അപകടക്കെണിയായി നിരത്തുകള്‍
Saturday, November 11, 2017 4:14 AM IST
അമേരിക്കയിൽ 34 കോടിയോളം വാഹനങ്ങളും അത്രത്തോളം ജനങ്ങളുമുണ്ട്. അവിടെ റോഡപകട മരണം വർഷം ശരാശരി 35,000. ഇന്ത്യയിൽ 22 കോടി വാഹനങ്ങളും 130 കോടി ജനങ്ങളുമുണ്ട് എന്നാൽ, ഇവിടെ റോഡപകടത്തിൽ കഴിഞ്ഞ വർഷം മരിച്ചത് ഒന്നരലക്ഷം പേർ. ജപ്പാനിൽ 12 കോടി ജനങ്ങളും 10 കോടി വാഹനങ്ങളുമുണ്ട്. അവിടെ കഴിഞ്ഞ വർഷത്തെ മരണം ഏകദേശം 3900 മാത്രം. പക്ഷേ മൂന്നു കോടി ജനങ്ങളും ഒരു കോടി വാഹനങ്ങളുമുള്ള കേരളത്തിൽ കഴിഞ്ഞ വർഷം റോഡപകടത്തിൽ മരിച്ചതാവട്ടെ 4287 പേർ.
കേരളത്തിൽ 1000 കോടി രൂപയാണ് റോഡ് അപകടങ്ങൾ കാരണം ചെലവാക്കുന്നത്. ആശുപത്രി ചെലവുകൾ , ഇൻഷുറൻസ്, സെറ്റിൽമെന്റ് കേസ്, മോട്ടോർ വെഹിക്കിൾ ആക്സിഡന്റ് ട്രിബ്യൂണൽ കേസുകൾ മുതലായവയ്ക്ക് വലിയ തുക ചെലവിടേണ്ടിവരുന്നു.
ശരാശരി 12 പേർ ദിവസേന കേരളത്തിൽ റോഡപകടങ്ങളിൽ മരിക്കുന്നു. ലോകത്തു മൊത്തമുള്ള മോട്ടോർ വാഹനങ്ങളിൽ ഒരുശതമാനം മാത്രമാണ് ഇന്ത്യയിലോടുന്നത്. അതേ സമയം റോാഡപകട മരണനിരക്കിന്റെ കാര്യത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
ഹെൽമറ്റ് ജീവന്റെ കവചമാണ്. ഇന്ത്യയിൽ റോഡപകടമരണത്തിൽ മൂന്നിലൊന്ന് മോട്ടോർസൈക്കിൾ യാത്രികരാണ്. നമ്മുടെ സംസ്ഥാനത്ത് 2015 ൽ 39,014 അപകടമുണ്ടായതിൽ 31,614 എണ്ണവും മോട്ടോർസൈക്കിൾ അപകടങ്ങളാണ്. 1,330 പേരാണ് ഇതിൽ മരിച്ചത്. 14,858 പേർ പരിക്കു പറ്റി കിടക്കകളിൽ കഴിയുന്നു.
നിലംപൊത്താറായ പാലങ്ങൾ
റോഡിനെക്കാൾ ദയനീയമാണ് പൊതുമരാമത്ത് വകുപ്പിന്റെ തന്നെ ചുമതലയിലുള്ള പാലങ്ങളുടെ സ്ഥിതി. പാലം തുറന്നുകൊടുത്താൽ
ിന്നെ സുരക്ഷാ പരിശോധനയോ ബലപ്പെടുത്തലോ നടത്താറില്ല. കേരളത്തിലെ വൻകിട പാലങ്ങളുടെ പരമാവധി ഭാരശേഷി 20 ടണ്ണായിരിക്കെ 40 ടണ്ണുമായി വാഹനങ്ങൾ പോകുന്നു. അമിതഭാരം കയറ്റിയോടിക്കുന്നത് വിദേശങ്ങളിൽ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇവിടെയോ നിസാരമായ പിഴയിൽ കുറ്റം ഒതുക്കിത്തീർക്കുന്നു. തൂണുകളുടെ അടിത്തറയിൽനിന്നു വരെ മണലൂറ്റുന്നു; തീരത്ത് കയ്യേറ്റവും. കേരളത്തിലെ 400 പാലങ്ങൾക്ക് ഇരുവശങ്ങളിലും സംരക്ഷണ ഭിത്തിയില്ല.
