കോള്‍ പടവുകളില്‍ മത്സ്യക്കൊയ്ത്ത്
Thursday, November 16, 2017 1:17 AM IST
തുലാമഴ പെയ്തൊഴിയും മുന്‍പേ കോൾ പടവുകളിൽ മത്സ്യക്കൊയ്ത്തു തുടങ്ങി. കോൾപാടങ്ങളിൽ നെൽകൃഷിക്കുള്ള സമയമായി. നവംബർ പകുതികഴിയുന്നതോടെ നിലം ഉഴാൻ തുടങ്ങും. അതിനു മുന്നോടിയായാണ് ഈ മത്സ്യവിളവെടുപ്പ്.
തൃശൂർ - ഇരിങ്ങാലക്കുട റൂട്ടിൽ കണിമംഗലം പാലം കഴിഞ്ഞാൽ ഇരുവശവും നോക്കെത്താദൂരംപോലെ പരന്നുകിടക്കുന്ന കോൾപാടമാണു "കിഴക്കൻ കോൾ-പോർ കോൾ' പാടം. വർഷകാലത്ത് ഇതിലൂടെ വാഹനങ്ങളിൽ കടന്നുപോകുന്നവർ ഇതു കായലാണോ, പുഴയാണോ എന്നു പോലും സംശയിക്കാറുണ്ട്. ഇവിടത്തെ മത്സ്യക്കൊയ്ത്തിന്റെ വിശേഷങ്ങളാണു പറഞ്ഞുവരുന്നത്.
വെള്ളമിറങ്ങി കൃഷിപ്പണി തുടങ്ങാറായതോടെ തകൃതിയായ മത്സ്യക്കൊയ്ത്താണ്. പരന്പരാഗത നാടൻ മത്സ്യങ്ങളായ പരല്‍, പള്ളത്തി, കൂരി, ആരല്‍, മുതാടി (പകലുറങ്ങി), കരിപ്പിടി, കോലാൻ, മുണ്ടോത്തി (വലിയതരം പരല്‍) എന്നിവയാണു ധാരാളമായി കിട്ടുന്നത്. എന്നാൽ വരാൽ (ബ്രാല്), മലിഞ്ഞീൻ, വാ
, കടു എന്നീ വിലകൂടുതൽ ലഭിക്കുന്ന മീനുകൾ വളരെ കുറച്ചുമാത്രമെ കിട്ടുന്നൂള്ളുവെന്നാണു ചിറ ലേലം ചെയ്ത കോയാത്ത് സുജിത്ത് എന്ന മത്സ്യ കർഷകൻ പറയുന്നത്. "എന്റെ ചേട്ടാ, എന്തോരം ബ്രാലും, വാളേം കിട്ടീര്ന്ന ചെറെയാന്നാ, മഞ്ഞ് വീണാൽ മലിഞ്ഞീനും നന്നായി കിട്ടേര്ന്നതാ. ഇപ്പോ, ഒന്നിനേം കാണാനില്ല. പിന്നെ വളർത്ത് മീൻ നന്നായി കിട്ട്ണ് ണ്ട്. കട്ല, സൈപ്രസ്, രോഹു, ഗ്രാസ്കാർപ്പ്, തിലോപ്പി. അതോണ്ട് പിടിച്ച്നിന്ന് പോവും. പണീട്ക്കണ കൂലി മുട്ടണ്ടെ, പിന്നെ ഞങ്ങക്ക് ഇത് ക്രേയ്സാ.' സുജിത്തും അനുജൻ കെ.ജി. ജിഷ്ണവും കത്തിക്കയറി. ഇവിടെ അപൂർവമായി കിട്ടിയ ഒരു ആറ്റു കൊഞ്ചിനെ മാലപോലെ കഴുത്തിലണിഞ്ഞ് സെൽഫി കാണിച്ചോണ്ട് ജിഷ്ണു പറഞ്ഞു. "ചേട്ടൻ നാളെ പുലർച്ചെ പോര്.. ഭാഗ്യണ്ട്ങ്ങെ ഒരു അടിപൊളി സാധനം കിട്ടും..'
