യേശുദാസ് തിരുവനന്തപുരത്ത് ശ്രീ സ്വാതി തിരുനാള് സംഗീത കോളജില് ചേരുവാന് വന്ന കാലത്ത് അച്ഛൻ അഗസ്റ്റിൻ ജോസഫിനോടൊപ്പം മേടയില് വീട്ടിലെത്തിയിരുന്നു. (മലബാർ ഗോപാലന് നായരും അഗസ്റ്റിന് ജോസഫും സുഹൃത്തുക്കള് ആയിരുന്നു).
അന്ന് രാധാകൃഷ്ണനും യേശുദാസും ഒന്നിച്ചിരുന്നു പാടിയ കാര്യം എം.ജി. രാധാകൃഷ്ണന് അഭിമുഖങ്ങളില് പറഞ്ഞിട്ടുണ്ട്.
സ്വാതി തിരുനാള് സംഗീത അക്കാഡമിയില് (ഇന്നത്തെ സംഗീത കോളജ്) ഒരുമിച്ചിരുന്ന ഇവര് ആകാശവാണിയുടെ സംഗീതമത്സരത്തിനു പോയതും രണ്ടുപേരും തോറ്റതും എംജി പറയാറുണ്ട്.
(ഇക്കഥയാണ് ആകാശവാണി യേശുദാസിന്റെ ശബ്ദം നന്നല്ല എന്ന് പറഞ്ഞ് മടക്കി അയച്ചു എന്ന നിലയില് ഇന്നും പ്രചരിക്കുന്നത്.)
ഏതായാലും ആകാശവാണി സംഗീത മത്സരത്തില് തോറ്റ ഈ സുഹൃത്തുക്കളാണ് പില്ക്കാലത്ത് ആകാശവാണി പിടിച്ചടക്കിയതും ഇന്നും കീഴടക്കുന്നതും എന്ന വൈരുധ്യമുണ്ട്!. സംഗീത ജീവിതത്തിലെ ഈ ലയം പക്ഷേ വ്യക്തി ജീവിതത്തില് ഇടയ്ക്കൊക്കെ പിഴയ്ക്കാറുണ്ട്.
രണ്ടുപേരും പലകാലത്തും വഴക്കിട്ട് പിരിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കഥ കേള്ക്കാം - പതിവായി വെറ്റില മുറുക്കുന്ന പ്രകൃതക്കാരനായിരുന്നു എം.ജി. രാധാകൃഷ്ണൻ.
തരംഗിണിയിലൊരു റെക്കോര്ഡിംഗിനു പോയ സമയത്ത് എം.ജി. രാധാകൃഷ്ണന് ഇടയ്ക്കൊന്നു മുറ്റത്തേക്കിറങ്ങി മുറുക്കാന് തുപ്പി.
ഇതുകണ്ടു നിന്ന ആരോ പിന്നീട് ഇക്കാര്യം യേശുദാസിനോടു പറഞ്ഞു. എം.ജി. രാധാകൃഷ്ണന് ദാസ് സാറിന്റെ തുളസിച്ചെടിയില് തുപ്പി എന്ന രീതിയിലാണ് പറഞ്ഞു കൊടുത്തത്.
വളരെ പവിത്രമായി തുളസിച്ചെടിയെ കാത്തു സംരക്ഷിച്ചിരുന്ന യേശുദാസ് ഇതൊരു വലിയ പ്രശ്നമായി എടുക്കുകയും അടുത്ത ദിവസം എം.ജി. രാധാകൃഷ്ണനെ സ്റ്റുഡിയോയിലേക്കു വിളിച്ചുവരുത്തി ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. എംജി തിരികെ അതേ നാണയത്തില് തിരിച്ചടിച്ചു.
‘ഒരു നാഴിയില് മറ്റൊരു നാഴി കയറ്റരുതെ'ന്ന് പറഞ്ഞ് തരംഗിണിയില് നിന്നും ഇറങ്ങി പോവുകയും ചെയ്തു. മുന്കോപക്കാരനായ ഗാനഗന്ധര്വനും അതേ മുന്കോപമുള്ള എം.ജി. രാധാകൃഷ്ണനും തമ്മില് ഇങ്ങനെയുള്ള വാക്കുതര്ക്കങ്ങള് പലപ്പോഴും ഉണ്ടായിട്ടുണ്ട്.
എങ്കിലും അടുത്ത തവണ കാണുന്ന അവസരത്തില് രണ്ടുപേരും ഇക്കാര്യം മറന്നുപോവുകയും ചെയ്യുമായിരുന്നു. എന്ന് എം.ജി. രാധാകൃഷ്ണന് പറയുമായിരുന്നു.
1978ല് ജി. അരവിന്ദന്റെ ‘തമ്പ്' എന്ന സിനിമയിലൂടെയാണ് എം.ജി.രാധാകൃഷ്ണൻ സിനിമാ സംഗീത സംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്. ഈ ചിത്രത്തിലെ ‘കാനകപെണ്ണ് ചെമ്മരുത്തി' ഏറെ ശ്രദ്ധേയമായി.
അതിനു മുമ്പുതന്നെ 1971ലെ ശരശയ്യയിലൂടെ സിനിമയില് ഗായകനായി ശ്രദ്ധ നേടിയിരുന്നു. ‘ശാരികെ ശാരികെ...' എന്ന ഗാനം ജി. ദേവരാജന്റെ സംഗീതത്തില് എസ്. ജാനകിക്കൊപ്പം പാടി അവിസ്മരണീയമാക്കി.
എസ്. മഞ്ജുളാദേവി