കേരളത്തിലെ ഏറ്റവും പ്രധാന 10 പാലങ്ങൾ ഏതു നിമിഷവും നിലംപൊത്താമെന്ന് പൊതുമരാമത്ത് സുരക്ഷാ വിഭാഗംതന്നെ മുന്നറിയിപ്പു നൽകിട്ടുണ്ട്. 100 പാലങ്ങൾ ബലക്ഷയത്തിലുമാണ്. റാന്നിയിലും പന്തളത്തും പാലങ്ങൾ തകർന്നതുപോലെ ഇനിയും സംഭവിക്കാമെന്നു ചുരുക്കം.
വേണം, ഡബിൾ ഡെക്കർ റോഡുകൾ
റോഡിന്റെ സാന്ദ്രത 100 ചതുരശ്ര കിലോമീറ്ററിന് 626 കിലോമീറ്ററാണ്. ദേശീയ സാന്ദ്രത 142 കിലോമീറ്ററും. അതായത് ദേശീയ സാന്ദ്രതയുടെ നാല് ഇരട്ടിയിലധികമാണ് കേരളത്തിലേത്. റോഡിന്റെ കുറവല്ല റോഡിന്റെ ശോചനീയാവസ്ഥയാണ് കേരളം നേരിടുന്ന പ്രശ്നം.
പുതിയ പാത നിർമിക്കാനും നിലവിലുള്ളവ വികസിപ്പിക്കാനും സ്ഥലം ലഭിക്കാനില്ലെന്നതാണ് കേരളം നേരിടുന്ന പരിമിതി. ജനസംഖ്യയുടെ പെരുപ്പം, കെട്ടിടങ്ങളുടെ നിർമാണം, പ്ലോട്ടുവിലയിലുണ്ടായ കുതിപ്പ് തുടങ്ങി ഒട്ടേറെ പരിമിതികളാണ് കേരളം നേരിടുന്നത്.
വികസനത്തിന് സ്ഥലപരിമിതി ഏറെയുള്ള കേരളത്തിൽ ഡബിൾ ഡെക്കർ റോഡുകൾ വരേണ്ട കാലമായിരിക്കുന്നു. മൂവാറ്റുപുഴയിൽ സംസ്ഥാനത്തെ ആദ്യ ഡബിൾ ഡെക്കർ റോഡ് പരിഗണനയിലാണ്. വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് വരെ നിലവിലുള്ള റോഡിനു മുകളിൽ 100 കോടി ചെലവിൽ മറ്റൊരു റോഡ് നിർമിക്കുകയാണ് ലക്ഷ്യം. ഭൂമിവില തിട്ടപ്പെടുത്തി പണം നല്‍കാനെടുക്കുന്ന കാലതാമസവും ഭൂമിക്ക് പദ്ധതിയെക്കാൾ പണം കണ്ടെത്തേണ്ടി വരുന്നതും പരിഗണിക്കുന്പോൾ ഇത്തരം പദ്ധതിയാണ് ഭേദം.
പ്ലാസ്റ്റിക് മാലിന്യമല്ല
തദ്ദേശ സ്ഥാപനങ്ങൾ നവീകരിക്കുന്ന റോഡുകളിൽ 10 ശതമാനമെങ്കിലും പ്ലാസ്റ്റിക് ഉപയോഗിച്ച് ടാറിംഗ് നടത്തണമെന്നു സർക്കാർ നിർദേശമുണ്ട്. റോഡ് റബറൈസേഷനും ഏറെക്കാലമായി പദ്ധതിയിടുന്നു. 17 പഞ്ചായത്തുകളും കളമശേരി നഗരസഭയും പാലക്കാട് ബ്ലോക്ക് പഞ്ചായത്തും പ്ലാസ്റ്റിക് ടാറിംഗ് തുടങ്ങിയിട്ടുണ്ട്. ഇക്കൊല്ലം പൊതുമരാമത്ത് വകുപ്പ് 100 കിലോമീറ്ററിൽ പ്ലാസ്റ്റിക് ടാറിംഗ് നടത്തും.
സംസ്കരിച്ച് ഉപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ആണ് ചെറുതരികളാക്കി പ്രയോജനപ്പെടുത്തുന്നത്. ഒരു കിലോമീറ്ററിൽ 1700 കിലോ പ്ലാസ്റ്റിക് ഉപയോഗിക്കാം.
