അടുക്കളയില് നിന്നു അടര്ക്കളത്തിലേക്ക്
Friday, August 3, 2018 2:38 PM IST
കരിവളയിടേണ്ട കൈകളിൽ കറുത്ത നിറമുള്ള മെഷീൻ ഗണ്ണും സ്റ്റെൻ ഗണ്ണും പിസ്റ്റളും...മിഴി രണ്ടിലും നിതാന്ത ജാഗ്രതയുടെ തീക്കനലുകൾ... നിറമുള്ള മനോഹര വസ്ത്രങ്ങൾക്കു പകരം കറുപ്പു വസ്ത്രങ്ങൾ... ശത്രുപാളയത്തിൽനിന്നു ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകൾക്കും ഗ്രനേഡുകൾക്കും മുന്നിൽ പതറാതെ നിൽക്കുമെന്ന് ആയിരം തവണ മനസിനെ പറഞ്ഞുപഠിപ്പിച്ച് നേടിയെടുത്ത അസാമാന്യ മനക്കരുത്ത്... അടുക്കളയിൽ കറിക്കത്തി കൈകാര്യം ചെയ്യുംപോലെ സങ്കീർണമായ ആയുധങ്ങളെ നിസാരമായി കൈകാര്യം ചെയ്യുന്ന എക്സ്ട്രാ ഓർഡിനറി മികവ്.... ഏതു വിധ്വംസക ശക്തിക്കു മുന്നിലും കൈവിറയ്ക്കാതെ ഉന്നം പിഴയ്ക്കാതെ നിറയൊഴിക്കാനുള്ള കൈക്കരുത്ത്....
കേരള പോലീസിലെ ആദ്യത്തെ വനിതാ കമാൻഡോ ബാച്ചിനെ വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാകാതെ വരും..
ഇരട്ടച്ചങ്കനെന്നു മാധ്യമങ്ങൾ വാഴ്ത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലൂടെ സല്യൂട്ട് ചെയ്ത് ഇരട്ടച്ചങ്കുളള ഈ വനിതാ കമാൻഡോകൾ കടന്നുപോകുന്പോൾ അതു കേരള പോലീസിന്റെ വരുംകാല പാഠപുസ്തകങ്ങളിലിടം പിടിക്കുന്ന ചരിത്രമായി മാറുകയായിരുന്നു.
44 വനിതാ കമാൻഡോകളാണ് ആദ്യമായി കേരള പോലീസിൽ വിദഗ്ധ പരിശീലനം നേടി രാജ്യസുരക്ഷയുടെ ഉത്തരവാദിത്വങ്ങളേറ്റെടുക്കാൻ സജ്ജരായത്. വിവിഐപി സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായും തെരഞ്ഞെടുപ്പുകാലത്തുമൊക്കെ കമാൻഡോസ് ഡൽഹിയിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമൊക്കെ വരുന്നത് എത്രയോ തവണ നമ്മൾ കണ്ടിട്ടുണ്ട്. ഇനി ആ പുരുഷ കമാൻഡോകൾക്കൊപ്പം നിൽക്കാൻ തങ്ങളും ഇവിടെയുണ്ടെന്ന് ഈ പെണ്പുലികൾ തലയെടുപ്പോടെ കാണിച്ചുതരുന്നു.
2017ലാണ് സംസ്ഥാന സർക്കാർ തീരുമാനപ്രകാരം ഒരു വനിതാ പോലീസ് ബറ്റാലിയൻ തിരുവനന്തപുരം ആസ്ഥാനമാക്കി തുടങ്ങിയത്. ഇതിനായി കഴക്കൂട്ടം മേനംകുളത്ത് പത്തേക്കർ സ്ഥലവും സർക്കാർ അനുവദിച്ചു. തുടർന്ന് ഇവിടെ വനിതാ ബറ്റാലിയൻ ഓഫീസും ആരംഭിച്ചു. എസ്പി ആർ.നിശാന്തിനിയാണ് പ്രഥമ വനിതാ ബറ്റാലിയൻ കമൻഡാന്റ്.
