ഹൃദയാരോഗ്യത്തിനു വെണ്ടയ്ക്ക
ഹൃദയാരോഗ്യത്തിനു വെണ്ടയ്ക്ക
രക്‌തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായകം. രക്‌തം കട്ടപിടിക്കുന്നതിനും ആർട്ടീരിയോ സ്ളീ റോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കുന്നതരം നാരുകൾ രക്‌തത്തിലെ സെറം കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നു.

വെണ്ടയ്ക്കയിൽ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്‌ടംപോലെ. ശരീരത്തിലെ സോഡിയത്തിന്റെ തോത് സംതുലനം ചെയ്തു നിർത്തുന്നതിൽ പൊട്ടാസ്യത്തിനു പങ്കുണ്ട്.

വെണ്ടയ്ക്കയിലുളള വിറ്റാമിൻ എ എന്ന ആന്റിഓക്സിഡന്റ് ചർമാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകൾ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചർമകോശങ്ങൾക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആന്റിഓക്സിഡന്റുകൾ നിർവീര്യമാക്കുന്നു.

സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗർഭിണികളുടെ. ഭ്രൂണാവസ്‌ഥയിൽ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം. ഗർഭസ്‌ഥശിശുവിന്റെ ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകൾ അവശ്യം. 4–12 ആഴ്ചകളിലെ ഗർഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിർമാണം ത്വരിതപ്പെടുത്തുന്നു. ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. അതിനാൽ ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ വെണ്ടയ്ക്ക പതിവായി ഉൾപ്പെടുത്തണം.

ശരീരമെമ്പാടും ഓക്സിജൻ എത്തിക്കുന്നതു രക്‌തത്തിലെ ഹീമോഗ്ലോബിനാണ്.
ഹീമോഗ്ലോബിന്റെ ഉത്പാദനം കൂടുന്നതോടെ രക്‌തസഞ്ചാരവും മെച്ചപ്പെടുന്നു. ചർമത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിർത്താനാകുന്നു. ശിരോപരിതലത്തിലേക്കുളള രക്‌തസഞ്ചാരം മെച്ചപ്പെടുന്നതു മുടിവളർച്ചയ്ക്കു സഹായകം.താരൻ, മുടിയുടെ വരൾച്ച, മുടികൊഴിച്ചിൽ എന്നിവ കുറയും.


വീട്ടുവളപ്പിൽ ജൈവരീതിയിൽ വിളയിച്ച വെണ്ട.യ്ക്ക പച്ചയ്ക്കും കഴിക്കാം. വെണ്ടയ്ക്ക വിഭവങ്ങൾ കുറഞ്ഞ തീയിൽ വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. അതിലുളള നാരുകൾ ഉൾപ്പെടെയുളള പോഷകങ്ങൾ നഷ്‌ടമാകുന്നത് ഒരുപരിധി വരെ അങ്ങനെ തടയാം. എണ്ണയിൽ വറുത്ത വിഭവങ്ങളിലൂടെയാണ് കൊളസ്ട്രോൾ അമിതമായി ശരീരത്തിലെത്തുന്നത്. കഴിവതും വെണ്ടയ്ക്ക ഫ്രൈ ചെയ്തു കഴിക്കുന്നത് ഒഴിവാക്കണം. മറ്റു രീതികളിൽ പാകം ചെയ്തു കഴിക്കുന്നതാണ് ഉചിതം.
മുറിവുകളുണ്ടാകുമ്പോൾ രക്‌തം കട്ടപിടിക്കുന്നതിനു വെണ്ടയ്ക്കയിലുളള വിറ്റാമിൻ കെ സഹായകം. വെണ്ടയ്ക്കയിലുളള മഗ്നീഷ്യം, സെലിനിയം, മാംഗനീസ്, കാൽസ്യം, കോപ്പർ തുടങ്ങിയ അവശ്യം വേണ്ട പോഷകങ്ങൾ ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകളെ തുരത്തുന്നതിനു സഹായകം. എല്ലുകളുടെ ആരോഗ്യത്തിനും വെണ്ട.യ്ക്ക ഗുണപ്രദം. ബോൺ ഡെൻസിറ്റി കൂട്ടുന്നു. പ്രായമാകുന്നതോടെ എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ്, ആർത്രൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനും വെണ്ടയ്ക്കയിലെ പോഷകങ്ങൾ സഹായകം. വെണ്ടയ്ക്കയിലുളള ഫോളേറ്റുകൾ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കു സഹായകമായ ചില ഘടകങ്ങൾ ഉത്പാദിപ്പിക്കുന്നു.

വെണ്ടയ്ക്കയെന്നല്ല അധികമായാൽ എന്തും വിഷം തന്നെ. വെണ്ടയ്ക്കയിലുളള ഓക്സാലിക് ആസിഡ് വൃക്കയിൽ കല്ലുണ്ടാക്കുന്നതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ചിലപ്പോൾ ഓക്സാലിക് ആസിഡ് സന്ധികളിൽ അടിഞ്ഞുകൂടി സന്ധിവേദനയ്ക്ക് ഇടയാക്കാം. അതിനാൽ മിതമായി മാത്രം ഉപയോഗിക്കുക. എല്ലാത്തരം വിഭവങ്ങളും മിതമായി ഉൾപ്പെടുത്തിയ ആഹാരക്രമം(ഡയറ്റ്) അതാണ് ആരോഗ്യജീവിതത്തിനു ഗുണപ്രദം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്