ടാറിംഗ് ബിറ്റുമിനിൽ എട്ടു ശതമാനം വരെ പ്ലാസ്റ്റിക് മിശ്രിതം ചേർക്കും. റോഡിന്റെ ഏറ്റവും അടിത്തട്ടിലുള്ള പാളിയിലാണു പ്ലാസ്റ്റിക് ടാറിംഗ് നടത്തുക. ഇതിനു മുകളിൽ ബിറ്റുമിൻ മക്കാഡവും ഉപരിതലത്തിൽ കോണ്‍ക്രീറ്റും ഉപയോഗിക്കും.
170 ഡിഗ്രിയിൽ ചൂടാക്കിയ മെറ്റലിലാണ് പ്ലാസ്റ്റിക് ചേർക്കുന്നത്. ഇന്ത്യൻ റോഡ് കോണ്‍ഗ്രസ് അംഗീകരിച്ച ഈ സാങ്കേതിക വിദ്യയിൽ റോഡിന്റെ ആയുസ് അഞ്ചിരട്ടി വർധിക്കും. സാധാരണ ടാർ ഉപയോഗിക്കുന്പോൾ നേർത്ത സുഷിരങ്ങളുണ്ടായി മഴവെള്ളം ഉൗർന്നിറങ്ങുന്നതിനാൽ വേഗം കുഴികൾ രൂപപ്പെടും. ഷ്രഡ്ഡഡ് പ്ലാസ്റ്റിക്ക് ഉപയോഗിച്ചാൽ പ്രശ്നം പരിഹരിക്കാം. അതായത് റബ്ബറൈസ് ചെയ്യുന്ന അതേ വിദ്യതന്നെ. സംസ്ഥാനത്ത് ഇതുവരെ എട്ടു ടണ്‍ പ്ലാസ്റ്റിക് റോഡുകളിൽ ഉപയോഗിച്ചുകഴിഞ്ഞു.1,600 ടണ്‍ പ്ലാസ്റ്റിക് ആയിരം കിലോമീറ്റർ റോഡിൽ ഉപയോഗിച്ച് മാതൃകയായിരിക്കുകയാണ് തമിഴ്നാട്. പ്ലാസ്റ്റിക്ക് ശേഖരിക്കുന്നതിന് സ്വയംസഹകരണ സംഘങ്ങളും അവിടെ നിലവിലുണ്ട്.
റബർ റോഡിലൊഴിച്ചാൽ
ഭാരത് പെട്രോളിയം കോർപറേഷന്റെ കൊച്ചി റിഫൈനറി 25 വർഷം മുൻപ് ബിറ്റുമിനിൽ ലാറ്റക്സ് ചേർത്താൽ ഈടും സുരക്ഷയും വർധിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. റിഫൈനറിയുടെ ഗവേഷണഫലം റബ്ബർബോർഡും ചെന്നൈയിലെ ഹൈവേ റിസർച്ച് സ്റ്റേഷനും ശരിവച്ചതിനെത്തുടർന്ന് 1999ൽ വാണിജ്യാടിസ്ഥാനത്തിൽ കൊച്ചിയിൽ റബറൈസ്ഡ് ബിറ്റുമിന്റെ ഉത്പാദനം തുടങ്ങി. സാധാരണ ബിറ്റുമിനിൽ മൂന്ന് ശതമാനം റബർ പാൽ ചേർത്താണ് റബ്ബർ മോഡിഫൈഡ് ബിറ്റുമിൻ തയ്യാറാക്കുന്നത്. കാലം ഏറെ പിന്നിട്ടിട്ടും സംസ്ഥാനത്ത് റബറൈസ്ഡ് റോഡുകളുടെ ആകെ ദൈർഘ്യം അഞ്ഞൂറു കിലോമീറ്ററിൽ താഴെമാത്രം. ഈ രംഗത്ത് തമിഴ് നാട് ഏറെ മുന്നേറിക്കഴിഞ്ഞു.
കൊച്ചി റിഫൈനറിക്ക് 65,000 ടണ്‍ റബർ ബിറ്റുമിൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റും 200 ടണ്‍ സ്റ്റോക്കുചെയ്യാവുന്ന ടാങ്കും വെറുതെ കിടക്കുകയാണ്. ചെലവ് അൽപം കൂടിയാലും ആയുസ് കൂടുതലും അപകട സാധ്യത കുറവുമാണെന്നതാണ് ഇത്തരം റോഡുകളുടെ നേട്ടം.
തുടരും...