തുടർന്നു പുതുതായി റിക്രൂട്ട് ചെയ്ത വനിതാ ബറ്റാലിയൻ സേനാംഗങ്ങളുടെ ഒന്പതു മാസത്തെ പരിശീലനം 2017 സെപ്റ്റംബർ 17ന് തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ ആരംഭിച്ചു. ആകെ 578 വനിതാ പോലീസ് സേനാംഗങ്ങളാണ് ഇവിടെ പരിശീലനം പൂർത്തിയാക്കിയത്. ഇതിൽ 44 പേരാണ് കമാൻഡോ പരിശീലനം നേടിയിട്ടുള്ളത്. ഇവരെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ഒരു വനിതാ കമാൻഡോ വിംഗ് ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒന്പതു മാസമായി രാമവർമപുരത്തെ പോലീസ് അക്കാദമിയാണ് ഈ 578 വനിതാ രത്നങ്ങൾക്കു വീട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വീട്ടുകാരേയും ഉറ്റവരേയും ഉടയവരേയും വിട്ടകന്നു കഠിന പരിശീലനങ്ങളിലൂടെ കടന്നുപോയ ഒന്പതുമാസത്തെ രാപകലുകൾ. അതിരാവിലെ മുതൽ ആരംഭിക്കുന്ന പരിശീലനങ്ങൾക്കും ക്ലാസുകൾക്കും ആയുധ പരിശീലനങ്ങൾക്കുമെല്ലാം ഒടുവിൽ പ്രൗഢ ഗംഭീരമായ പാസിംഗ് ഒൗട്ട് പരേഡിൽ സംസ്ഥാന മുഖ്യമന്ത്രി തങ്ങളിൽനിന്നും അഭിവാദ്യം സ്വീകരിച്ച ആ അഭിമാന മുഹൂർത്തം!! മറക്കാനാവാത്ത മുഹൂർത്തങ്ങളുടെ ഹാംഗ്ഓവറിലായിരുന്നു പാസിംഗ് ഒൗട്ടിനുശേഷം ഓരോ വനിതാ പോലീസ് സേനാംഗവും.
തങ്ങളുടെ മകളെ, മരുമകളെ, അനിയത്തിക്കുട്ടിയെ, പേരക്കുട്ടിയെ പോലീസ് യൂണിഫോമിലും കമാൻഡോ വേഷത്തിലും കണ്ടതിന്റെ സന്തോഷാശ്രുക്കളായിരുന്നു ഓരോ കുടുംബാംഗങ്ങളുടെയും മുഖത്ത്..അതിലേറെ അഭിമാനത്തിന്റെ വേലിയേറ്റവും!!
സന്തോഷം മറച്ചുവയ്ക്കാതെ പെണ്മക്കളെ വാരിപ്പുണർന്ന് ഉമ്മ കൊടുക്കുന്ന അമ്മമാരെ അക്കാദമി കാന്പസിൽ കണ്ടു. യൂണിഫോമിൽ മുന്നിൽ വന്നുനിന്ന പൊന്നുമകളെ കണ്ണിമ ചിമ്മാതെ അദ്ഭുതത്തോടെ നോക്കിനിന്ന അച്ഛനെയും കണ്ടു. തന്റെ കൈവിരൽത്തുന്പു പിടിച്ചു നടന്ന പൊന്നുമകൾ കേരള പോലീസിന്റെ ഭാഗമായി മുന്നിൽ വന്നുനിൽക്കുന്പോൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുന്പുകയായിരുന്നു ആ അച്ഛന്റെ മനസ്...
ഒന്പതു മാസത്തെ കഠിന പരിശീലനമാണ് ഏതൊരു സാധാരണക്കാരനേയും പോലീസാക്കി മാറ്റുന്നതെന്ന് സേനയിലുള്ളവർ പറയാറുണ്ട്. അടിമുടി മാറുന്ന പരിശീലനകാലയളവാണത്. വനിതാ പോലീസ് ബറ്റാലിയനിലുള്ളവരുടെ പരിശീലനങ്ങൾക്കുമുണ്ടായിരുന്നു സവിശേഷതകൾ.
ഇ-ലേണിംഗ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂർത്തിയാക്കിയ ആദ്യത്തെ ബാച്ചാണിത്. ഇവർ ഐക്യരാഷ്ട്രസഭയുടെ വിമൻ ട്രെയിനിംഗ് സെന്റർ ഇ ലേണിംഗ് കാന്പസിൽ നിന്നും "ഐ നോ ജെൻഡർ’ 1, 2, 3 മൊഡ്യൂളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഒന്പതു മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന നിയമങ്ങളോടൊപ്പം ദുരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തൽ, ഡ്രൈവിംഗ്, കംപ്യൂട്ടർ, ആംസ്, ജംഗിൾ ട്രെയിനിംഗ്, ഫസ്റ്റ് എയ്ഡ് എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് കേരളത്തിലെ വീട്ടമ്മമാർ ഇത്തരത്തിലുള്ള വനിതാ പോലീസ് ബറ്റാലിയനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. തങ്ങൾക്ക് തുണയായി ഇനി ഇവരുണ്ടാകുമെന്ന് ഓരോ അമ്മമാരും വിശ്വസിക്കുന്നു...പ്രതീക്ഷിക്കുന്നു...
