വളയിട്ട കൈകൾ വളയം പിടിച്ചപ്പോൾ
Monday, March 12, 2018 3:15 PM IST
സ്കൂട്ടറിൽ തുടങ്ങിയതാണ് വാഹനങ്ങളോടുള്ള വിജയകുമാരിയുടെ കന്പം. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അത് ഓട്ടോറിക്ഷയ്ക്കു വഴിമാറി. പിന്നീട് നാലുചക്ര വാഹനങ്ങളോടായി ആഗ്രഹം. കാറും ലോറിയും കടന്ന് പത്തുചക്രമുള്ള ടോറസ് വരെയെത്തിയപ്പോൾ വിജയകുമാരി ഉറപ്പിച്ചു, ഉപജീവനമാർഗം ഡ്രൈവിംഗ് തന്നെ. ഇതിനായി വിജയകുമാരി തെരഞ്ഞെടുത്തതാകട്ടെ ബസ് ഡ്രൈവറുടെ വേഷം. തിരുവനന്തപുരം നഗരത്തിൽ അഞ്ചു വർഷത്തിലേറെയായി സ്വകാര്യ ബസ് ഓടിച്ചു കുടുംബം പുലർത്തുകയാണ് തിരുവനന്തപുരം പുളിയറക്കോണം സ്വദേശിനി വിജയകുമാരിയെന്ന വീട്ടമ്മ. ഈ 47കാരിയുടെ വളയിട്ട കൈകളിലെ വളയം പിടിത്തം ഇന്ന് നഗരത്തിനും സുപരിചിതം.
സൂര്യനുദിക്കും മുൻപ്
പുലർച്ചെ അഞ്ചിന് വീട്ടിൽ നിന്നിറങ്ങുന്ന വിജയകുമാരി തിരികെ വീട്ടിലെത്തുന്നത് രാത്രി പത്തിന്. പുളിയറക്കോണത്തിനു സമീപമുള്ള പ്ലാക്കോട്ടുകോണത്തെ വീട്ടിൽ നിന്നും സ്കൂട്ടറിലാണ് ബസ് കിടക്കുന്ന ഉള്ളൂരിലേക്കു പുറപ്പെടുന്നത്. 18 കിലോമീറ്ററോളം ദൂരമുണ്ട്. ബസ് പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തു നിന്നും ഓടിച്ച് മെഡിക്കൽ കോളജ് സ്റ്റാൻഡിൽ എത്തുന്പോൾ സമയം 6.20. പിന്നെ മെഡിക്കൽ കോളജ്-പിഎംജി-തന്പാനൂർ-കിള്ളിപ്പാലം-വഴയില റൂട്ടിൽ 14 ട്രിപ്പുകൾ. രാവിലെ രണ്ടു ട്രിപ്പ് കഴിഞ്ഞ് എട്ടരയോടെ വലിയവിളയിൽ നിന്നുമാണ് പ്രഭാതഭക്ഷണം. പിന്നെ ഉച്ചകഴിഞ്ഞു രണ്ടരയോടെ ഉള്ളൂരിൽ നിന്നും ഉൗണുകഴിക്കും. അതിനുശേഷം ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങണമെങ്കിൽ രാത്രിയാകണം. രാവിലെ ആരംഭിക്കുന്ന ജോലി അവസാനിക്കുന്നത് രാത്രി ഒൻപതോടെ.
ആറാം വർഷത്തിലേക്ക്
ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഈ യാത്ര ആരംഭിച്ചിട്ട് അഞ്ചു വർഷം പിന്നിടുന്നു. വെറുതേ ഒരു രസത്തിനു തുടങ്ങിയതല്ല വിജയകുമാരി ഈ യാത്ര. പ്രാരാബ്ധങ്ങൾ വർധിച്ചപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഒരു ജോലി അത്യാവശ്യമായിരുന്നു. അത് അൽപം വെല്ലുവിളികൾ നിറഞ്ഞതാകണമെന്നു തീരുമാനിച്ചതു വിജയകുമാരി തന്നെയാണ്. അഞ്ചു വർഷം മുൻപാണ് വിജയകുമാരി നഗരത്തിൽ ഓടുന്ന ഒരു സ്വകാര്യ ബസിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുന്നത്. കിഴക്കേക്കോട്ട-പേരൂർക്കട-വഴയില റൂട്ടിലായിരുന്നു ആദ്യയാത്ര. പിന്നീട് കിഴക്കേക്കോട്ട നെട്ടയം റൂട്ടിലോടുന്ന വീകേ ബസിലെ ഡ്രൈവറായി. അതിനുശേഷമാണ് ഇപ്പോൾ ശ്രീദേവി എന്ന ബസിന്റെ സാരഥിയായത്.