ചിറയുടെ വശങ്ങളിലെ കരിങ്കൽകെട്ടിൽ മുറി ബീഡി വിലിച്ചിരിക്കുന്ന ജോസേട്ടൻ വന്നു, "അന്‍പതു കൊല്ലത്തിനു മേലെയായി ഞാനീപ്പണി തുടങ്ങീട്ട്, അപ്പന്റെ കൂടെ നടന്ന് പഠിച്ചതാ. ഈയാവേട്ടൻന്ന് കേട്ടീട്ട്ണ്ടാ.. ഇവട്ത്തെ മീൻ പിടിത്തത്തിലെ പുലിയായിരുന്നു അപ്പൻ. അന്നൊക്കെ വെയ്ലൊന്നു വീണാമതി ഈ ചെറേല് നീർ കുടിക്കാൻ പൊന്തണ ബ്രാല്നെ കണ്ടാ നമ്മ്ടെ കണ്ണ് തള്ളും. വലേടുത്തങ്ങ്ട് എറങ്ങി ഒറ്റവീശാ. ഒരുകിലോ, ഒന്നേകാൽ കിലോ വരെയുള്ള മുഴുത്ത ബ്രാല്നെ കിട്ടാറ്ണ്ട്. ഇപ്പൊ അങ്ങ്നത്തെ ഒരെണ്ണം കാണാൻ കൊത്യാവാ.. അറഞ്ഞല് ഗംഭീര ടേസ്റ്റാ.. വറ്ക്കാൻ. . മുന്നൂറ് ഗ്രാം വരെയുള്ളതിനെ കിട്ടീട്ട്ണ്ട്. ഇപ്പോ കണികാണാനില്ല. മുശു (മുഷി) അത് ഇല്ല്യാണ്ടായി... തൊണ്ണി വാളേം കരിമീനും വല്ലാണ്ട് കൊറഞ്ഞു. കല്ലാരലും ഇല്ല.' ജോസേട്ടൻ പഴംപുരാണം പറയാൻ തുടങ്ങിയതോടെ കേൾക്കാൻ ആളുകൂടി.
ശുദ്ധമായ നാടൻ മത്സ്യങ്ങളെ വാങ്ങാൻ രാവിലെ വൻ ജനത്തിരക്കാണിവിടെ. അതിരാവിലെ വീശിപ്പിടിച്ച മീനുകൾ ഏഴരയോടെ ചിറയിലെ താത്കാലിക ഷെഡിലെ തട്ടിൽ കൊണ്ടിടും. പരലാണ് ഏറ്റവും കൂടുതൽ. അടിപ്പരല്, ഉരുളൻപരല്, പൂവാലിപ്പരല് തുടങ്ങി മിക്ക ഇനം പരലുകളും കിട്ടുന്നുണ്ട്. മത്സ്യമാർക്കറ്റുകളെ അപേക്ഷിച്ച് വളരെ വിലക്കുറവാണ് ഇവിടെ. അതുകൊ ണ്ടുതന്നെ വാങ്ങാനെത്തുന്നവരും ധാരാളം. പരല്‍, കൂരി - 60 രൂപ, മുണ്ടോത്തി -150, കരിപ്പിടി - 120, കോലാൻ - 150 മുതൽ 180 വരെ (വലുപ്പം അനുസരിച്ച്), ആരല്‍ - 250, വാള- 200 മുതൽ 250 വരെ, ബ്രാല് - 400 മുതൽ 500 വരെ, തിലോപ്പി, രോഹു -150 രൂപ.
"ദേ .. ഇത് ഇപ്പങ്ങ്ട് കഴിയും. അടുത്തയാഴ്ച ട്രാക്ടർ കൊണ്ട്വന്ന് നെലം ഉഴും. നവംബർ അവസാനത്തോടെ നാട് (നടീൽ) അവസാനിക്കും. കഴിഞ്ഞ വർഷം ബിഹാറികളും ബംഗാളികളുമൊക്കെ ആയിരുന്നു. മെഷീനും പരീക്ഷിച്ചു. പക്ഷേ, ഇത്തവണ കൈ നാടാ(കൈകൊണ്ട് നടീൽ). നമ്മ്ടെ തൊഴിലുറപ്പ് പെണ്ണ്ങ്ങ്ള് സമ്മതിച്ചിട്ട്ണ്ട്.. അതാണ്ട് ഇത്തവണ കലക്കും.' കിഴക്കൻ കോൾ - പോർ കോൾ കർഷകസമിതി പ്രസിഡന്റ് മങ്കുഴി ശങ്കരേട്ടൻ പറഞ്ഞു.
സെബി മാളിയേക്കൽ