ആ വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിച്ച് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകലാണ് ഇനി ഇവരുടെ ഉത്തരവാദിത്വവും ചുമതലയും. അതിനുതകുന്ന വിധത്തിലാണ് ഇവരെ വാർത്തെടുത്തിരിക്കുന്നത്. ഒരു ജോലിയും കിട്ടാതെ പോലീസിൽ വന്നു ചേർന്നവരല്ല ഇക്കൂട്ടത്തിലുള്ളത്. നല്ല പഠിപ്പും അറിവുമുള്ളവരാണ് പുറത്തിറങ്ങിയ എല്ലാ സേനാംഗങ്ങളും.
82 പേർ ബിരുദാനന്തരബിരുദം നേടിയവരും 19 പേർ ബി.ടെക്കുകാരുമാണ്. അഞ്ചുപേർ എംബിഎ, നാലു പേർ എംസിഎ, 55 പേർ ബിരുദാനന്തര ബിരുദത്തോടൊപ്പം ബിഎഡ്, ഒരാൾ എംഎഡ്, 62 പേർ ബിരുദത്തോടൊപ്പം ബി എഡ്, മൂന്നുപേർ ബിരുദത്തോടൊപ്പം ഡിപ്ലോമ, 229 പേർ ബിരുദം, 23 പേർ പോളിടെക്നിക് ഡിപ്ലോമ, 21 പേർ ടിടിസി, 60 പേർ എച്ച്എസ്ഇ, 14 പേർ എസ്എസ്എൽസി യോഗ്യതയുള്ളവരാണ്.
ആരാണ് മാതൃക? വനിതാ കമാൻഡോകളിൽ ചിലരോട് ചോദിച്ചപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ വെടിയുണ്ട പോലെ ഉത്തരം വന്നു - ഡോ.സീമ റാവു....
മാധ്യമങ്ങൾ സൂപ്പർ വുമണ്, ഉരുക്കു വനിത, അദ്ഭുത വനിത എന്നൊക്കെ വിശേഷിപ്പിക്കുന്ന സാക്ഷാൽ ഡോ.സീമ റാവു എന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാൻഡോ.
കേരളത്തിലെ ആദ്യത്തെ വനിതാ കമാൻഡോകൾക്കും പ്രിയം ഡോ.സീമ റാവുവിനെ പ്പോലെ കിടിലൻ കമാൻഡോയാകാനാണ്.
ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാൻഡോ മാത്രമല്ല വനിതാ കമാൻഡോ ട്രെയിനർ കൂടിയാണ് ഡോ.സീമ റാവു. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ സേനയുടെ സ്പെഷൽ ഫോഴ്സുകളെ പരിശീലിപ്പിക്കുന്ന സീമ കേരളത്തിലെ കമാൻഡോകൾക്കും പ്രിയങ്കരിയും മാതൃകയുമായത് ത്രസിപ്പിക്കുന്ന അവരുടെ കഴിവുകൾ കൊണ്ടാണ്.
മിലിട്ടറി ആയോധനകലയിൽ ഏഴാമത് ഡിഗ്രി ബ്ലാക് ബെൽറ്റ്, കോംബാറ്റ് ഷൂട്ടിംഗ് ഇൻസ്ട്രക്ടർ, ഫയർ ഫൈറ്റർ, സ്കൂബ ഡൈവർ, ബ്രൂസ്ലി വികസിപ്പിച്ച ജീറ്റ് കുനെ ഡോ അഥവാ ജെ.കെ.ഡി അഭ്യാസത്തിൽ വിദഗ്ധ..... വിശേഷണങ്ങളും മികവുകളും പലതാണ് ഡോ.സീമ റാവുവിന്...
അതുകൊണ്ടെല്ലാമാണ് കേരളത്തിന്റെ കമാൻഡോ ഉണ്ണിയാർച്ചകൾക്കു ഡോ.സീമറാവു സൂപ്പർതാരമാകുന്നത്.
ഒന്പതുമാസം വിയർപ്പൊഴുക്കിയ കഠിന പരിശീലനത്തിനു താങ്ങും തണലുമായ പരേഡ് ഗ്രൗണ്ടിനെ തൊട്ടുവണങ്ങി, അറിവു പകർന്നു തന്ന ഗുരുക്കൻമാരോട് നന്ദി പറഞ്ഞ്, പഠിപ്പിച്ചതൊന്നും പാഴാകില്ലെന്നു മനസിൽ ഉറപ്പിച്ച് അവർ ഇറങ്ങുകയാണ്...ജനകോടികളുടെ രക്ഷാകവചമായി... ഞങ്ങൾ കൂടെയുണ്ട് എന്ന് അവരെ ഓർമപ്പെടുത്തി, അവർക്കു ധൈര്യംപകർന്ന്...പിറന്നുവീണ ഈ നാടിനെ ഒരു തീവ്രവാദ ശക്തിക്കും വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ...
വീണ്ടും വീണ്ടും ആ പെണ്കരുത്തിനു നൽകാം ഒരു ബിഗ് സല്യൂട്ട്.....
ഋഷി