ഇഷ്ടം തോന്നിയ ഡ്രൈവിംഗ്
2003-ൽ ആണ് വിജയകുമാരിക്ക് വാഹനങ്ങളോടുള്ള കന്പം ആരംഭിക്കുന്നത്. ജോലി ചെയ്തിരുന്ന വീട്ടിലെ ഒരു പെണ്കുട്ടി സ്കൂട്ടർ പഠിക്കാൻ പോയതാണ് വിജയകുമാരിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ആ കുടുംബത്തോടുള്ള സൗഹൃദം മൂലം പെണ്കുട്ടിക്കൊപ്പം പോയി സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനു വിജയകുമാരിക്കു സാധിച്ചു. അങ്ങനെയാണ് 2003-ൽ സ്കൂട്ടർ ലൈസൻസ് നേടിയത്. അതോടെ ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കണമെന്നായി ആഗ്രഹം. ഓട്ടോറിക്ഷയാണെങ്കിൽ പഠിച്ചാൽ ഗുണമുണ്ട്. ഒരു ഓട്ടോ വാടകയ്ക്കെടുത്ത് ഓടിയാലും കുടുംബ ചെലവിനുള്ള കാശ് കിട്ടും. എന്നാൽ ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ച് ലൈസൻസ് എടുത്തതോടെ വിജയകുമാരിയുടെ ആത്മവിശ്വാസം വർധിച്ചു. 2008ൽ ഓട്ടോറിക്ഷ ലൈസൻസ് ലഭിച്ചതിനെ തുടർന്നു 2009-ൽ നാലുചക്ര വാഹന ലൈസൻസും തുടർന്നു ടാക്സി ഓടിക്കുന്നതിനുള്ള ബാഡ്ജും നേടി. വീട്ടിൽ പറഞ്ഞാൽ സമ്മതിക്കില്ലെന്നറിയാം. അതിനാൽത്തന്നെ വീട്ടിൽ അറിയാതെയായിരുന്നു എല്ലാം. എന്നാൽ ഇതിനിടെ ഡ്രൈവിംഗ് പഠിക്കുന്നതു കണ്ട ഒരു പരിചയക്കാരൻ സംഭവം വീട്ടിൽ അറിയിച്ചു. ഭർത്താവിനും വീട്ടുകാർക്കുമൊന്നും ഇത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇഷ്ടം പോലെ ചീത്തയും പരിഹാസവും കിട്ടി. ഇതുവല്ലതും നിന്നെക്കൊണ്ടു സാധിക്കുമോ എന്നായിരുന്നു പരിഹാസം. എന്നാൽ ആഴ്ചകൾക്കുള്ളിൽ ഡ്രൈവിംഗ് ലൈസൻസുമായി എത്തിയതോടെ വീട്ടുകാർ അന്പരന്നു. ഇടയ്ക്കുവച്ച് ഒരു സർപ്രൈസും ഭർത്താവിനും വീട്ടുകാർക്കും വിജയകുമാരി നൽകി. ഹെവി ലൈസൻസ് നേടിയതിനുശേഷം ഒരു ലോറി ഓടിച്ചുകൊണ്ടാണ് വീട്ടിലെത്തിയത്. പിന്നീട് ഒരു വർഷത്തോളം ടാക്സി ഡ്രൈവറായി ജോലി നോക്കി.
കടന്നു വന്ന വഴികൾ
കഷ്ടപ്പാടും ദുരിതവും നിറഞ്ഞതായിരുന്നു വിജയകുമാരിയുടെ ബാല്യം. മരച്ചീനി വിൽപനക്കാരിയായിരുന്നു അമ്മ. അച്ഛനാകട്ടെ കൂലിപ്പണിക്കാരനും. എങ്കിലും വിജയകുമാരി പഠനത്തിൽ മിടുക്കിയായിരുന്നു. എന്നാൽ വീട്ടിലെ ബുദ്ധിമുട്ടുകൾമൂലം പഠനം തുടരുന്നതിനു സാധിച്ചില്ല. എട്ടാം ക്ലാസ് പഠനത്തിനുശേഷം ജോലികൾക്കായി ഇറങ്ങിത്തിരിച്ചു. തയ്യലായിരുന്നു അന്ന് ഉപജീവനത്തിനായി കണ്ടെത്തിയത്. ചെറുപ്പത്തിലെ കഷ്ടപ്പാടുകൾതന്നെയാണ് ജീവിതത്തിൽ മുന്നേറുന്നതിന് കരുത്തായതെന്നു വിജയകുമാരി പറയുന്നു. ഒരിടത്തും തോൽക്കാൻ വിജയകുമാരി തയ്യാറായിരുന്നില്ല.
