ഏബ്രഹാം ലിങ്കണ് - ജനങ്ങളുടെ പ്രസിഡന്റ്
Thursday, April 19, 2018 2:19 PM IST
ജാതി,മത,വർഗ,വർണ ഭേദങ്ങൾക്കപ്പുറത്ത് മനുഷ്യനെ മനുഷ്യനായി സ്നേഹിച്ച
മനുഷ്യ സ്നേഹിയായ എബ്രാഹം ലിങ്കൺ ലോകത്തോട് വിട പറഞ്ഞിട്ട് 157 വർഷം.
ജനാധിപത്യത്തിന് ജനങ്ങൾ തന്നെ ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ ഭരിക്കപ്പെടുന്ന രീതി എന്ന നിർവചനം നൽകിയ ഏബ്രഹാം ലിങ്കണ് മരിച്ചിട്ട് ഒന്നര ശതാബ്ദം. അമേരിക്കയിലെ കറുത്തവർഗക്കാരയ അടിമകൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് അമേരിക്കയെ ശരിക്കുമൊരു ജനാധിപത്യ രാജ്യമാക്കി മാറ്റി ഈ മനുഷ്യസ്നേഹി. ഒടുവിൽ ഒരു വെള്ളക്കാരന്റെ തോക്കിനുമുന്പിൽ തന്റെ ജീവൻ സമർപ്പിക്കേണ്ടിവന്ന ആ രാഷ്ട്രതന്ത്രജ്ഞന്റെ ജീവിതം ലോകമെന്പാടുമുള്ളവർക്ക് ഒരു മാതൃകയാണ്.
1809 ഫെബ്രുവരി 12-ാം ന് അമേരിക്കയിലെ കെന്റക്കിയിലായിരുന്നു എബ്രാഹം ലിങ്കന്റെ ജനനം. ആദ്യം അമ്മയും പിന്നീട് രണ്ടാനമ്മയും അദ്ദേഹത്തിന് അറിവിന്റെ പാഠങ്ങൾ പകർന്നു നൽകി. വളരെ ചെറുപ്പത്തിൽത്തന്നെ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത ലിങ്കൺ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായിരുന്നു. സാഹചര്യങ്ങളോടെല്ലാം പടവെട്ടി 21-ാം വയസിൽ അദ്ദേഹം വക്കീലായി പ്രാക്ടീസ് ആരംഭിച്ചു.ആയിടയ്ക്ക് ന്യൂഓർലിയൻസിൽ സന്ദർശനം നടത്തിയ അദ്ദേഹം ഒരു അടിമച്ചന്ത കാണുവാനിടയായി. ആ കാഴ്ച അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു.“ എനിക്ക് എന്നെങ്കിലും അവസരം കിട്ടിയാൽ ഈ പരിപാടി ഒന്നോടെ നിർത്തും” എന്ന് അദ്ദേഹം അടുത്ത സുഹൃത്തിനോട് പറയുകയുണ്ടായി.
മിതഭാഷിയും ബുദ്ധിമാനും നിയമത്തിൽ അഗാധ പാണ്ഡിത്യവുമുള്ളയാളുമായിരുന്ന ലിങ്കൺ വളരെപ്പെട്ടന്ന് പ്രശസ്തനായ ഒരു അഭിഭാഷകനായി മാറി.1834 ൽ ഇല്ലിനോയിസ് നിയമസഭയിൽ അംഗമായി. 1840 ൽ മേരി റ്റോഡ് എന്ന സ്ത്രീയെ വിവാഹം ചെയ്തു. ഉയർന്ന കുടുംബത്തിൽപ്പെട്ട മേരിയുടെ ഭർത്താവായതോടെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള നിരവധിയാളുകളെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനുമൊക്കെ ലിങ്കണായി. പിന്നീടുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിന് ഇത് അദ്ദേഹത്തെ ഏറെ സഹായിച്ചു.
