത്തി ബാബറിന്റെ ഒരു സേനാമേധാവി മിർ ബാഖി അയോധ്യയിൽ മസ്ജിദ് നിർമിക്കുന്നു.
1853 : അയോധ്യയിൽ ആരാധനയെച്ചൊല്ലി ഹിന്ദു- മുസ്ലിം സംഘർഷം.
1859 : ബ്രിട്ടീഷുകാർ ഇരുവർക്കും ആരാധനാസ്ഥലം നിശ്ചയിച്ച് വേലികെട്ടി തിരിച്ചു.
1885 : ബാബറി മസ്ജിദിനോടു ചേർന്ന് രാമക്ഷേത്രം നിർമിക്കാൻ അനുമതി തേടി മഹന്ത് രഘുവർദാസ് ഫൈസാബാദ് കോടതിയിൽ ഹർജി നൽകി.
1949 ഡിസംബർ 23 : ശ്രീരാമ പ്രതിമകൾ മസ്ജിദിൽ സ്ഥാപിച്ചതായി ആരോപണം. മുസ്ലിംകൾ മസ്ജിദിലെ പ്രാർഥന നിർത്തി.
1950 ജനുവരി 16 : പ്രതിമകൾ മാറ്റരുതെന്നും ദിവസേന പ്രാർഥന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗോപാൽ സിംഗ് വിശാരദ് ഫൈസാബാദ് കോടതിയിൽ ഹർജി നൽകി.
1950 ഡിസംബർ 5 : ഇതേ ആവശ്യമുന്നയിച്ച് മഹന്ത് പരമഹംസ രാമചന്ദ്രദാസിന്റെ ഹർജി.
1959 ഡിസംബർ 17 : തർക്കഭൂമി തങ്ങൾക്കു വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സുന്നി സെൻട്രൽ ബോർഡ് ഓഫ് വഖഫിന്റെ ഹർജി.
1984: രാമജന്മഭൂമി മോചിപ്പിക്കാനും ബാബറി മസ്ജിദ് തുറക്കാനും പ്രക്ഷോഭം തുടങ്ങാൻ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) തീരുമാനം.
1986 ഫെബ്രുവരി 1 : മസ്ജിദ് തുറക്കാനും ഹിന്ദുക്കൾക്ക് ആരാധന അനുവദിക്കാനും ഫൈസാബാദ് ജില്ലാ ജഡ്ജി കെ.എം. പാണ്ഡേ ഉത്തരവിട്ടു. മുസ്ലിം സമുദായം ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി.
1989 : അയോധ്യാ വിഷയത്തിൽ വിഎച്ച്പിയെ പിന്തുണച്ച് ബിജെപി.
1989 നവംബർ 9 : അയോധ്യയിൽ ക്ഷേത്രനിർമാണത്തിനു ശിലാന്യാസ് (തറക്കല്ലിടൽ) നടത്താൻ കേന്ദ്രസർക്കാർ അനുവദിച്ചു.
1990 സെപ്റ്റംബർ 25 : ബിജെപി പ്രസിഡന്റ് എൽ.കെ. അഡ്വാനി ഗുജറാത്തിലെ സോമനാഥിൽനിന്ന് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി.
1990 ഒക്ടോബർ 23 : രഥയാത്ര ബിഹാറിലെ സമസ്തിപ്പുരിൽ തടഞ്ഞു. അദ്വാനി അറസ്റ്റിൽ.
1990 ഒക്ടോബർ 30 : കർസേവകർ ബാബറി മസ്ജിദിൽ പ്രവേശിക്കാൻ തുനിയുന്നു. പോലീസ് വെടിവയ്പിൽ 28 പേർ കൊല്ലപ്പെട്ടു.
1991 ഒക്ടോബർ : ബാബറി മസ്ജിദിനു ചുറ്റുമുള്ള 2.77 ഏക്കർ സ്ഥലം യുപി സർക്കാർ ഏറ്റെടുത്തു.
1992 ഡിസംബർ 6: പതിനായിരക്കണക്കിന് കർസേവകർ ബാബറി മസ്ജിദ് തകർത്തു. രാജ്യത്തു പലേടത്തും സാമുദായിക കലാപം. മസ്ജിദ് പുനർനിർമിക്കുമെന്നു പ്രധാനമന്ത്രി പി.വി. നരസിംഹറാവു. തർക്കഭൂമിയിൽ താൽക്കാലിക ക്ഷേത്രം പണിതു.
1992 ഡിസംബർ 16 : എം.എസ്. ലീബർഹാൻ കമ്മീഷനെ മസ്ജിദ് തകർക്കൽ അന്വേഷിക്കാൻ നിയമിച്ചു.
2002 ഏപ്രിൽ : അയോധ്യയിലെ തർക്കഭൂമിയുടെ അവകാശതർക്ക കേസ് അലാഹാബാദ് ഹൈക്കോടതിയിൽ വിചാരണ തുടങ്ങി.
2003 മാർച്ച്-ഓഗസ്റ്റ് : അയോധ്യയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനനം. മസ്ജിദിന് അടിയിൽ ഒരു ക്ഷേത്രാവശിഷ്ടം കണ്ടതായി നിഗമനം.
2003 സെപ്റ്റംബർ : മസ്ജിദ് തകർത്തതിന് ഏഴു ഹിന്ദു നേതാക്കൾക്കെതിരേ കേസ്.
2005 ജൂലൈ : സ്ഫോടകവസ്തുക്കൾ നിറച്ച ജീപ്പിൽ അഞ്ച് ഇസ്ലാമിക് ഭീകരർ തർക്കഭൂമിയിൽ എത്തി. സുരക്ഷാവിഭാഗം അവരെ വകവരുത്തി.
2009 ജൂലൈ : 19 വർഷത്തിനു ശേഷം ലീബർഹാൻ കമ്മീഷൻ റിപ്പോർട്ട് നൽകി.
2010 സെപ്റ്റംബർ 30 : അലഹാബാദ് ഹൈക്കോടതി വിധി. മസ്ജിദ് പണിതത് ക്ഷേത്രം തകർത്താണെന്നും മസ്ജിദ് നിർമാണം ഇസ്ലാം ശാസനകൾ അനുസരിച്ചല്ലെന്നും കോടതി പറഞ്ഞു. തർക്കഭൂമി മൂന്നായി വിഭജിക്കാനാണ് ഉത്തരവ്. ഒരു ഭാഗം ശ്രീരാമന് (ഹിന്ദു മഹാസഭയ്ക്ക്), ഒരു ഭാഗം നിർമോഹി അഖാഡായ്ക്ക്, ഒരു ഭാഗം സുന്നി വഖഫ് ബോർഡിന്.
2011 : ഹൈക്കോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
റ്റി.സി. മാത്യു