ചുമലിലായ ഉത്തരവാദിത്വം
മേസ്തിരിപ്പണിക്കാരനായിരുന്ന ഭർത്താവ് സുകുമാരൻ അഞ്ചു വർഷം മുൻപു രോഗബാധിതനായതിനെതുടർന്നാണ് വിജയകുമാരിയുടെ ചുമലിൽ ഉത്തരവാദിത്വങ്ങൾ വർധിച്ചത്. അതോടെയാണ് തയ്യൽ ജോലി വിട്ട് കുറച്ചുകൂടി വരുമാനമുള്ള ജോലി ചെയ്യുന്നതിന് പ്രേരണയായത്. ഇപ്പോൾ യാതൊരു ജോലിക്കും പോകാൻ ഭർത്താവിനു സാധിക്കുന്നില്ല. എങ്കിലും ഇന്ന് വിജയകുമാരിക്ക് എല്ലാ പ്രോത്സാഹനവുമായി സുകുമാരൻ ഒപ്പമുണ്ട്. ഭാര്യ എല്ലാ വാഹനങ്ങളും ഓടിക്കുമെങ്കിലും ഭർത്താവിനു സൈക്കിൾ പോലും ഓടിക്കാനറിയില്ല. രാത്രി ഭാര്യ ജോലി ചെയ്തു കഷ്ടപ്പെട്ടുവരുന്പോൾ വീട്ടിൽ ചോറും കറിയുമെല്ലാം ഉണ്ടാക്കി സുകുമാരൻ കാത്തിരിക്കും. ഇത്തരമൊരു ഭർത്താവിനെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നു വിജയകുമാരി പറയുന്നു. ഒരു മകനും മകളുമാണ് വിജയകുമാരിക്ക്. മകൾ സജിതയെ ചേർത്തലയിൽ വിവാഹം കഴിച്ചയച്ചു. മകൻ സാബുവിന് ഒരു സ്ഥിരവരുമാനമായിട്ടില്ല.
സ്വന്തമായി അഞ്ചു സെന്റ് സ്ഥലം മാത്രമാണു വിജയകുമാരിക്കുള്ളത്. വീടു വയ്ക്കുന്നതിനായി പഞ്ചായത്തിൽ അപേക്ഷ വച്ചിട്ടു ലഭിച്ചില്ല. പിന്നീട് സഹകരണ സംഘത്തിൽ നിന്നും വായ്പയെടുത്തു വീട് പണി ആരംഭിച്ചു. പ്രതിമാസം 15,000 രൂപയാണ് തിരിച്ചടവ്. വായ്പയുടെ തിരിച്ചടവ് മുടങ്ങാതെ നൽകുന്നതു വിജയകുമാരി തന്നെ.
വനിതകൾ കടന്നുവരണം
ജിവിതത്തോടു പൊരുതി വിജയിച്ചു നിൽക്കുന്ന ഒരു സ്ത്രീയയെയാണ് വിജയകുമാരിയിൽ കാണാനാകുക. ഈ രംഗത്തേക്കു നിരവധി വനിതകൾ കടന്നു വരണമെന്നാണ് വിജയകുമാരിയുടെ ആഗ്രഹം. എന്നാൽ മാത്രമേ ആളുകളുടെ മനോഭാവത്തിൽ മാറ്റം വരൂ. വനിതാ ഡ്രൈവർമാർ കൂടുതലുണ്ടെങ്കിൽ ഈ ജോലി ചെയ്യുന്നതിന് കുറച്ചുകൂടി ധൈര്യം ലഭിക്കുമെന്നും വിജയകുമാരി പറയുന്നു. താൽക്കാലികമായെങ്കിലും കെഎസ്ആർടിസി ബസിൽ ഒരു ജോലി ലഭിക്കുകയാണ് വിജയകുമാരിയുടെ ഏറ്റവും വലിയ ആഗ്രഹം. അതിനായി പല വാതിലുകളിൽ മുട്ടിയെങ്കിലും ഒന്നും നടന്നില്ല. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ റോഡിലൂടെ നിറുത്തിയും എടുത്തും സുരക്ഷിതമായി ബസ് ഓടിക്കുക അത്ര ചെറിയകാര്യമല്ല. അതിന് പ്രത്യേക കഴിവും ചങ്കൂറ്റവും തന്നെ വേണം. അപകടമൊന്നുമുണ്ടാക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ സാധിക്കുന്നതു ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്നു വിജയകുമാരി പറയുന്നു. ഒരു ഉറുന്പിനു പോലും അപകടം വരുത്തരുതേ എന്ന പ്രാർഥനയോടെയാണ് ഓരോ ദിവസവും ഡ്രൈവിഗ് സീറ്റിലേക്കു കയറുന്നത്-വിജയകുമാരിയുടെ വാക്കുകൾ.
(അവസാനിച്ചു)
റിച്ചാർഡ് ജോസഫ്