1860ൽ ലിങ്കൺ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി. പ്രചാരണങ്ങളുടെ ആദ്യഘട്ടത്തിൽ പ്രതിയോഗിയെക്കാൾ ഏറെ പിന്നിൽനിന്നിരുന്ന ലിങ്കൺ തന്റെ അവസാന പ്രചാരണ യോഗത്തിൽ നടത്തിയ ഐതിഹാസിക പ്രസംഗത്തിലൂടെ അമേരിക്കൻ ജനതയുടെ മനസ് കീഴടക്കി.അങ്ങനെ അമേരിക്കൻ ഐക്യനാടുകളുടെ 16-ാം മത്തെ പ്രസിഡന്റായി ആ വർഷം നവംബറിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ബൈബിൾ കയ്യിൽ വച്ചുകൊണ്ട് ചീഫ് ജസ്റ്റീസിനു മുന്പാകെ നടത്തിയ സത്യപ്രതിജ്ഞയിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ ഐക്യനാടുകളുടെ ഭരണാധ്യക്ഷൻ എന്ന അധികാരം സത്യത്തിൽ നിന്നും വ്യതിചലിക്കാതെയും ദൃഢനിശ്ചയത്തോടും കൂടി വഹിച്ചു കൊള്ളാമെന്നും ഭരണഘടനയെ യഥോചിതം സംരക്ഷിക്കുവാൻ എന്റെ സകല കഴിവുകളും വിനിയോഗിച്ചു കൊള്ളാമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.”.
അധികാരത്തിലെത്തിയ ലിങ്കണെ കാത്തിരുന്നത് നിരവധി ആഭ്യന്തരയുദ്ധങ്ങളായിരുന്നു. രാജ്യത്ത് നിലനിൽക്കുന്ന അടിമസന്പ്രദായം നിർത്തലാക്കാൻ ലിങ്കൺ തീരുമാനിച്ചതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. എന്നാൽ തോറ്റുകൊടുക്കാൻ ലിങ്കൺ തയാറായിരുന്നില്ല.
ഒരു ഭരണാധികാരി എന്ന നിലയിൽ ലിങ്കന്റെ കഴിവുകൾ ലോകം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.ഫെഡറൽ സൈന്യം തോൽവിയുടെ വക്കത്തെത്തിയെങ്കിലും ലിങ്കന്റെ ബിദ്ധികൂർമ്മതയും പ്രായോഗികതയിലും പതിയെ ജയിച്ചു മുന്നേറി. ഒടുവിൽ ശത്രുസൈന്യം മുന്നേറി പെൻസിൽവേനിയ വരെയെത്തി. അവിടെ നടന്ന അവസാനത്തെ ഘോരയുദ്ധത്തിൽ ഐക്യനാടുകളുടെ സൈന്യത്തിന് അവർ കീഴടങ്ങി.
യുദ്ധശേഷം താമസിയാതെ എല്ലാ അടിമകൾക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ട് അടിമക്കച്ചവടം സന്പൂർണമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പു വച്ചു. ഞാൻ ഒരു അടിമയായിരിക്കില്ല. അതുകൊണ്ട് ഒരു യജമാനനും ആയിരിക്കില്ല.’’എന്നു പ്രഖ്യാപിച്ചു കൊണ്ട് തന്റെ ജീവിതാഭിലാഷം അദ്ദേഹം നിറവേറ്റി.
തെക്കൻ സംസ്ഥാനങ്ങളിൽ ചിലത് ഇനിയും അടിമവ്യാപാര നിരോധനത്തോടു പുറം തിരിഞ്ഞിരുന്നതിനാൽ ചിലരിൽ നിന്നും അദ്ദേഹത്തിന് ജീവനു ഭീഷണിവരെ നേരിടേണ്ടിയിരുന്നു. 1864 ഏപ്രിൽ 14-ാം തീയതി തലസ്ഥാനമായ വാഷിംഗ്ടണിൽ ഒരു നാടകശാലയിൽ നാടകം കണ്ടു കൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ ക്യാബിനിൽ ജോണ്വിൽകിസ് ബൂത്ത് എന്ന അടിമത്വവാദി ഒരു നടന്റെ വേഷത്തിൽ നുഴഞ്ഞുകയറി അദ്ദേഹത്തിന്റെ തലക്ക് പിന്നിൽ നിന്ന് നിറയൊഴിച്ചു.
അമേരിക്കയിൽ അടിമത്വം അവസാനപ്പിച്ച അമേരിക്കൻ പ്രസിഡന്റ് എബ്രാഹം ലിങ്കൺ വിടവാങ്ങിയിട്ട് ഒന്നര നൂറ്റാണ്ടുകൾ കഴിഞ്ഞു.ഇന്നും അദ്ദേഹം ഉയർത്തിയ ആശയങ്ങൾ പ്രസക്തമായി നിലനിൽക്കുന്നു.